Leader Page
2026ൽ ആഗോള താപനില വ്യവസായവിപ്ലവ കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 1.4 ഡിഗ്രി സെൽഷസ് മുതൽ 1.5 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അടുത്തിടെ അവസാനിച്ച ലാ നിനയുടെ തണുപ്പിക്കൽ സ്വാധീനം ഉണ്ടായിരുന്നിട്ടും, 2026 ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കാം. ഇന്ത്യയിൽ 1981ലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2000 ആയപ്പോഴേക്കും ശരാശരി ദൈനംദിന പരമാവധി താപനില അര ഡിഗ്രി സെൽഷസും 2020 ആയപ്പോഴേക്കും ഒരു ഡിഗ്രി സെൽഷസും വർധിച്ചതായി അടുത്തയിടെ സയന്റിഫിക് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരി ദൈനംദിന പരമാവധി താപനില ക്രമാതീതമായി വർധിച്ചുവരുന്നതായും ഗവേഷകർ കണ്ടെത്തി. താപതരംഗ ദിനങ്ങളുടെ എണ്ണവും തീവ്രതയും കൂടി.1981-2000നും 2001-2020നും ഇടയിൽ തീവ്രമായ ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളുടെ വ്യാപ്തി ഏകദേശം 1.5 മടങ്ങ് വർധിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽമാസങ്ങളിൽ താപനില അസാധാരണമായി ഉയരുന്നത് കേരളത്തിലും പതിവായിട്ടുണ്ട്. പകൽ താപനിലയും രാത്രി താപനിലയും ഒരുപോലെ ഉയരുന്നു.
ചൂടും ഈർപ്പവും ചേരുന്നത് അപകടം
ചൂടു കൂടിയ അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുണ്ടായിരിക്കും. സാധാരണ ഉഷ്ണതരംഗങ്ങളേക്കാൾ അപകടകരമാണ് ഉയർന്ന ഈർപ്പവും അത്യുഷ്ണവും സംയോജിച്ച താപതരംഗങ്ങൾ. ചൂട് ഉയർന്നതല്ലെങ്കിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുണ്ടെങ്കിൽ യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന ചൂട് വളരെ കൂടുതലായിരിക്കും. അത്യുഷ്ണ സാഹചര്യങ്ങളെ കൂടുതൽ ആപത്കരമാക്കുന്നത് ഉയർന്ന അന്തരീക്ഷ ആർദ്രതയാണ്. സ്വാഭാവികമായി തണുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇത് ബാധിക്കും. വിയർപ്പ് പുറന്തള്ളാനാവാതെ ശരീരം അസ്വസ്ഥമാകും.
ഈർപ്പവും ചൂടും കൂടിയ കാലാവസ്ഥയിൽ കായികാധ്വാനം അപകടകരമാണ്. ‘വെറ്റ് ബൾബ്’ താപനിലയനുസരിച്ചാണ് ഇതിന്റെ തീവ്രത അളക്കുന്നത്. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വെറ്റ്-ബൾബ് താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈർപ്പമുള്ള ചൂട് തീരമേഖലയിൽ ക്രമാതീതമായി കൂടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ആർദ്രതയും ചൂടും കൂടിച്ചേർന്ന ഉഷ്ണ തരംഗങ്ങളുടെ ഭീഷണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിടുന്നത് കേരളത്തിന്റെ തീരദേശ ജില്ലകളാണെന്ന് റെഡിംഗ് യൂണിവേഴ്സിറ്റിയിലെ അക്ഷയ് ദിയോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നു.
ഉപജീവനം തകരും, കൃഷി പ്രതിസന്ധിയിലാകും
കൊടുംചൂട് ആഗോളതലത്തിൽ നൂറു കോടിയിലധികം ആളുകളുടെ ഉപജീവനമാർഗത്തിനും ആരോഗ്യത്തിനും തൊഴിൽ ഉത്പാദനക്ഷമതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടനയും (എഫ്എഒ) ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യുഎംഒ) ചേർന്ന് ഈ വർഷത്തെ ലോക ഭൗമദിനത്തിൽ പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോർട്ടിൽ പറയുന്നു. കൊടുംചൂടിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കർഷകരും കർഷകത്തൊഴിലാളികളും കാർഷിക- ഭക്ഷ്യോത്പാദന സംവിധാനങ്ങളുമാണ്. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണമേഖലാ സബ്-സഹാറൻ ആഫ്രിക്ക, മധ്യ-ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പുറംജോലി ചെയ്യാൻ കഴിയാത്തവിധം അതികഠിനമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണം പ്രതിവർഷം 250 ആയി ഉയർന്നേക്കാം. താപനിലയിൽ 20 ഡിഗ്രി സെൽഷസിൽനിന്നു മുകളിലേക്ക് ഓരോ ഡിഗ്രി ഉയരുമ്പോഴും തൊഴിൽ ഉത്പാദനക്ഷമത രണ്ട്-മൂന്നു ശതമാനം കുറയുന്നുവെന്ന് എഫ്എഒ-ഡബ്ല്യുഎംഒ റിപ്പോർട്ട് പറയുന്നു.
30 ഡിഗ്രി സെൽഷസിനു മുകളിലുള്ള താപനിലയിൽ പ്രധാനപ്പെട്ട കാർഷികവിളകളുടെ വിളവ് കുറയാൻ തുടങ്ങും. ഉരുളക്കിഴങ്ങ്, ബാർലി തുടങ്ങിയ ചില വിളകൾക്ക് ഇതു പോലും താങ്ങാനാവില്ല. കൊടുംചൂട് വളർത്തുമൃഗങ്ങളെയും പ്രതിസന്ധിയിലാക്കും. ഉയർന്ന താപനില വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കും. ഉയർന്ന ശ്വസനനിരക്ക് നിലനിർത്താൻ മത്സ്യങ്ങൾ പാടുപെടുന്നതിനാൽ അവയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്യുഷ്ണം വിളവ് മാത്രമല്ല, ധാന്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവിളകളുടെ പോഷകമേന്മയും കുറയ്ക്കും.
അത്യുഷ്ണം മനുഷ്യർക്കെന്നപോലെ ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും വൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ലെ ഉഷ്ണതരംഗത്തിൽ ഇന്ത്യയിൽ ഗോതമ്പ് ഉത്പാദനം ഒമ്പതു മുതൽ 34 ശതമാനം വരെ കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. മക്കച്ചോളത്തിന്റെ വളർച്ച മുരടിച്ചു, കീടങ്ങളുടെ ആക്രമണം കൂടി, വിളവ് 18 ശതമാനം വരെ കുറഞ്ഞു. പയർ വർഗവിളകളുടെ വളർച്ചയും മുരടിച്ചു. മിക്ക പച്ചക്കറി വിളകൾക്കും കൊടുംചൂട് താങ്ങാനാവില്ല. പഴവർഗ വിളകളുടെ കായ്പിടിത്തം കുറയും.
ഉത്പാദനം കുത്തനെ ഇടിയും. കീടങ്ങളുടെ ആക്രമണം കൂടും. വർധിച്ചുവരുന്ന ചൂടും ക്രമം തെറ്റിയ മഴയും നെൽകൃഷിയുടെ താളം തെറ്റിക്കും. പകൽ താപനില 33 ഡിഗ്രി സെൽഷസിൽ കൂടിയാൽ ഏലം കരിഞ്ഞുണങ്ങാൻ തുടങ്ങും. ഉഷ്ണതരംഗങ്ങൾ നാളികേരോത്പാദനം 25 ശതമാനം കണ്ട് കുറയ്ക്കും. മറ്റു തോട്ടവിളകളുടെ ഉത്പാദനവും കുറയും 2022ൽ ഉഷ്ണതരംഗം വീശിയ പ്രദേശങ്ങളിൽ പാൽ ഉത്പാദനം 15 ശതമാനം കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പറയുന്നു.
കരയിലേതുപോലെ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും വർധിച്ചുവരികയാണ്. ഇത് മത്സ്യങ്ങളുടെ എണ്ണത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ചൂട് കുറഞ്ഞ മേഖലകളിലേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യും. മത്സ്യലഭ്യത കുറയും. മിന്നൽ പ്രളയംപോലെ മിന്നൽ വരൾച്ചയും വ്യാപകമാകും. 1990കളിൽ ആഗോള ഭൂവിസ്തൃതിയുടെ 10 ശതമാനം ഭാഗത്തെയാണ് വരൾച്ച ബാധിച്ചിരുന്നതെങ്കിൽ 2025ൽ അത് 30 ശതമാനമായി ഉയർന്നു. കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിയുടെ വിസ്തുതി ഗണ്യമായി കുറയും.
(അവസാനിച്ചു)
Business
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ അയവ് കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണു വാരാന്ത്യം ആഗോള ഓഹരി നിക്ഷേപകർ രംഗം വിട്ടത്. യു എസ്- ഇറാൻ സംഘർഷം വൈകാതെ അവസാനിക്കുമെന്ന നിഗമനത്തിൽ രാജ്യാന്തര ഫണ്ടുകൾ നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ചു. സെൻസെക്സ് 943 പോയിന്റും നിഫ്റ്റി സൂചിക 303 പോയിന്റും കയറി. തുടർച്ചയായ രണ്ടാം വാരമാണ് ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിൽ വ്യാപാരം നടക്കുന്നത്.
ഹോർമുസിലെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യ ലക്ഷ്യമാക്കി ഏകദേശം പതിനാറു കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ ക്രൂഡ് ഓയിൽ വഹിച്ചുള്ള കപ്പലുകൾ കടലിടുക്ക് കടക്കുന്നത് ആഭ്യന്തര പെട്രോളിയം വിലക്കയറ്റം തടയാൻ ഉപകരിക്കും. വാരാന്ത്യം ക്രൂഡ് ഓയിൽ വിലയിൽ ദൃശ്യമായ തിരുത്തൽ ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കും താങ്ങാകും.
പത്ത് ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തയാറായത് മേഖലയിലെ പിരിമുറുക്കങ്ങൾക്ക് അയവ് വരുത്തി. അതേസമയം, മധ്യപൂർവേഷ്യയിലെ സംഭവവികാസങ്ങൾ ഓഹരി സൂചികയുടെ കുതിപ്പ് തടയുമെങ്കിലും ഇന്ത്യൻ വിപണി സാങ്കേതികമായി ബുള്ളിഷാണ്.
നിഫ്റ്റിയിലും സെൻസെക്സിലും വാങ്ങൽ താത്പര്യം
നിഫ്റ്റി സൂചിക മുൻ വാരത്തിലെ 24,050 പോയിന്റിൽനിന്നും തുടക്കത്തിൽ 23,572ലേക്ക് ഇടിഞ്ഞ ശേഷം, തിരിച്ചുവരവിൽ 24,397 വരെ മുന്നേറി. മുൻ വാരം സൂചിപ്പിച്ച 24,515ലെ പ്രതിരോധ മേഖലയ്ക്ക് അടുക്കാനായില്ല. വ്യാപാരാന്ത്യം നിഫ്റ്റി 24,303 പോയിന്റിലാണ്. ഈവാരം ആദ്യ താങ്ങ് 23,817ലാണ്. ഇതു നഷ്ടപ്പെട്ടാൽ സൂചിക 23,282ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് ശ്രമം നടത്താം. അതേസമയം, മധ്യപൂർവേഷ്യയിൽനിന്നും അനുകൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 24,642ലേക്കും തുടർന്ന് 24,932ലേക്കും ഉറ്റുനോക്കാം.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് 24,101ൽനിന്നും 23,625ലേക്ക് തിടുക്കത്തിൽ ഇടിഞ്ഞ അവസരത്തിൽ ഓപ്പറേറ്റർമാർ കവറിംഗിനു കാണിച്ച ഉത്സാഹത്തിൽ 24,368ലേക്ക് കയറി. ഇതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 193 ലക്ഷം കരാറുകളിൽ നിന്നും 172 ലക്ഷമായി കുറഞ്ഞു. വിപണിയുടെ അടിയൊഴുക്ക് കണക്കിലെടുത്താൽ 25,000ലേക്കും തുടർന്ന് 25,500നെയും ലക്ഷ്യമാക്കാം. തിരുത്തലിനു മുതിർന്നാൽ 23,600ൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് മുൻവാരത്തിലെ 77,550 പോയിന്റിൽനിന്നും വാരാരംഭത്തിൽ 75,925ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ അലയടിച്ച വാങ്ങൽ താത്പര്യം സൂചികയെ 78,678 പോയിന്റിലേക്ക് കൈപിടിച്ചുയർത്തി. വാരാന്ത്യ സെൻസെക്സ് 78,493ലാണ്. ഈ വാരം വിപണിക്ക് 79,472ൽ ആദ്യ പ്രതിരോധമുണ്ട്, അത് മറികടന്നാൽ 80,451 പോയിന്റ് ലക്ഷ്യമാക്കി നീങ്ങാം. സെൻസെക്സിന്റെ താങ്ങ് 76,719 പോയിന്റിലാണ്.
വിദേശ ഫണ്ടുകളുടെ തിരിച്ചുവരവ്
വിദേശ ഫണ്ടുകൾ നീണ്ട ഇടവേളയ്ക്കു ശേഷം തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. തൊട്ട് മുൻവാരത്തിൽ അവർ 672 കോടി രൂപയുടെ ഓഹരികൾ വാങ്ങിയശേഷം തിങ്കളാഴ്ച 1983.18 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ, പിന്നീട് വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചുമാറ്റി നിക്ഷേപകരായി; മൂന്ന് ദിവസങ്ങളിലായി അവർ 1731.71 രൂപയുടെ ഓഹരികൾ വാങ്ങി.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടക്കത്തിൽ 2432.30 കോടി രൂപ നിക്ഷേപിച്ചെങ്കിലും പിന്നിടുള്ള മൂന്ന് ദിവസങ്ങളിലായി അവർ വിറ്റഴിച്ചത് 8718.21 കോടി രൂപയുടെ ഓഹരികളാണ്. ഫോറെക്സ് മാർക്കറ്റിൽ രൂപ മികവിലാണ്. രൂപയുടെ മൂല്യം 93.04 ൽ നിന്നും 92.57ലേക്ക് നീങ്ങി.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിനു തളർച്ച. ബാരലിനു 94.30 ഡോളറിൽനിന്നുള്ള തിരുത്തലിൽ നിരക്ക് മുൻ വാരം സൂചിപ്പിച്ച 86.76 ഡോളറിലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 91.09 ഡോളറിലാണ്. വിപണി അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ നീങ്ങുന്നതിനാൽ എണ്ണ 100 ഡോളറിലെ പ്രതിരോധവും താങ്ങ് 80 ഡോളറിലുമാണ്.
ഹോർമുസ് വഴിയുള്ള കപ്പൽനീക്കത്തിനു പ്രത്യേക ഫീസ് നൽകി ഗതാഗതത്തിന് അനുമതി നൽക്കുമെന്ന സൂചന ഇറാനിൽനിന്നും പുറത്തുവന്നത് വിപണിയിലെ പിരിമുറുക്കത്തിന് അയവ് വരുത്തും. അതേസമയം, കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണമായി തടയുമെന്ന പ്രസ്താവന ഞായറാഴ്ച പുറത്ത് വന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കാം.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിനു 4746 ഡോളറിൽ നിന്നു 4885 വരെ ഉയർന്ന ശേഷം 4837 ഡോളറിലാണ്. 4919 ലെ പ്രതിരോധം സ്വർണം മറികടന്നാൽ മാത്രം കൂടുതൽ തിളങ്ങാനാകൂ. 4600 ഡോളറിലെ സപ്പോർട്ടുണ്ട്.
എംസിഎക്സിൽ സ്വർണവില പത്ത് ഗ്രാമിന് 1,54,610 രൂപയാണ്. ജൂൺ അവധി പ്രതിരോധ മേഖലയായ 1.55 - 1.57 ലക്ഷം രൂപയിൽ സമ്മർദത്തെ അഭിമുഖീകരിക്കാം. തിരുത്തലിനു ശ്രമിച്ചാൽ 1.50 - 1.47 ലക്ഷം രൂപയിൽ താങ്ങുണ്ട്.
National
ന്യൂഡൽഹി: പതിവുപോലെ സർവം നാടകീയത. നിയമസഭാ സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങളും മണിക്കൂറുകളും വൈകിയതോടെ ആകംക്ഷയും ആശങ്കയും ആശയക്കുഴപ്പവും മാത്രമല്ല, കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി. ഇന്നലെ രാത്രി വരെ അനിശ്ചിതത്വം തുടർന്നതോടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുപോലെ സങ്കടത്തിലും രോഷത്തിലുമായി.
കണ്ണൂരിൽ മത്സരിക്കുമെന്ന മുതിർന്ന നേതാവ് കെ. സുധാകരന്റെ ശാഠ്യത്തിനു വഴങ്ങിയാലും വഴങ്ങിയില്ലെങ്കിലും പ്രശ്നമെന്നതായിരുന്നു സ്ഥിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാമെന്നു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉറപ്പു നൽകിയിരുന്നുവെന്നും പാലിക്കണമെന്നുമാണു സുധാകരൻ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും കെപിസിസി മുൻ അധ്യക്ഷനുമായ സുധാകരനു പുറമെ യുഡിഎഫ് കണ്‍വീനറായ അടൂർ പ്രകാശിന്റെ നിലപാടും ഹൈക്കമാൻഡിനെ വെട്ടിലാക്കി. സുധാകരന് പ്രത്യേക ഇളവു നൽകിയാൽ തനിക്കും വേണമെന്നതായിരുന്നു പ്രകാശിന്റെ ശാഠ്യം.
► സ്ഥാനാർഥി പ്രഖ്യാപനം നീണ്ടത് സുധാകരന്റെ ഭീഷണിമൂലം
സ്ഥാനാർഥിത്വം നിഷേധിച്ചാൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സുധാകരന്റെ ഭീഷണിയാണു മുഖ്യമായും കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള വടക്കൻ ജില്ലകളിലെ സ്ഥാനാർഥികളെയും ബാധിക്കുമോയെന്ന ഭയപ്പാടിലാണു നേതൃത്വം. സുധാകരനും പ്രകാശും സിറ്റിംഗ് എംപിമാരും മുൻ മന്ത്രിമാരും മുതിർന്ന നേതാക്കളുമാണെന്നത് എഐസിസി നേതൃത്വത്തെ വല്ലാതെ കുഴപ്പിച്ചു. കണ്ണൂരിൽ സുധാകരന്റെയും കോന്നിയിൽ പ്രകാശിന്റെയും നോമിനികൾക്ക് സീറ്റു നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി വിസമ്മതിച്ചതും ഇരുവരെയും ക്ഷോഭിപ്പിച്ചു.
കോണ്‍ഗ്രസ് എടുത്ത 95 സീറ്റുകളിൽ 40 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഏറെ വൈകിയതു നേതാക്കളിൽ മാത്രമല്ല, വോട്ടർമാർക്കിടയിലും അതൃപ്തിക്കു കാരണമായി. 55 സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പടലപിണക്കങ്ങളും സ്ഥാനാർഥിത്വത്തിനുള്ള വടംവലികളും കോണ്‍ഗ്രസിനു പുതുമയുള്ളതല്ലെങ്കിലും, ഇത്തവണത്തെ കൈവിട്ട കളികൾ പാർട്ടിയെ നാണക്കേടിലും പ്രതിരോധത്തിലുമാക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു വീരവാദം മുഴക്കിയ നേതാക്കളും വെട്ടിലായി.
► എംപിമാരുടെ കാര്യത്തിൽ പാർട്ടിക്കു ക്ഷീണം
എംപിമാർ മത്സരിക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത എഐസിസി, കെപിസിസി നേതൃത്വങ്ങൾക്കും ഇക്കാര്യത്തിൽ പുനരാലോചന വേണ്ടിവന്നതു പാർട്ടിയുടെ നേതൃത്വത്തിനും ക്ഷീണമായി. അതിലേറെ, ആദ്യഘട്ടത്തിൽ ഒരു പേരിലേക്കെത്തിയ ചില മണ്ഡലങ്ങളിൽ പിന്നീട് അഴിച്ചുപണി നടത്തേണ്ടി വന്നതും പാർട്ടി ചട്ടക്കൂടിന്റെ ദൗർബല്യം തുറന്നുകാട്ടി. ചില മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ പൊതുതീരുമാനങ്ങളും മാനദണ്ഡങ്ങളും ജയസാധ്യതപോലും മറികടക്കേണ്ടി വന്നു.
ഏറ്റവും മുതിർന്ന നേതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും താത്പര്യങ്ങളും ഏറ്റുമുട്ടലുകളും മറ്റൊരു തലവേദനയായി.
ഇടുക്കിയിൽ ആദ്യവും പിന്നീടു പൂഞ്ഞാറിലും സീറ്റ് ലഭിച്ചുവെന്നു കരുതിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ഒരിടത്തും സീറ്റ് നൽകാനായില്ല. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു പദവി രാജിവയ്ക്കാനൊരുങ്ങിയ അലോഷ്യസിനെ പിന്നീടു പിന്തിരിപ്പിക്കാനായെന്നതു മാത്രമാണ് ആശ്വാസം. ഏറ്റുമാനൂർ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്ന മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ അവസാനം തഴയപ്പെട്ടതിൽ അദ്ദേഹവും അതൃപ്തി മറച്ചുവച്ചില്ല. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിൽ ഉറപ്പിച്ചതാണു വാഴയ്ക്കനെ തഴയാൻ കാരണം.
കാഞ്ഞിരപ്പള്ളിയിൽ ആദ്യം പരിഗണിച്ച സുരേഷിനു പകരം പ്രഫ. റോണി കെ. ബേബിയെയും പൂഞ്ഞാറിൽ അഡ്വ. സജിയെയും സ്ഥാനാർഥിയാക്കി. കോന്നിയിൽ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനെ തള്ളി സതീഷ് കൊച്ചുപറന്പിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കണ്ണൂരിൽ ടി.ഒ. മോഹനന് സീറ്റു നൽകിയതിലും കെ. സുധാകരൻ രോഷത്തിലാണ്.
ഇടുക്കിയിൽ റോയി കെ. പൗലോസിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനു തൊട്ടുപിന്നാലെ ജോയി വെട്ടിക്കുഴിക്കു വേണ്ടി പ്രബല വിഭാഗങ്ങൾ രംഗത്തെത്തിയതും തലവേദനയാണ്.
ജോയിക്കും അലോഷ്യസിനും ഒരുപോലെ സീറ്റു നിഷേധിക്കുന്നതു ജില്ലയിൽ തിരിച്ചടിയാകുമെന്ന ഭയം ഇനിയുള്ള ദിവസങ്ങളിൽ മറികടക്കാനാകുമെന്നാണു കണക്കുകൂട്ടൽ. പെരുന്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തള്ളാനെടുത്ത തീരുമാനം ഇന്നലെ വൈകുന്നേരവും തിരുത്തിയില്ല. മനോജ് മൂത്തേടനായിരുന്നു തുടക്കം മുതൽ മുൻതൂക്കം. ചടയമംഗലം സീറ്റിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖനെ സ്ഥാനാർഥിയാക്കുന്നതിനെ ഒരു വിഭാഗം എതിർത്തു.
Kerala
കൊച്ചി: ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപ്പിഴവുകൾ ആവര്‍ത്തിക്കുന്നതില്‍ പ്രോ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് പ്രതിഷേധിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 2021ല്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത ഉഷാ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക നിക്ഷേപിച്ച സംഭവം സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ചികിത്സാപ്പിഴവ് രോഗികളിലും സമൂഹത്തിലും ഭീതി ഉളവാക്കുമെന്ന് പ്രോ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ് ചെയര്മാന് സാബു ജോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്ക അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന യാതൊരു വ്യവസ്ഥയും നിയമത്തിലില്ല.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരം നൽകും. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളവും കർണാടകവും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് നിയമനിർമാണം നടത്തിയതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാപ്പി കർഷകരുടെ സംഘടനയായ കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
ആന, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയ വന്യജീവികൾ കർഷകരുടെ കാപ്പിത്തോട്ടങ്ങളെ ആക്രമിക്കുന്നത് ഈ മേഖലയിലുള്ളവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവി സംഘർഷം നിമിത്തം രാജ്യത്താകമാനം ലക്ഷക്കണക്കിന് കർഷകർ വിളനാശം നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണത്തെത്തുടർന്ന് കാർഷിക മേഖലയിൽ ഒരു സാന്പത്തികവർഷം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിന്റെ വ്യാപ്തി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച ചില നടപടികൾ അഭിനന്ദനാർഹമാണെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.