ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലെത്തി. പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മന്നിനെ കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി മദ്യപനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അധിക്ഷേപിച്ചുകൊണ്ട് സമൂഹ മാധ്യങ്ങളിലുള്പ്പടെ പോസ്റ്റുകളും വിമര്‍ശനങ്ങളുമായി എഎപി രംഗത്തെത്തി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പുതിയ പോര്. പഞ്ചാബിലെ സംഗ്രൂരില്‍ നവംബര്‍ നാലിന് കോണ്‍ഗ്രസിന്റെ ഇന്‍സാഫ് റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. പാര്‍ലമെന്റില്‍ ഭഗവന്ത് മന് ഒപ്പമിരിക്കുമ്പോള്‍ രാവിലെ പോലും മദ്യത്തിന്റെ മണം അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം മദ്യത്തിനടിമയാണെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് ആം ആദ്മിയെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് വിമര്‍ശിച്ച രാഹുല്‍, മദ്യപാനം വ്യക്തിപരമാണെങ്കിലും ലഹരിവിപത്തിനെ നേരിടേണ്ട സംസ്ഥാന മുഖ്യമന്ത്രി തന്നെ എപ്പോഴും ലഹരിയിലാകുന്നത് അംഗീകരിക്കാനാകില്ലെന്നും തുറന്നടിച്ചു. ഇതോടെ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമില്‍ പോലും രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിക്കുന്ന പോസ്റ്ററുകളും പരിഹാസങ്ങളുംകൊണ്ട് നിറയ്ക്കുകയായിരുന്നു.
Tags : conflict AAP Aam Aadmi Party Congress Rahul Gandhi Pappu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash