മഹാപ്രളയത്തിന്റെ അഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ സ്മൃതിജ്യോതി തെളിക്കുന്നു.
മുണ്ടക്കയം: 2021 ഒക്ടോബർ 16നുണ്ടായ മഹാദുരന്തത്തിന് അഞ്ചാണ്ട് തികയുമ്പോൾ കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മൃതിജ്യോതി തെളിച്ച് അനുസ്മരണം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ സ്മൃതിജ്യോതി തെളിച്ച് മരണപ്പെട്ടവരെ അനുസ്മരിച്ചു. ഫാ. സേവ്യർ മാമൂട്ടിൽ അനുഗ്രഹ സന്ദേശം നൽകി. പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കൻമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി 21 ജീവനുകളാണ് അന്നത്തെ പ്രളയ ദുരന്തത്തിൽ പൊലിഞ്ഞത്. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാർ, പൂവഞ്ചി എന്നിവിടങ്ങളിലാണ് വലിയ ഉരുൾപൊട്ടൽ ഉണ്ടായത്.
കാവാലിയിൽ ഒരു കുടുംബത്തിലെ ആറുപേരും പ്ലാപ്പള്ളിയിൽ നാലുപേരും പൂവഞ്ചിയിൽ ഏഴുപേരും മരണത്തിന് കീഴടങ്ങി. ഇരുനൂറിലധികം വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. മഹാ ദുരന്തത്തിന്റെ അഞ്ചാണ്ട് പിന്നിടുമ്പോൾ കണ്ണീർ ഓർമയിലാണ് നാട്.
Tags : NattuVishesham.DistricteNews