പ്രതീകാത്മക ചിത്രം
കോൽക്കത്ത: കോൽക്കത്തയിലെ ഗർഫയിൽ റീൽസ് ചിത്രീകരിക്കുന്നതിനായി യുവാവിനെ കണ്ണുകെട്ടി മർദിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഒക്ടോബർ 27-നാണ് സംഭവം.
ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഗെയിം കളിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ കണ്ണുകെട്ടുകയും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു മർദനം.
ഹെൽമറ്റ് ഊരിയ യുവാവിനെ കുപ്പിയിലുണ്ടായിരുന്ന പെട്രോൾ കുടിക്കാൻ സംഘം നിർബന്ധിച്ചു. എന്നാൽ യുവാവ് ഇതിനെ എതിർത്തു. ഇതോടെ പ്രതികൾ യുവാവിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ദേഹമാകെ തീ പടർന്നതോടെ യുവാവ് ഓടി മാറുകയും വസ്ത്രങ്ങൾ ഊരിയെറിയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : Arrest Youth Blindfold Fire