ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൂന്ന് പേരെ വെടിവച്ചു കൊന്നു. ശിവജി തിവാരി (62), ശിവേന്ദ്ര തിവാരി (55), സുയാഷ് തിവാരി (30) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ റിഷഭ് ശുക്ല (30) എന്ന യുവാവിനെ പൊലിസ് സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് സംഭവം.
അയൽവാസികളായ സേവ തിവാരിയുടെ കുടുംബവും റിഷഭ് ശുക്ലയുടെ കുടുംബവും തമ്മിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തത് ശിവജി, ശിവേന്ദ്ര, സുയാഷ് എന്നിവർ ചോദ്യം ചെയ്തതിനെത്തുടർന്നാണ് തർക്കം രൂക്ഷമായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ റിഷഭ് ശുക്ല കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണമടഞ്ഞത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പിതാവും മകനുമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പ്രതിയായ റിഷഭ് ശുക്ലയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് തോക്കും കണ്ടെടുത്തു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.