സുപ്രീംകോടതി
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎംഎസ്) സംവിധാനത്തിലെ പാകപ്പിഴവിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഡിജിറ്റൽ മൂല്യനിർണയ രീതി കാരണം വിദ്യാർഥികൾ അനുഭവിക്കുന്ന നിരാശയും മാനസിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്. ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയിൽ വ്യവസ്ഥാപിതമായ ചില വീഴ്ചകൾ കടന്നുകൂടിയിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ മൂല്യനിർണയത്തിന് കൃത്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാരിനും സിബിഎസ്ഇക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
വിഷയം പരിഹരിക്കുന്നതിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം സുപ്രീംകോടതി തേടി. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ഒരു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
വ്യക്തിഗതമായി മാർക്കുകളിൽ വന്ന പിഴവുകൾ ഇതിനകംതന്നെ പരിഹരിച്ചിട്ടുണ്ടെന്നും എന്നാൽ, ഡിജിറ്റൽ മൂല്യനിർണയത്തിൽ വ്യാപകമായുണ്ടായ പോരായ്മകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ മൂല്യനിർണയ സംവിധാനം പുനഃപരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനുമായി ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച ഹർജിയിൽ വാദം കേൾക്കുമ്പോൾ വിഷയത്തിൽ സിബിഎസ്ഇ സ്വീകരിച്ചിരിക്കുന്ന തിരുത്തൽ നടപടികൾ വിശദമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Tags : CBSE SupremeCourt onscreen expresses concern