ഇടക്കുന്നം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനം റവന്യു മന്ത്രി എ.പി. അനില്കുമാര് നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: പുതിയ സര്ക്കാര് വന്നതിനുശേഷം 100 ദിവസം കൊണ്ട് 11,000 പട്ടയം കൊടുക്കാന് സാധിച്ചുവെന്ന് റവന്യു മന്ത്രി എ.പി. അനില്കുമാര്. ഇടക്കുന്നം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിതരം മാറ്റല് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം അപേക്ഷകളില് 51,000 തീര്ക്കാന് കഴിഞ്ഞു. ജനങ്ങളുടെ അപേക്ഷകള് നാലോ അഞ്ചോ വര്ഷം കെട്ടിക്കിടക്കുന്നത് അംഗീകരിക്കാനാവില്ല. പൂഞ്ഞാറിലെ പട്ടയം, ഭൂമി തരം മാറ്റല് വിഷയത്തില് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്ക്കാന് സാധിക്കും. അത്തരകാര്യങ്ങളില് വളരെപ്പെട്ടന്ന് തീര്പ്പാക്കുന്നതിന് ശ്രമങ്ങളുണ്ടാവും.
വന്യമൃഗശല്യത്തില് സര്ക്കാരിന്റെ പരിമിതിക്കുള്ളില്നിന്ന് പരമാവധി കാര്യങ്ങള് ചെയ്യും. സാമ്പത്തീക ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടെങ്കിലും ഇതൊന്നും ജനങ്ങളെ അറിയിക്കാതെ കൊണ്ടു പോകുകയാണ് സര്ക്കാര്. കേരളത്തില് പ്രയാസപ്പെടുന്ന ആളുകള്ക്കൊപ്പം ഈ സര്ക്കാര് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.ജെ. സെബാസ്റ്റ്യന് എംഎല്എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. റോണി കെ. ബേബി എംഎല്എ, ജില്ലാ കളക്ടര് ചേതന്കുമാര് മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ജീരാജ്, ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്ഗീസ്, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, അഡീഷണല് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സോളി ആന്റണി, ആര്ഡിഒ നിജു കുര്യന്, തഹസീല്ദാര് പി.എസ്. സുനില്കുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
റവന്യു വകുപ്പില്നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്മിക്കുന്നത്. സ്ഥലപരിമിതിയുള്ളതിനാല് ഇരുനിലക്കെട്ടിടം നിര്മിക്കാനാണ് പദ്ധതി. ജില്ലാ നിര്മിതികേന്ദ്രത്തിനാണ് കെട്ടിടത്തിന്റെ നിര്മാണച്ചുമതല.
Tags : NattuVishesham.DistricteNews