മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി റഷ്യ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം കീവിനു നേർക്കുണ്ടായത്. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണഭീഷണി.
കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങൾക്കൊപ്പം കമാൻഡ് പോസ്റ്റുകളും ലക്ഷ്യംവയ്ക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാനും റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സൈനിക കെട്ടിടങ്ങളിൽനിന്ന് അകലം പാലിക്കാനും നിർദേശം നൽകി.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് കീവിൽനിന്ന് അമേരിക്കൻ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് രാജ്യാന്തര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥരും പൗരന്മാരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നാണ് റഷ്യൻ നിർദേശം. ലുഹാൻസ്ക് ഒബ്ലാസ്റ്റിലെ സ്റ്റാറോബിൽസ്കിൽ സ്കൂളിനു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു നേരിട്ടുള്ള പ്രതികാരമാണു കീവിലെ പുതിയ സൈനിക നടപടികളെന്നാണ് റഷ്യൻ വാദം.
എന്നാൽ, റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്നിലെ ഡ്രോൺ നിർമാണ കേന്ദ്രത്തെയാണ് തങ്ങളാക്രമിച്ചതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി കീവിലും മറ്റ് സ്ഥലങ്ങളിലുമായി റഷ്യ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ശനിയാഴ്ച കീവിനു നേരേയുണ്ടായ ആക്രമണങ്ങളിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ ഉപയോഗിച്ചത്. ആണവ ശേഷിയുള്ള ഒറെഷ്നിക് മിസൈലും പ്രയോഗിച്ചു.
കീവിലെ ചരിത്രപ്രസിദ്ധമായ ചെർണോബിൽ മ്യൂസിയം, യുക്രെയ്ൻ നാഷണൽ ആർട്ട് മ്യൂസിയം തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. ലുകാനിവ്ക പ്രദേശത്തെ ഷോപ്പിംഗ് സെന്റർ, മാർക്കറ്റ്, നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.
Tags : Foreigners leave Kiev Russia major attack