ഇറാൻ ഫ്ലാഗ്
ടെഹ്റാൻ: ആണവപദ്ധതി സംബന്ധിച്ച പുതിയ നിർദേശങ്ങൾ അമേരിക്കയ്ക്കു കൈമാറിയതായി ഇറാൻ. എന്നാൽ, ഇവയിൽ ചർച്ച നടക്കുന്നതിനു മുന്‍പായി ഇറാന്റെ എഴു നിബന്ധനകൾ അംഗീകരിക്കണമെന്നും അവിടെനിന്നുള്ള ചില വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന ഖത്തർ വഴിയാണു പുതിയ നിർദേശങ്ങൾ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയത്. അമേരിക്ക ഈ നിർദേശങ്ങൾ വിലയിരുത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക ഇറാനിൽ ആക്രമണം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ വെടിനിർത്തലിനു മധ്യസ്ഥശ്രമം സജീവമാണ്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോറ്റെങ്കിലും ഇറാനിലെ സൈനിക നടപടി തുടരുമെന്ന സൂചനയാണു പ്രസിഡന്റ് ട്രംപ് നല്‍കിയത്. അമേരിക്ക ആക്രമിച്ചാൽ ഗൾഫിൽ ശക്തമായ തിരിച്ചടി നല്കാൻ ഇറാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
ചർച്ച നടക്കണമെങ്കിൽ ഇറാന്റെ ഏഴ് ഉപാധികൾ അംഗീകരിക്കണമെന്നു മുതിർന്ന ഇറേനിയൻ സൈനിക നേതാവ് മൊഹ്സൻ റേസായി കഴിഞ്ഞ ദിവസം റഷ്യാ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. അല്ലാതെ ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്‍കുക, യുദ്ധത്തിലെ നാശത്തിനു നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.
Tags : Iran US Handed over New proposals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash