അൽ റീം റെസ്റ്റോറന്റ്
കൊച്ചി: കതൃക്കടവിലുള്ള 'അൽ റീം' റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്നു പേർക്കു ഷിഗെല്ല സ്ഥിരീകരിച്ചു. രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ടലിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.
പുണിത്തുറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ വീഴ്ചയെത്തുടർന്ന് ഈ ഹോട്ടൽ ഭക്ഷ്യസുരക്ഷാവകുപ്പ് നേരത്തെതന്നെ പൂട്ടിപ്പിച്ചിരുന്നു.
ഈ മാസം 10, 11 തീയതികളിൽ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 40 ഓളം ആളുകളാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആദ്യ രണ്ടു ദിവസങ്ങളിൽ 32 പേരും തൊട്ടടുത്ത ദിവസം എട്ടു പേരും ചികിത്സ തേടി.
ഇവരിൽ ആദ്യം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് മൂന്നു പേർക്കു ഷിഗെല്ല സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്നു പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിൽ വിശദമായ പരിശോധനകൾ തുടരുകയാണ്. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരാനുണ്ട്.
Tags : Kochi Al Reem hotel food poisoning Shigella Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash