ചാരുംമൂട്: താമരക്കുളത്ത് പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ. ഇരുതലമൂരിയെന്ന സംശയത്തിലാണ് നാട്ടുകാർ പാന്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് താമരക്കുളം ജംഗ്ഷന് സമീപത്തെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടെത്തിയത്.
ഉടൻതന്നെ കടയുടമയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി. വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലിസിനെയും വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു.
ഇതോടെയാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനപാലകർ സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന പാമ്പിനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.
Tags : snake Forest officials non-venomous snake Shieldtail snake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash