സജീഷ് ടോം
കൊച്ചി: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ സജീഷ് ടോമിന് ജന്മനാട്ടിൽ ഇന്നു വരവേല്പ്. രാവിലെ ഒന്‍പതിന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന സജീഷിനെ അദ്ദേഹം ദീര്‍ഘകാലം നേതൃരംഗത്തു പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സിഎല്‍സി) സംഘടനയിലെ ആദ്യകാല സഹപ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രതിനിധികളും ചേർന്ന് സ്വീകരിക്കും.
തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർകൂടിയായ സജീഷ് വൈക്കം സ്വദേശിയാണ്. എറണാകുളം സൗത്ത് പറവൂരിലാണ് നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവര്‍ത്തനരംഗത്തു സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്ക് 2021ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026ല്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരേസമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ 12ന് ഉച്ചകഴിഞ്ഞു മൂന്നിന് സജീഷ് ടോമിന് സ്വീകരണം നൽകും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും. മനോജ് മൂത്തേടൻ എംഎൽഎ, കൊച്ചി മേയർ വി.കെ. മിനിമോൾ, എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിക്കും. സിഎൽസിയുടെയും കേരള സഭയിലെയും വൈദിക, അല്മായ പ്രതിനിധികൾ പങ്കെടുക്കും.
Tags : England Deputy Mayor Malayali Deputy Mayor England Sajeesh Tomin sworn in today Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews Vaikom KOchi