പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 1998-ൽ പൊഖ്റാൻ അണുപരീക്ഷണ സമയത്ത് അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ നിരീക്ഷണ കണ്ണുവെട്ടിച്ച് ഡോ. എ.പി.ജെ. അബ്ദുൾ കലാം തന്ത്രങ്ങൾ മെനഞ്ഞതിന് സമാനമായ വഴികൾ തങ്ങളുടെ പാടശേഖരങ്ങളിൽ പരീക്ഷിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ. പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹങ്ങളുടെ പ്രവർത്തന സമയം മനസിലാക്കിയാണ് കർഷകർ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കുന്നത്.
പോളാർ ഭ്രമണപഥത്തിൽ കറങ്ങുന്ന ഉപഗ്രഹങ്ങളാണ് നിലവിൽ പാടശേഖരങ്ങളിലെ തീപിടിത്തങ്ങൾ നിരീക്ഷിക്കുന്നത്. ഈ ഉപഗ്രഹങ്ങൾ ദിവസത്തിൽ ചില കൃത്യമായ സമയങ്ങളിൽ (പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ) മാത്രമാണ് അന്തരീക്ഷത്തിന് മുകളിലൂടെ കടന്നുപോകുന്നത്. ഈ നിരീക്ഷണ സമയങ്ങൾ മനസിലാക്കി, ഉപഗ്രഹങ്ങൾ കടന്നുപോകാത്ത സമയങ്ങളിൽ കർഷകർ വൈക്കോലിന് തീയിടുന്നതോടെ ഔദ്യോഗിക കണക്കുകളിൽ ഈ തീപിടുത്തങ്ങൾ രേഖപ്പെടുത്താതെ പോകുന്നു.
എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ ഇന്റർനാഷണൽ ഫോറം ഫോർ എൻവയോൺമെന്റ്, സസ്റ്റൈനബിലിറ്റി ആൻഡ് ടെക്നോളജി 'ഫയർ വാച്ച്' എന്ന പുതിയ മൾട്ടി-സാറ്റലൈറ്റ് പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. തീ കത്തിക്കുന്ന സമയത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും, കത്തിച്ചതിനുശേഷം ഉണ്ടാകുന്ന പാടുകൾ കാർട്ടോസാറ്റ്-3 ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ കണ്ടെത്തുന്നു.
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്തിടെ ചൂണ്ടിക്കാണിച്ചതുപോലെ, വനത്തിലെ തീയോ പാടങ്ങളിലെ തീയോ കണ്ടുപിടിക്കാൻ ഇന്ത്യ ഇപ്പോഴും വിദേശ ഉപഗ്രഹ സംവിധാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഇന്ത്യ വിക്ഷേപിച്ച പുതിയ ഉപഗ്രഹത്തിന് ഓരോ അഞ്ച് മിനിറ്റിലും ഉയർന്ന ശേഷിയുള്ള ചിത്രങ്ങൾ പകർത്തി തത്സമയം നിരീക്ഷണം നടത്താൻ കഴിയും. എന്നാൽ ഇത് പ്രതിരോധ-ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹമായതിനാൽ പാരിസ്ഥിതിക ഏജൻസികൾക്ക് ഇതിന്റെ ഡാറ്റ ലഭിക്കുന്നതിൽ തടസങ്ങളുണ്ട്. ഈ ഡാറ്റ അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിനും പരിസ്ഥിതി നിരീക്ഷണത്തിനും ലഭ്യമാക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം.
Tags : StubbleBurning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash