തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
ചെന്നൈ: കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നിയോഗിച്ച സമിതിയെ തമിഴ്നാട് സർക്കാർ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
2025 ഏപ്രിലിൽ അന്നത്തെ സ്റ്റാലിൻ സർക്കാരാണ് ജസ്റ്റീസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയത്. കേന്ദ്ര സർക്കാരുമായുള്ള തമിഴ്നാടിന്റെ ഏറ്റുമുട്ടൽ ശക്തമായിരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ അധികാരവിന്യാസം, ഫെഡറൽ സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പഠിക്കുകയായിരുന്നു സമിതിയുടെ ചുമതല. സമിതി ആദ്യഘട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
നിർണായകമായ രണ്ടാം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സമിതി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം സമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. വിജയ് സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് കോൺഗ്രസ് എംപി ജ്യോതിമണി പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറൽ തത്വങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായ വിഷയങ്ങളാണെന്ന് ജ്യോതിമണി ചൂണ്ടിക്കാട്ടി.
Tags : CentreStateRelation CentreStateRelations Federalism VijayGovernment KurianJosephCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash