ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കർണാടകയിൽ വിതരണം ചെയ്യുന്ന പെട്രോളിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ പ്രതികരിച്ചത്.
പെട്രോൾ കമ്പനികൾ നിശ്ചിത പരിധിയായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർന്ന ഇന്ധനമാണ് വിതരണം ചെയ്യുന്നതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ആരോപിച്ചു. അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 31.2%, 30.5% എന്നിങ്ങനെയാണ് എഥനോൾ അളവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ20 എന്നത് 420 ആയി മാറി - പൊതുജനങ്ങളുടെ കാറുകളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നു!" എന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ഐഒസിഎൽ എച്ച്പിസിഎൽ, ബിപിസിഎൽ , നയാര, ഷെൽ തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യവുമായ പെട്രോളിയം കമ്പനികൾ നിശ്ചിത പരിധി ലംഘിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. സാമ്പിളുകളിലെ എഥനോളിന്റെ അളവ് റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനികളുടെ സ്വന്തം ലബോറട്ടറികൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ച രാഹുൽ ഗാന്ധി, ഉയർന്ന എഥനോൾ മിശ്രണം വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുകയും മെയിന്റെനസ് ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് കുറിച്ചു. ഇത്തരം ഇന്ധനം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്യാത്ത കാറുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോൾ പമ്പുകളിൽ വ്യക്തമായ ലേബലിംഗിന്റെ അഭാവത്തെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു. തങ്ങൾ വാങ്ങുന്ന ഇന്ധനത്തിലെ യഥാർത്ഥ എഥനോൾ അളവിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം വാദിച്ചു.
രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പെട്രോളിലെ യഥാർത്ഥ എഥനോൾ അളവ് എത്രയെന്ന് വ്യക്തമാക്കണമെന്നും, 20 ശതമാനം പരിധി ലംഘിക്കുന്ന കമ്പനിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് വിശദീകരിക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
Tags : Ethanol Rahul Gandhi Petrol Karnataka Criticises Oil Companies