പ്രതീകാത്മക ചിത്രം
പരവൂര്‍: രാജ്യത്തുടനീളം കനത്ത നഷ്ടമുണ്ടാക്കുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). നിലവിലുള്ള ഇന്ത്യന്‍ നിയമപ്രകാരം ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനത്തിന് നിയമസാധുതയില്ലെന്ന് സിബിഐ ആവര്‍ത്തിച്ചു വ്യക്തമാക്കി.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ആളുകളെ വീഡിയോ കോളുകള്‍ വഴി ചോദ്യം ചെയ്യാനോ, പണം ആവശ്യപ്പെടാനോ ശ്രമിച്ചാല്‍ തട്ടിപ്പാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഏജന്‍സി പൗരന്മാരോട് നിര്‍ദേശിച്ചു.
ഇത്തരം സര്‍ക്കാര്‍ ആള്‍മാറാട്ട തട്ടിപ്പുകള്‍ തടയുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക നോട്ടീസുകളുടെ ആധികാരികത തത്സമയം പരിശോധിക്കുന്നതിനുമായി അഭയ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഹെല്പ്പ്ബോട്ട് സിബിഐ പുറത്തിറക്കി. സിബിഐയില്‍ നിന്നെന്ന വ്യാജേന സന്ദേശങ്ങളോ സമന്‍സുകളോ ലഭിക്കുന്ന പൗരന്മാര്ക്ക് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കാം. ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ പരിശോധിച്ച ശേഷം സംശയാസ്പദമായ നോട്ടീസിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്താല്‍ അത് യഥാര്‍ഥമാണോ വ്യാജമാണോ എന്ന് ഈ ഹെല്പ്പ്ബോട്ട് വേഗത്തില്‍ തിരിച്ചറിഞ്ഞു നല്‍കും.
വ്യാജ സമന്‍സുകളെ എങ്ങനെ തിരിച്ചറിയാമെന്നത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങളോ ഫോണ്‍ കോളുകളോ സാമ്പത്തിക ഓഫറുകളോ ലഭിക്കുകയാണെങ്കില്‍ ഒട്ടും വൈകാതെ നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930-ലോ അല്ലെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴിയോ അടുത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനിലോ പരാതി നല്കാന് സിബിഐ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Tags : DigitalArrest CBI Abhay Helpbot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash