എസ്. ഇന്ദുശേഖർ
ബംഗളൂരു: കർണാടകയിലെ രാജാജിനഗറിൽ ഭാര്യയും കുടുംബാംഗങ്ങളുമടക്കം ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യമതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം വനമേഖലയിൽ നിന്ന് പൊലിസ് കണ്ടെടുത്തു. ഇതോടെ കേസിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. മൃതദേഹങ്ങൾ തിരിച്ചറിയാനും നിയമനടപടികൾ പൂർത്തിയാക്കാനുമായി 12 അംഗ കുടുംബാംഗങ്ങളുടെ സംഘം സേലത്തേക്ക് തിരിച്ചു.
ഒക്ടോബർ 14-ന് രാത്രിയാണ് സുനിതയെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പ്രതിയുടെ മകൾ രൂപവതിയെ ഫോണിൽ വിളിച്ച് അത്താഴ വിരുന്നിന് ക്ഷണിക്കുകയും വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ഉറക്കഗുളിക നൽകി മയക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതി ഊരിയെടുത്തിരുന്നു. ഈ ആഭരണങ്ങൾ വിറ്റഴിച്ചതായി സംശയിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തിവരികയാണ്. പ്രതിയുടെ കാറിൽ നിന്ന് ആറോളം പെർഫ്യൂം കുപ്പികളും പൊലിസ് കണ്ടെടുത്തു. ദുർഗന്ധം വമിക്കാതിരിക്കാൻ ഇവ ഉപയോഗിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഒക്ടോബർ 29-ന് കൊല്ലപ്പെട്ട ഏഴുവയസുകാരൻ പുനീതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിലും നെറ്റിയിലുമായി നാല് പരിക്കുകൾ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരു ഉൽസൂർഗേറ്റിൽ വച്ചാണ് ഇന്ദുശേഖറെ പൊലിസ് പിടികൂടുന്നത്. ഈ സമയത്ത് കൊല്ലപ്പെട്ട ദമ്പതികളുടെ പത്ത് വയസുള്ള മകനും ഇയാളുടെ കാറിലുണ്ടായിരുന്നു. കുട്ടിയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരിക്കെയാണ് പൊലിസ് ഇയാളെ പിടികൂടിയതും കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതും.
മാതാപിതാക്കൾ തീർഥാടനത്തിന് പോയതാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഇയാൾ ഒപ്പം കൂട്ടിയത്. ദീർഘകാലമായുള്ള കുടുംബവഴക്കും ഭാര്യയുടെ ബന്ധുക്കളോടുള്ള വിരോധവുമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സഹായിച്ചതായി സംശയിക്കുന്ന പ്രതിയുടെ 17 കാരിയായ മകളുടെ പങ്കിനെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.