തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഈ മാസം 20 മുതൽ ഓണം ബംപർ ടിക്കറ്റ് വിപണിയിൽ ലഭിക്കും.
ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്‍റിന് മൂന്ന് കോടി രൂപയാണ് ഏജൻസി സമ്മാനമായി ലഭിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.
ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, അഡീഷണൽ ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായി.
ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും കൂടാതെ 5,000 മുതൽ 500 രൂപവരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags : KeralaLottery OnamBumper VDSatheesan