മരിച്ച അഭിരാം
ശ്രീകാര്യം (തിരുവനന്തപുരം): പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമിന് നേരത്തെ മർദനമേറ്റിരുന്നുവെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന മൊഴി നൽകിയത്.
കേസിൽ നിലവിൽ അറസ്റ്റിലായ പതിനേഴുകാരനായ ഒന്നാം പ്രതി, കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെയും അഭിരാമിനെയും ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
പതിനേഴുകാരന്റെ പെൺസുഹൃത്തിന്റെ ഒരു സ്വകാര്യ ചിത്രം അഭിരാമിന്റെ സുഹൃത്തിന്റെ ഫോണിൽ ഉണ്ടായിരുന്നു എന്നാരോപിച്ചാണ് സംസാരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ഇരുവരെയും അന്ന് മർദിച്ചത്. ഇതിനു പുറമെ വീണ്ടും മർദിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയിലുണ്ട്. കൊലപാതകം നടന്ന ദിവസം പ്രതികൾ വീണ്ടും ഇവരെ വിളിച്ചിരുന്നു.
എന്നാൽ വീണ്ടും മർദനമേൽക്കുമോ എന്ന ഭയം കാരണം സുഹൃത്ത് പോയില്ല, പകരം അഭിരാം മാത്രമാണ് പ്രതികളുടെ അടുത്തേക്കു പോയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇതിൽ ഒന്നാം പ്രതിയായ പതിനേഴുകാരനെ നിലവിൽ ഒരു ഷെൽട്ടർ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.
തിരുവനന്തപുരം: ശ്രീകാര്യം അഭിരാം കൊലക്കേസിലെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങി.
കൊലപാതക കേസിലെ ഒന്നാംപ്രതിയായ പതിനേഴുകാരൻ, രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഉമർ, പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് അനന്ത, ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാവരും ജയിലിലാണ്.
അഭിരാമിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്നും ചാക്കിലാക്കി ജനവാസം ഇല്ലാത്ത സ്ഥലത്ത് തള്ളാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനുവേണ്ടി പതിനേഴുകാരൻ ശ്രീകാര്യത്തെ ഒരു കടയിൽ നിന്നും ചാക്ക് വാങ്ങിയിരുന്നു. രാത്രി മഴ ശക്തമായി പെയ്തതോടെ ഇവരുടെ പദ്ധതി പാളി. ഇതേത്തുടർന്നാണ് മൃതദേഹം സംഭവസ്ഥലത്തുതന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. തെളിവ് നശിപ്പിച്ച് എല്ലാം നടപ്പാക്കാനായിരുന്നു ഇവരുടെ പദ്ധതി.
Tags : Abhiram MurderCase Friend Assaulted Previously Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash