മലയിടംതുരുത്തിലെ വീടുകളുടെ ശിലാസ്ഥാപനം
കൊച്ചി: മലയിടംതുരുത്തിലെ ഏഴു കുടുംബങ്ങള്‍ക്ക് ഇനി പുതിയ വീട്. മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയിലെ പതിറ്റാണ്ടുകളായി നീണ്ടു നിന്ന ഭൂമിതര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ഏഴു കുടുംബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മന്ത്രി റോജി എം. ജോണിന്‍റെ നേതൃത്വത്തില്‍ നടന്നു. ബെന്നി ബെഹനാന്‍ എംപിയും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്‌പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും അഞ്ചു സെന്‍റ് വീതം ഭൂമിയും വീടുകളിലേക്കുള്ള വഴിക്കായി മൂന്നു സെന്‍റ് സ്ഥലവും അനുവദിക്കാനാണ് ധാരണയായത്. ആയിരം ചതുരശ്ര അടിയില്‍ കുറയാത്ത വീടുകളാണ് നിര്‍മിക്കുക.
വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പരിയത്തുകാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ വെല്ലുവിളികളില്‍ ഒന്നിനാണ് ഒടുവില്‍ പരിഹാരമാകുന്നത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന്‍ എന്നയാള്‍ തന്‍റെ ഭൂമി കയ്യേറിയെന്നാരോപിച്ച് കണ്ണോത്ത് ശങ്കരന്‍ നായര്‍ 58 വര്‍ഷം മുമ്പ് നല്‍കിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ഒഴിപ്പിക്കല്‍ ഭീഷണി. മുന്‍സിഫ് കോടതി ശങ്കരന്‍ നായര്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴും വിധി ശങ്കരന്‍ നായര്‍ക്ക് അനുകൂലമായിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2023 സെപ്റ്റംബര്‍ ഏഴിനാണ് അഭിഭാഷക കമ്മിഷന്‍ ജയപാലിന്‍റെ നേതൃത്വത്തില്‍ ഭൂമി അളന്നു തിരിക്കാന്‍ പര്യത്ത്കാവിലെത്തുന്നത്. എന്നാല്‍ ഉന്നതി നിവാസികളുടെ ശക്തമായ പ്രതിഷേധത്തിനു മുന്നില്‍ കമ്മീഷന് അന്ന് പിന്തിരിയേണ്ടി വന്നു. പിന്നീട് 14 തവണ കമ്മീഷന്‍ സ്ഥലത്തെത്തിയെങ്കിലും കുടിയൊഴിപ്പിക്കല്‍ നടന്നില്ല.
മാര്‍ച്ച് നാലിന് ശക്തമായ നടപടിക്ക് കോടതി നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് പിന്‍വാങ്ങിയതോടെ നടപടികള്‍ മേയ് 20ലേക്ക് നീണ്ടു. മേയ് 20ന് കമ്മിഷന്‍ വീണ്ടും സ്ഥലത്തെത്തിയതോടെ പര്യത്ത്കാവ് സംഘര്‍ഷഭരിതമായി.
ക്രമസമാധാന നില തകരുമെന്ന ഘട്ടത്തിലാണ് കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി തര്‍ക്കം മന്ത്രി റോജി എം ജോണിന്‍റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ ഭൂവുടമയുമായും താമസക്കാരുമായും നടത്തിയ ചര്‍ച്ചകളിലൂടെയാണ് പരിഹരിച്ചത്.
Tags : Malayidamthuruthu Families House