പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ സുഹൃത്തുക്കളെ കാത്തുനിൽക്കുകയായിരുന്ന യുവാവിന്റെ മൊബൈൽഫോൺ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു. ചെറുക്കാൻ ശ്രമിച്ച യുവാവിന് അക്രമികളുടെ വെട്ടേറ്റു. സിവിൽ ലൈൻസ് സ്വദേശി വൈഭവ് വർമ്മയ്ക്കാണ് വെട്ടേറ്റത്.
സുഹൃത്തുക്കളായ തനിഷ്ക് നാരംഗ്, ഹർഷിത് എന്നിവരെ കാത്തുനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ ബൈക്കിൽ എത്തിയത്. പിന്നിലിരുന്നയാൾ വൈഭവിന്റെ കൈയിലുണ്ടായിരുന്ന ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. വൈഭവ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമികളിൽ ഒരാൾ മൂർച്ചയേറിയ ആയുധം കൊണ്ട് അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേൽപ്പിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പർ നോക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
പ്രതികൾ രക്ഷപ്പെട്ടതിനെത്തുടർന്ന് വൈഭവ് മറ്റൊരു ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് അവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വഴിയാത്രക്കാരന്റെ ഫോണിൽ നിന്ന് പിതാവിനെ വിവരമറിയിക്കുകയും കുടുംബം സ്ഥലത്തെത്തിയ ശേഷം സഹോദരൻ പൊലിസിൽ വിവരമറിയിക്കുകയും ചെയ്തു.
ഉടൻതന്നെ സ്ഥലത്തെത്തിയ പൊലിസ് വൈഭവിന്റെ പരിക്കുകൾ പരിശോധിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.