പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: സംസ്ഥാനത്ത് 177 എന്‍എഫ്എസ്എ ഗോഡൗണുകള്‍ ആവശ്യമില്ലെന്ന് ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ 177 എന്‍എഫ്എസ്എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണ് സംസ്ഥാനത്തുള്ളത്. ഇത്രയധികം ഗോഡൗണുകള്‍ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുനഃക്രമീകരണ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഭക്ഷ്യവകുപ്പ്.
ഭക്ഷ്യവകുപ്പിനും സപ്ലൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും. നിലവിലുള്ള ഗോഡൗണുകളില്‍ ഭൂരിഭാഗവും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും പലതും കാലപ്പഴക്കം ചെന്നവയുമാണ്. ഇതുസംബന്ധിച്ച് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിതരണ കമ്മിഷണര്‍ക്കു മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്കി.
2019ൽ കൃത്യമായ മാനദണ്ഡങ്ങളും ആവശ്യകതയും പരിശോധിക്കാതെ ഗോഡൗണുകള്‍ അനുവദിച്ചതാണ് നിലവിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ആവശ്യത്തിനു സംഭരണശേഷി ഇല്ലാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതുമായ കെട്ടിടങ്ങള്‍ പോലും ഗോഡൗണുകളായി ഉപയോഗിക്കുന്നതായി പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമൂലം ഭക്ഷ്യധാന്യം നശിച്ചുപോകുന്നതിനൊപ്പം വാടകയിനത്തില്‍ സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നുണ്ട്.
വീടുകള്പ്പോലും വാടകയ്ക്കെടുത്ത് ഗോഡൗണുകളാക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളും അശാസ്ത്രീയ സംവിധാനങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.
സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഓരോ ജില്ലയിലെയും താലൂക്കുകളിലെയും ഗോഡൗണുകള്‍ അടിയന്തരമായി പരിശോധിക്കും. കാലഹരണപ്പെട്ടതും ആവശ്യകതയില്ലാത്തതുമായ ഗോഡൗണുകള്‍ ഒഴിവാക്കി പകരം ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഗോഡൗണുകള്‍ കണ്ടെത്താന്‍ താത്പര്യപത്രം ക്ഷണിക്കും. മൂന്നു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.
ഗോഡൗണുകളുടെ അശാസ്ത്രീയമായ നിര്‍മാണവും സംഭരണരീതികളുമാണ് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകാന്‍ പ്രധാന കാരണങ്ങളിലൊന്ന്. പല ഗോഡൗണിലും ഒരേയൊരു വാതില്‍ മാത്രമാണുള്ളത്. ഇതുമൂലം അകത്തേക്ക് ആദ്യം സംഭരിക്കുന്ന ധാന്യങ്ങള്‍ ദീര്‍ഘകാലം അവിടെത്തന്നെ കെട്ടിക്കിടക്കുകയും കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമാകുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
നാലുവശത്തും പ്രവേശനസൗകര്യവും സുഗമമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഗോഡൗണുകളാണ് ഇനി പരിഗണിക്കുക. ഇത്തരം ഗോഡൗണുകള്‍ ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബിഒടി) അടിസ്ഥാനത്തിലോ വാടകയ്ക്കെടുത്തോ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
Tags : Godowns Food Department Phase out Additional godowns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash