പാറേൽപള്ളി
പാറേൽപള്ളിയുടെ ചരിത്രത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന വാസ്തുവിദ്യാവിസ്മയം. അതാണ് പുതിയ പള്ളിസമുച്ചയത്തിൽ പണിതീർന്നുവരുന്ന ഭൂഗർഭ പള്ളി.
ആധുനിക നിർമാണ രീതികളുടെ മിന്നിത്തിളക്കമല്ല, പാരമ്പര്യത്തെയും പ്രകൃതിയെയും സമന്വയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് ഭൂഗർഭ പള്ളി സമ്മാനിക്കുന്നത്. ഒരു പാറക്കെട്ടിനുള്ളില്‍ ഗുഹയുടെ മാതൃകയില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഈ ഭൂഗര്‍ഭ പള്ളി "പാറപ്പള്ളി' എന്ന പഴയപേര് അന്വർഥമാക്കുന്നു.
ആദിമസഭയുടെ കാലത്ത് പീഡനങ്ങള്‍ക്കിടയില്‍ ഗുഹകളിലും കല്ഗുഹകളിലും ഒത്തുകൂടി വിശുദ്ധ കുർബാന അര്‍പ്പിച്ചിരുന്ന ആദിമ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തൽകൂടിയാണ് ഈ ഭൂഗര്‍ഭ കപ്പേള. ദൈവിക നിഗൂഢതയും മനുഷ്യന്റെ നിസാരതയും ഈ ഭൂഗര്‍ഭ പള്ളിയിലേക്കു പ്രവേശിക്കുമ്പോള്‍ത്തന്നെ തീർഥാടകരെ ചൂഴ്ന്നുനിൽക്കും. ദൈവത്തിന്റെ അനന്തമായ നിഗൂഢതയ്ക്കു മുന്നില്‍ മനുഷ്യന് എത്ര മാത്രം നിസാരനാണെന്നും എന്നാല്‍ ആ വലിയ ദൈവത്തിന്റെ കാരുണ്യത്താല്‍ പൊതിഞ്ഞവനാണ് താനെന്നുമുള്ള തിരിച്ചറിവ് ആര്‍ക്കും അനുഭവവേദ്യമാകുന്ന ഇടം.
ഈ കപ്പേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തറയാണ്. പാറേൽപള്ളിയുടെ സ്വന്തം പാറക്കൂട്ടങ്ങളില്നിന്നു പോളിഷ് ചെയ്തെടുത്ത പ്രകൃതിദത്തമായ പാറയാണ് ഇവിടെ തറയിടാൻ ഉപയോഗിച്ചിരിക്കുന്നത്.
എന്നോടൊപ്പം ഒരു മണിക്കൂര്‍ ആയിക്കൂടെ? ദുഃഖവെള്ളിയാഴ്ച രാത്രി ഗെത്സെമനി തോട്ടത്തില്‍ ഈശോ ശിഷ്യന്മാരോടു ചോദിച്ച ആത്മീയമായ ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ നിത്യാരാധന കപ്പേള ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് അല്പസമയം ദൈവസന്നിധിയിൽ മൗനമായി ഇരുന്നു പ്രാര്‍ഥിക്കാനും ധ്യാനിക്കാനും ഭൂഗർഭ കപ്പേള തീർഥാടകരെ വിളിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷം നിങ്ങളെ ആഴത്തിലുള്ള പ്രാർഥനാനുഭവങ്ങളിലേക്കു നയിക്കും.
ഭൂഗര്‍ഭ പള്ളിയോടു ചേർന്നുതന്നെയാണ് അതിവിശുദ്ധമായ ഒരു തിരുശേഷിപ്പ് സൂക്ഷിപ്പുകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിക്കാനും വണങ്ങാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags : Leave hustle bustle spend Parelpally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash