വിദ്യാ ബാലകൃഷ്ണൻ
കോഴിക്കോട്: പണം നൽകിയാൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് പറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന സൈബർ സെൽ പോലീസ് സംഘം പ്രതികളിലേക്ക് എത്തുന്നതിനായി ഡൽഹിയിലേക്ക് തിരിക്കും.
തട്ടിപ്പിനായി ഉപയോഗിച്ച സിം കാർഡ് ഉടമയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രഫഷണൽ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം ആറിനാണ് എംഎൽഎയ്ക്ക് ദുരൂഹമായ വാട്സ്ആപ്പ് കോൾ ലഭിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും, മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിളിച്ചയാളുടെ വാഗ്ദാനം. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ സംസാരിച്ചത്. കേരളത്തിലെ ഒരു എംപിയാണ് വിദ്യ ബാലകൃഷ്ണന്റെ ഫോൺ നമ്പർ നൽകിയതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
തട്ടിപ്പ് മണത്തറിഞ്ഞ എംഎൽഎ പണം നൽകാൻ തയാറാണെന്ന രീതിയിൽ അഭിനയിച്ച് തട്ടിപ്പുകാരെ കെണിയിലാക്കുകയായിരുന്നു. തുടർന്ന്, തന്റെ നമ്പർ നൽകിയെന്ന് തട്ടിപ്പുകാരൻ അവകാശപ്പെട്ട കേരളത്തിലെ എംപിയെ വിദ്യ ബാലകൃഷ്ണൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പർ കൈമാറിയിരുന്നുവെന്നും ഈ എംപി സ്ഥിരീകരിച്ചു.
ഇതോടെ സംശയം ബലപ്പെട്ട ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് അത്തരം കോളുകളൊന്നും പോയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഈ മാസം 11-ന് എംഎൽഎ ഔദ്യോഗികമായി സൈബർ സെല്ലിനെ സമീപിച്ചത്.
ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉറവിടം ഡൽഹിയിലാണെന്ന് സൈബർ പോലീസ് കണ്ടെത്തിയത്. പ്രതികളെ ഉടൻ തന്നെ വലയിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Tags : Cabinet post scam SIM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash