പരഞ്ജീത് ധങ്കർ
ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അയൽവാസിയുടെ വെടിയേറ്റു യുവാവ് മരിച്ചു. സിംഗപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പരഞ്ജീത് ധങ്കറാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാൻ ഇദ്ദേഹം രണ്ട് ദിവസം മുമ്പാണ് ഫരീദാബാദിൽ എത്തിയത്. ഇദ്ദേഹത്തിന്റെ അയൽവാസി മോഹനാണ് പരഞ്ജീതിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാൾ തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് പതിനഞ്ചിലധികം തവണ വെടിയുതിർക്കുകയും അതിൽ മൂന്നോ നാലോ വെടിയുണ്ടകൾ പരഞ്ജീതിന്റെ ശരീരത്തിൽ തുളച്ചുകയറി അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയുമായിരുന്നു.
സംഭവം നടക്കുന്ന ദിവസം ജിമ്മിൽ നിന്ന് രാത്രി വീട്ടിലെത്തിയ പരഞ്ജീതും മോഹനും തമ്മിൽ വാഹന പാർക്കിംഗിനെച്ചൊല്ലി വാക്കുതർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ ഈ തർക്കത്തിന് വളർത്തുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമായിരുന്നോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
രണ്ട് കുടുംബങ്ങളും തമ്മിൽ മുമ്പും പല പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കുന്നു. സംഭവത്തിന് അഞ്ച് ദിവസം മുമ്പ് പ്രതി പരഞ്ജീതിന്റെ മകനെ അസഭ്യം പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം പ്രതിയും കുടുംബവും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : ParkingDispute Shot Dead