സോണിയ ഗാന്ധി.
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങളുടെയും അതിക്രമങ്ങളുടെയും വ്യാപ്തി വർധിപ്പിച്ചത് സഞ്ജയ് ഗാന്ധിയായിരുന്നു. അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നെങ്കിൽ ഭൂരിഭാഗം അതിക്രമങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സോണിയ വ്യക്തമാക്കി.
തന്റെ ആത്മകഥ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സോണിയ ഗാന്ധിയുടെ നിർണായക വെളിപ്പെടുത്തലുകൾ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഒരു അത്താഴവിരുന്നിനിടെ പ്രതിപക്ഷത്തെ തടഞ്ഞേ തീരൂ എന്ന് പറഞ്ഞ് ഇന്ദിരാ ഗാന്ധിക്ക് മേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഏറ്റവും കൂടുതൽ സമ്മർദം ചെലുത്തിയത് സഞ്ജയ് ഗാന്ധിയായിരുന്നു.
എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പകരം അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് രാജീവ് ഗാന്ധി ഉപദേശിച്ചത്. സഞ്ജയ് ഗാന്ധിക്ക് പുറമെ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരയ്ക്ക് മേൽ സമ്മർദം ചെലുത്തി. ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനത്തിൽ ഒരിക്കലും തൃപ്തിയുണ്ടായിരുന്നില്ലെന്നും സോണിയ പറഞ്ഞു.
ആ തീരുമാനം അവരുടെ മനസിന് വലിയ ഭാരമായിരുന്നു. അതുകൊണ്ടാണ് 1977ൽ ജനവിധി തേടാൻ ഇന്ദിര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും സോണിയ അഭിമുഖത്തിൽ വിശദീകരിച്ചു.
Tags : Sonia Gandhi Indira Gandhi Emergency Indian Politics Congress Emergency Rule Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash