International
മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി റഷ്യ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം കീവിനു നേർക്കുണ്ടായത്. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണഭീഷണി.
കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങൾക്കൊപ്പം കമാൻഡ് പോസ്റ്റുകളും ലക്ഷ്യംവയ്ക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാനും റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സൈനിക കെട്ടിടങ്ങളിൽനിന്ന് അകലം പാലിക്കാനും നിർദേശം നൽകി.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് കീവിൽനിന്ന് അമേരിക്കൻ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് രാജ്യാന്തര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥരും പൗരന്മാരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നാണ് റഷ്യൻ നിർദേശം. ലുഹാൻസ്ക് ഒബ്ലാസ്റ്റിലെ സ്റ്റാറോബിൽസ്കിൽ സ്കൂളിനു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു നേരിട്ടുള്ള പ്രതികാരമാണു കീവിലെ പുതിയ സൈനിക നടപടികളെന്നാണ് റഷ്യൻ വാദം.
എന്നാൽ, റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്നിലെ ഡ്രോൺ നിർമാണ കേന്ദ്രത്തെയാണ് തങ്ങളാക്രമിച്ചതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി കീവിലും മറ്റ് സ്ഥലങ്ങളിലുമായി റഷ്യ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ശനിയാഴ്ച കീവിനു നേരേയുണ്ടായ ആക്രമണങ്ങളിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ ഉപയോഗിച്ചത്. ആണവ ശേഷിയുള്ള ഒറെഷ്നിക് മിസൈലും പ്രയോഗിച്ചു.
കീവിലെ ചരിത്രപ്രസിദ്ധമായ ചെർണോബിൽ മ്യൂസിയം, യുക്രെയ്ൻ നാഷണൽ ആർട്ട് മ്യൂസിയം തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. ലുകാനിവ്ക പ്രദേശത്തെ ഷോപ്പിംഗ് സെന്റർ, മാർക്കറ്റ്, നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.
Kerala
കൊച്ചി: യുഡിഎഫ് അധികാരത്തില് എത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊച്ചി നിയുക്ത എംഎല്എ മുഹമ്മദ് ഷിയാസ്. എന്ജിഒ അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനത്തിനിടെയാണ് മുഹമ്മദ് ഷിയാസിന്റെ ഭീഷണി പ്രസംഗം.
തങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുതെന്നും അവരെ കണ്ണുനീര് കുടിപ്പിക്കണം എന്നുമാണ് ഷിയാസ് പറയുന്നത്. കോണ്ഗ്രസ് അനുകൂല സംഘടനകളില് പെട്ട ആളുകളെ ഏതെല്ലാം രീതിയിലാണോ ഉപദ്രവിക്കാന് സാധിക്കുക ആ രീതിയിലെല്ലാം ഉപദ്രവിക്കുകയും അതിന് പുതിയ പരീക്ഷണങ്ങള് കണ്ടെത്തുകയും അതില് മാസികമായ ആനന്ദം കൊള്ളുകയും അത് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്ത എത്രയോ ഇടതുപക്ഷ യൂണിയനുകളില് പെട്ട ആളുകളെ നമുക്ക് കാണാന് കഴിയും.
ഒരുത്തനെയും നമ്മള് വെറുതെ വിടാന് പാടില്ല. നമ്മള് പത്തു വര്ഷം കൊണ്ട് കുടിച്ച കണ്ണുനീര് ഒരു കൊല്ലം കൊണ്ട് അവരെ കൊണ്ട് കുടിപ്പിക്കണം. മനസിലായില്ലേ. അങ്ങനെയൊന്നും ആളുകളോട് ചെയ്യാന് പാടില്ല. നമ്മളോടൊപ്പം നിന്ന് പല ആനുകൂല്യങ്ങളും പറ്റി അപ്പുറത്ത് പോയി മനപൂര്വ്വം നമ്മളെ ദ്രോഹിച്ച ആളുകളുണ്ട്, അവരെയൊക്കെ ഒന്നു നോക്കി വച്ചേക്കുക എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
കൊച്ചി: ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് അവധി നൽകി സിബിഐ കോടതി. എംഎൽഎയായി സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ടെന്ന് കോടതി. കൊച്ചി സിബിഐ കോടതിയിൽ ഇന്ന് ഹാജരായാണ് അവധി അപേക്ഷ നൽകിയത്.
ചൊവ്വാഴ്ച സിബിഐ കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയിരുന്നു. ഫസൽ വധക്കേസിൽ 221 സാക്ഷികളാണ് ഉള്ളത്. കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി.
2006 ഒക്ടോബർ 22നാണ് ഫസൽ കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയത്. 2013ലായിരുന്നു കാരായി രാജന് ജാമ്യം ലഭിച്ചത്.
തലശേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിക്കുന്നത്.
National
ബംഗളൂരു: കർണാടകയിൽ പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി നൽകാൻ ഉത്തരവ്. കർണാടക ഡിജിപിയാണ് ഉത്തരവിറക്കിയത്.
ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സലിം ഉത്തരവ് പുറപ്പെടുവിച്ചു. കുടുംബവും ഒത്തുള്ള ആഘോഷങ്ങൾ പോലീസുകാരുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് ഡിജിപി സർക്കുലറിൽ പറയുന്നു.
പ്രത്യേക ദിവസങ്ങളിൽ ജീവനക്കാർക്ക് അവധിയെടുക്കാൻ അനുവദിക്കുന്നതിലൂടെ, സേനയിലുടനീളം സമ്മർദ്ദം കുറയ്ക്കാനും മനോവീര്യം മെച്ചപ്പെടുത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷ.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവില് പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലി ചെയ്യുന്നവര്ക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി.
ഡിസംബര് ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള് പങ്ക് വച്ച് കോണ്ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല് രാഷ്ട്രീയ എതിരാളികള് സഹകരിച്ച് മുന്പോട്ട് പോകണമെന്നും, രാജ്യ താല്പര്യത്തിനായി ഒന്നിച്ച് നില്ക്കണമെന്നും തരൂര് പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്ത്തിക്കുകയാണെന്നും തരൂര് പറഞ്ഞു.
Kerala
ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. ക്യാപ്റ്റൻസി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയ്ക്കാണ് ശുഭ്മാന് ഗില്ലും സംഘവും യാത്ര തിരിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്മയും വിരാട് കോഹ്ലിയും ഇന്ത്യൻ ജേഴ്സിയിലെത്തുന്ന പരമ്പരകൂടിയാണിത്. 19ന് പെർത്തിലാണ് ആദ്യത്തെ മത്സരം. 23നും 25നുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്.
തുടർന്ന് അഞ്ച് ടി20 മത്സരങ്ങളിലും ഇന്ത്യ കളിക്കും. 2027 ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കലാണ് ഗംഭീറിന്റെ ലക്ഷ്യം.