Business
കൊച്ചി: വണ്ടര്‍ലാ ഹോളിഡേസിന് 2026 -27 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ എക്കാലത്തെയും മികച്ച പ്രകടനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 42 ശതമാനം വര്‍ധിച്ച് 125.68 കോടിയായി. എബിറ്റ്ഡ 90 ശതമാനം ഉയര്‍ന്ന് 30.11 കോടിയിലെത്തി.
പാദത്തില്‍ 7.25 ലക്ഷം സന്ദര്‍ശകരെത്തി. ആദ്യപകുതിയിലെ വരുമാനം 41 ശതമാനം വര്‍ധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയര്‍ന്ന് 152.10 കോടി രൂപയുമായി.
ബംഗളൂരു, കൊച്ചി പാര്‍ക്കുകളും റിസോര്‍ട്ട് ബിസിനസും എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനം കാഴ്ചവച്ചു. ചെന്നൈ പാര്‍ക്ക് 27.7 കോടി വരുമാനം നേടി.
ശേഷിക്കുന്ന സാമ്പത്തിക വര്‍ഷത്തിലും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാനും സുസ്ഥിരമായ വളര്‍ച്ച നേടാനുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
National
മാഹി: കേന്ദ്രസർക്കാരിന്റെ പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡാന്റെ പുതുക്കിയ പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്ന് കേരളത്തിലെയും ആന്ധ്രപ്രദേശിലെയും നാലു നഗരങ്ങളിലേക്കു വിമാനസർവീസ് ആരംഭിക്കാൻ ആലോചന.
കൊച്ചി, കണ്ണൂർ, രാജമുന്ദ്രി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് സർവീസ് പരിഗണിക്കുന്നത്.
പുതുച്ചേരി വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി എൻ. രംഗസാമി പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യം അറിയിച്ചത്.
പുതുച്ചേരി വിമാനത്താ വളത്തിൽനിന്നു കൂടുതൽ നഗരങ്ങളിലേക്കു സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഡാൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, പുതുച്ചേരി സർക്കാർ എന്നിവർ തമ്മിൽ 2026 സെപ്റ്റംബറിൽ ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു.
ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് പുതിയ നഗരങ്ങളിലേക്ക് വിമാന സർവീസുകൾക്കുള്ള നീക്കം. പുതിയ സർവീസുകൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിലേക്കും ആന്ധ്രപ്രദേശിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാകും. വിനോദസഞ്ചാരം, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകൾക്കും ഇത് ഗുണകരമാകുമെന്നാണു പ്രതീക്ഷ.
Kerala
കൊച്ചി: മാറുന്ന കാലാവസ്ഥയും മത്സ്യമേഖലയുടെ ഭാവിയും ചര്‍ച്ച ചെയ്യുന്നതിനായി 30 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന രാജ്യാന്തര സിമ്പോസിയം നാളെ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) തുടങ്ങും.
സമുദ്ര ആവാസ വ്യവസ്ഥയും മത്സ്യബന്ധന മേഖലയും സംരക്ഷിക്കാന്‍ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് സിമ്പോസിയം ഊന്നല്‍ നല്‍കും. സമുദ്രോപരിതല താപനിലയിലെ വര്‍ധന, കാലവര്‍ഷത്തിലെ മാറ്റം, ചുഴലിക്കാറ്റ് പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍, സമുദ്ര ജൈവവൈവിധ്യം എന്നിവ മുതല്‍ പരമ്പരാഗത കടലറിവുകള്‍ വരെയുള്ള വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജലാശയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ ധനസഹായത്തോടെ പ്രത്യേക സെഷനുണ്ടാകും.
കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പ്, ട്രെവര്‍ പ്ലാറ്റ് സയന്‍സ് ഫൗണ്ടേഷന്, സിഎംഎഫ്ആര്‍ഐ, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
Kerala
കൊച്ചി: നാവികസേനയുടെ പായ്ക്കപ്പലായ ഐഎന്‍എസ് സുദര്‍ശിനി പത്തു മാസം നീണ്ടുനിന്ന ‘ലോകയാന്‍ 2026’ സമുദ്രാന്തര ദൗത്യം പൂര്‍ത്തിയാക്കി കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്തു തിരിച്ചെത്തി.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേന വാട്ടര്‍ സല്യൂട്ടും നേവല്‍ ബാന്‍ഡിന്റെ അകമ്പടിയോടെയുള്ള ചടങ്ങുകളുമായി ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.
കടലിന്റെ കടുത്ത വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു സാഹസികയാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രിയപ്പെട്ടവരെ കണ്ണീരോടും പുഞ്ചിരിയോടും കൂടി കെട്ടിപ്പിടിച്ചും ചുംബനങ്ങള്‍ നല്കി ആശ്ലേഷിച്ചുമാണ് കുടുംബാംഗങ്ങള്‍ വരവേറ്റത്. രണ്ടു മലയാളികള്‍ ഉള്‍പ്പടെ 48 നാവിക സേനാംഗങ്ങളായിരുന്നു യാത്രയുടെ ഭാഗമായത്.
2026 ജനുവരി 20നാണ് കൊച്ചിയില്‍നിന്ന് ‘ലോകയാന്‍ 26’ യാത്ര ആരംഭിച്ചത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ വന്‍കരകളിലെ 11 രാജ്യങ്ങളിലായി 17 തുറമുഖങ്ങളിലാണ് കപ്പല്‍ അടുപ്പിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 19 ദിവസത്തെ സമുദ്രയാത്ര അടങ്ങിയതായിരുന്നു ഈ ദൗത്യം.
ഫ്രാന്‍സില്‍ നടന്ന എസ്കേല് അസെറ്റ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലില്‍ പങ്കെടുത്തതും അമേരിക്കയിലെ സെയില്‍ 250, ഇന്റര്‍നാഷണല്‍ നേവല്‍ റിവ്യൂവില്‍ പങ്കെടുത്തതും യാത്രയിലെ പ്രധാന നാഴികക്കല്ലുകളായിരുന്നുവെന്ന് സംഘാംഗങ്ങൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥയോടു പൊരുതി 2,200 നോട്ടിക്കല്‍ മൈല്‍ പൂര്‍ണമായും പായ് ഉപയോഗിച്ചു കാറ്റിന്റെ സഹായത്തോടെ സഞ്ചരിച്ചാണ് ലോകയാന്‍ യാത്ര പൂര്‍ത്തിയാക്കിയത്.
സ്വീകരണസമ്മേളനത്തില്‍ ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേന അധ്യക്ഷത വഹിച്ചു. രാജ്യത്തിനും നാവികസേനയ്ക്കും അഭിമാനമായ കപ്പലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അര്‍പ്പണബോധത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ സമുദ്രപാരമ്പര്യവും അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം പരിശീലന നിലവാരത്തിന്റെയും പ്രവര്‍ത്തനക്ഷമതയുടെയും തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിച്ചേക്കും.
വിസിക്കെതിരെ വിദ്യാർഥികൾ ഇന്ന് കോടതിയലക്ഷ്യ ഹർജി നൽകും. വിദ്യാർഥികൾ ഇന്ന് മുതൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് ഓൺലൈനായി യോഗം ചേരും.
സസ്പെൻഷനിലായ വിദ്യാർഥികളുടെ അച്ചടക്ക സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിക്കും. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ തീരുമാനം.
Business
കൊച്ചി: സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് നാലിന് കൊച്ചിയിൽ നടക്കും.
ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോളവത്കരണവും വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ടു നടത്തുന്ന സമ്മിറ്റിൽ വ്യവസായ പ്രമുഖർ, യൂറോപ്പിൽ നിന്നുള്ള വിതരണക്കാർ, എംപെഡ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ബിസിനസ് വിപുലീകരണം മുൻനിർത്തി അന്താരാഷ്ട്ര കമ്പനിയുമായും രണ്ട് ഇന്ത്യൻ കമ്പനികളുമായും സീബെറി സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.
രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 8113920112.
Kerala
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബര്‍ ആറ്, ഏഴ് തിയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും.
ആറിനു വൈകുന്നേരം 5.30ന് മുൻ സ്പീക്കര്‍ വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ കമ്മിഷന് സെക്രട്ടറി ഫാ. തോമസ് സൈജു അധ്യക്ഷത വഹിക്കും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ സന്ദേശം നല്‍കും.
ഏഴിന് സമിതി ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ സന്ദേശം നല്‍കും.
ഫാ. തോമസ് സൈജു, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, അഡ്വ. ചാര്‍ളി പോള്‍, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
സീറോമലബാര്‍, ലത്തീന്‍, സീറോമലങ്കര റീത്തുകളിലെ 32 രൂപതകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യുവതീ-യുവാക്കളും ക്യാമ്പില്‍ പങ്കെടുക്കും.
Kerala
കൊച്ചി: കൊച്ചി സിറ്റി പൊലിസ് കമ്മീഷണറായി ആര്. നിശാന്തിനി ഇന്ന് ചുമതലയേക്കും. ചേരാനെല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസില്‍ പൊലിസിനുണ്ടായ വീഴ്ചയെ തുടര്‍ന്ന് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു.
ആദ്യ ദക്ഷിണ മേഖല ഐജിയായിരുന്ന ആര്. നിശാന്തിനി കൊച്ചി സിറ്റി പൊലീസിന്റെ ആദ്യ വനിത കമ്മീഷണറായാണ് ചുമതലയേക്കുന്നത്. ചേരാനല്ലൂര്‍ അപകടത്തിലെ അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് കണ്ടെത്തല്‍. കേസ് കൈകാര്യം ചെയ്തതിലും തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതിലും കമ്മിഷണറുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി എഡിജിപി പി. വിജയന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അന്വേഷണത്തിലെ വീഴ്ചയെ തുടര്‍ന്ന് ചേരാനല്ലൂര്‍ സ്റ്റേഷനിലെ സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ മനോജ്, സീനിയര്‍ സിപിഒ അരുണ്‍ ജോഷി എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് തുടക്കത്തില്‍ എളുപ്പം ജാമ്യം ലഭിച്ചതും തെളിവുകള്‍ നശിപ്പിക്കാന്‍ സഹായകരമാകുന്ന തരത്തില്‍ പൊലിസ് നിഷ്ക്രിയത്വം പാലിച്ചെന്ന ആരോപണവും നടപടികള്‍ക്ക് കാരണമായി.
Kerala
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വീട് മാറി എക്സൈസിന്റെ റെയ്ഡ്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ എത്തിയാണ് വീടിന്റെ പൂട്ട് പൊളിക്കാനും ജനല്‍ കുത്തിത്തുറക്കാനും എക്സൈസ് സംഘം ശ്രമിച്ചത്. ഒരു യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. താന്‍ ഒറ്റയ്ക്കാണ് ഉള്ളതെന്ന് അറിയിച്ചിട്ട് പോലും എക്സൈസ് ഉദ്യോഗസ്ഥരാണ് എന്ന കാര്യം അറിയിച്ചിരുന്നില്ല.
മഫ്തിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡ് കാണിക്കാനും തയാറായില്ല. കഞ്ചാവ് കേസ് പ്രതിയെ തേടി മതിലു ചാടിയാണ് എക്സൈസ് സംഘം വീട്ടിലേക്ക് എത്തിയത്. ഒരു വനിത ഉദ്യോഗസ്ഥ അടക്കം നാലു ഉദ്യോഗസ്ഥരാണ് ഉണ്ടായത്. വാതില്‍ തകര്‍ത്ത് അകത്തു കടക്കാന്‍ ശ്രമിച്ചതോടെ യുവതി നൈറ്റ് ഡ്യൂട്ടിക്ക് പോയ ഭര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു.
രണ്ടു മാസം മുമ്പാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ യുവതി ഈ വീട്ടില്‍ താമസമാക്കിയത്. വീട്ടുടമ ഇത് തന്റെ വീടാണെന്നും എക്സൈസ് തേടുന്ന പ്രതി ഇവിടെയല്ല താമസിക്കുന്നതെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ തയാറായിരുന്നില്ല.
Kerala
കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. അയ്യപ്പൻകാവ് സ്വദേശി അലൻ(23) ആണ് പിടിയിലായത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പിടിയിലായ അലൻ.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിൽ വച്ചായിരുന്നു വിദ്യാർഥിനിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതി പെൺകുട്ടിയോട് അശ്ലീലം പറയുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കഴിഞ്ഞ ഒരുമാസത്തോളമായി പ്രതി വിദ്യാർഥിനിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. എറണാകുളം നോർത്ത് പൊലിസ് ആണ് പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ നിന്ന് നിർമാണ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആസാം സ്വദേശി രാഹുൽ അമീൻ (26) ആണ് പിടിയിലായത്. കളമശേരി സ്വദേശിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നായിരുന്നു കവർച്ച.
ഏകദേശം 65,000 രൂപ വിലവരുന്ന കോപ്പർ വയറുകൾ, ഡോർ ഹാൻഡിലുകൾ, ലോക്കുകൾ, പൈപ്പ് സെറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. വീട്ടുടമയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പൊലിസ് സംഘം സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ കുറിച്ച് പൊലിസിന് വിവരം കിട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ചേരാനല്ലൂർ അപകടത്തിലെ പൊലിസ് വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ കാളിരാജ് മഹേഷിനു പകരം ആർ. നിശാന്തിനിയെത്തും. പി. പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ചേരാനല്ലൂര്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പൊലിസ് കമ്മീഷണറുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി എന്ന് എഡിജിപി പി. വിജയന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലിസ് വീഴ്ചയില്‍ ചൊവ്വാഴ്ച നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ കെ.ടി. മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ജീവനക്കാരൻ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച 17കാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലിസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിലാണ് പൊലിസ് പരിശോധന നടത്തുന്നത്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിക്കും. അതേസമയം ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സ്റ്റേഷനിലെത്തി പൊലിസുമായി ചർച്ച നടത്തിയെന്നും ജയബാലകൃഷ്ണന്റെ മക്കൾ വ്യക്തമാക്കി.
Business
കൊച്ചി: കൊച്ചിയിൽനിന്നു ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.15ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55ന് ബാങ്കോക്കിൽ എത്തും.
ബാങ്കോക്കിൽനിന്നു തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.55ന് പുറപ്പെട്ടു രാവിലെ 7.40ന് കൊച്ചിയിൽ എത്തുന്ന തരത്തിലാണു തിരികെയുള്ള സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്, മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൊച്ചിയിൽനിന്ന് ആഴ്ചതോറും 250 വിമാനസർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
Kerala
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മരിച്ച ജയബാലകൃഷ്ണന്റെ മകളുമായി സംസാരിച്ച മുഖ്യമന്ത്രി കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം പൊലിസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്ന കുത്തിയിരിപ്പ് സമരം താത്കാലികമായി അവസാനിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബവുമായി സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നാളെ വൈകുന്നേരം നാലുവരെ കാത്തിരിക്കുമെന്നും ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കേസിലെ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ആവശ്യം. അതേസമയം പ്രതിയുടെ പിതാവായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Kerala
കൊച്ചി: ചേരാനല്ലൂരിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17കാരന്റെ പിതാവും വാഹനത്തിന്റെ ഉടമസ്ഥനുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇരിഞ്ഞാലക്കുട അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പൊലിസിൽ പരാതി നൽകി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്നും മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും ജുവനൈലിന് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജുവനൈലിനെതിരെയുള്ള നടപടികൾക്ക് പുറമേ രക്ഷിതാവിന്റെ നിയമപരമായ ഉത്തരവാദിത്തവും സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ 17കാരന് ജാമ്യം ലഭിച്ചു. അപകടത്തിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17കാരനെ പ്രതിഷേധങ്ങളെ തുടർന്ന് അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.
Kerala
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡിഷണൽ ജഡ്ജിയുടെ മകന് ജാമ്യം. ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് 17കാരന് ജാമ്യം ലഭിച്ചത്. കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലിസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പൊലിസ് നടപടികളിലേക്ക് കടന്നത്.
അപകടത്തിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17കാരനെ പ്രതിഷേധങ്ങളെ തുടർന്ന് അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ചത് അംഗീകരിക്കില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ പ്രതിഷേധത്തിനിടെ തളർന്നുവീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. 104 കിലോമീറ്റർ സ്പീഡിൽ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങൾ 17കാരന്റെ മൊബൈലിൽ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അഡിഷണല്‍ ജഡ്ജിയുടെ മകനായ 17കാരന് കസ്റ്റഡിയിലെന്ന് പൊലിസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
മജിസ്ട്രേറ്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ എന്നും പൊലിസ് അറിയിച്ചു. 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ചേരാനല്ലൂർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലിസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേസിലെ പ്രതിയായ 17കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്ട്രേറ്റിന് തീരുമാനിക്കാം. മൈനര്‍ ആയ കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താല്‍ ഒരു പൊലിസ് സ്റ്റേഷനിലേക്കും കൊണ്ടുവരാന്‍ കഴിയില്ലെന്നും പൊലിസ് പറഞ്ഞു.
ഇടിച്ച വാഹനത്തിന്റെ ആര്‍സി ഓണര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലിസ് കൂട്ടിച്ചേർത്തു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ 17കാരൻ ഓടിച്ച ബെന്‍സ് കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ചത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2026-27 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആദ്യ ഹോം മത്സരം ഇന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം രാത്രി 7.30നു മുംബൈ സിറ്റി എഫ്സിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പോരാട്ടം.
ആദ്യരണ്ടു മത്സരങ്ങളില്‍ ഒരു ജയം, ഒരു തോല്‍വി എന്നിങ്ങനെയാണ് കൊച്ചി ക്ലബ്ബിന്റെ പ്രകടനം. ഇന്റര്‍ കാശിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് സീസണ് ആരംഭിച്ചത്.
എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേ നടന്ന എവേ പോരാട്ടത്തില്‍ 4-1ന്റെ തോല്‍വി വഴങ്ങി. മൊമൊ യാന്‍സനെ, ആന്ദ്രെ ഗ്രീന്‍, അഡ്രിയാന്‍ ലൂണ എന്നിവര്‍ നയിക്കുന്ന ആക്രമണ ത്രയത്തിനു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ശോഭിക്കാനായില്ല.
മുംബൈ സിറ്റി എഫ്സിക്ക് ഈ സീസണില്‍ ഇതുവരെ ജയം നേടാന്‍ സാധിച്ചിട്ടില്ല. രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റി എഫ്സിക്ക് ഒരു സമനിലയും ഒരു തോല്‍വിയുമാണ്.
അല്‍ ഫുര്‍സാന്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ ഏറ്റെടുത്തശേഷമുള്ള കൊച്ചിയിലെ ആദ്യ മത്സരമാണിത്. സ്റ്റേഡിയത്തിന്റെ വാടകയെചൊല്ലി ഉടമകളായ ജിസിഡിഎയും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മിലുണ്ടായ തര്‍ക്കം രമ്യമായി പരിഹരിച്ചതോടെയാണു ഹോം മത്സരത്തിന് കളമൊരുങ്ങിയത്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അഥോറിറ്റിയും തമ്മിൽ ധാരണയായതോടെ മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്താൻ തീരുമാനിച്ചു. ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തുടരുമെന്ന് ഉറപ്പായി. മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയും ഉടൻ ആരംഭിക്കും.
കഴിഞ്ഞ വർഷത്തെ വാടക നിരക്കായ ഒരു മത്സരത്തിന് 3.5 ലക്ഷം രൂപ തന്നെ തുടരാനാണ് ധാരണ. വാടകയിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഒരു മത്സരത്തിന് എട്ടു മുതൽ ഒമ്പതു ലക്ഷം രൂപ വരെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് ഇളവ് തേടി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. സർക്കാർ ഉത്തരവുണ്ടെങ്കിൽ വാടകയിൽ ഇളവ് അനുവദിക്കാമെന്ന് ജിസിഡിഎ അറിയിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും തമ്മിൽ ധാരണയായതോടെ മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടക്കും.
ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് ഉറപ്പായി. മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ വാടകത്തുക നിലനിർത്തി. ഒരു മത്സരത്തിന് മൂന്നര ലക്ഷം രൂപ തുടരും.
ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്. പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും.
ബ്ലാസ്റ്റേഴ്സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ ഇളവ് നൽകാമെന്ന് ജിസിഡിഎ മറുപടി നൽകി. മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തീരുമാനം.
Kerala
വൈപ്പിന്‍: ജോലിക്ക് പോയ 36കാരിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. പുതുവൈപ്പ് സ്വദേശിയായ യുവതി വ്യാഴാഴ്ച രാവിലെ മുരുക്കും പാടത്തേക്കാണ് ജോലിക്ക് പോയത്.
വൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തും.
കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് എത്തിച്ച് എയർ ഇന്ത്യ വിമാനത്തിൽ ഇന്നു പുലർച്ചെ കൊച്ചിയിലുമെത്തിക്കും.
ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ (25) മൃതദേഹം ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിൽ എത്തിച്ച് ഇന്നു പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും.
മൂന്നു മൃതദേഹങ്ങളും ഒരേ ദിവസമാണ് കൊച്ചിയിലെത്തുന്നതെങ്കിലും രണ്ട് വ്യത്യസ്ത വിമാനങ്ങളിലായിരിക്കും എത്തിക്കുക. തുടർന്ന് നോർക്ക റൂട്സ് ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.
Business
കൊച്ചി: ദക്ഷിണേന്ത്യൻ നഗരങ്ങളിൽ യുപിഐ വഴി വായ്പകൾ സ്വീകരിക്കുന്നതിൽ കൊച്ചി, തിരുവനന്തപുരം, കോയന്പത്തൂർ, വിജയവാഡ നഗരമേഖലകളിലുള്ളവർ മുന്നിലെന്നു പഠനം.
ഇൻഷ്വറൻസ്, നിക്ഷേപം എന്നിവയ്ക്കായി യുപിഐ പ്ലാറ്റ് ഫോമുകളെ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചതായി പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഡിജിറ്റൽ പേമെന്റുകൾ സ്വീകരിക്കുന്നതിലൂടെ പ്രവർത്തനക്ഷമതയിലും വില്പനയിലും നേട്ടമുണ്ടായതായി 79.5 ശതമാനം പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ പങ്കെടുത്ത വ്യാപാരികൾ പറഞ്ഞു.
ടയർ 3 നഗരങ്ങളിലെ വ്യാപാരികളാണു ഡിജിറ്റൽ പേമെന്റുകളോട് കൂടുതൽ താത്പര്യം പ്രകടിപ്പിച്ചതെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് അടക്കമുള്ള കേസുകളുടെ അവലോകനത്തിനായി ഇഡി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൊച്ചിയില്‍ തുടരും. ഇഡി സ്പെഷല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം.
പിണറായി വിജയന് എതിരെയുളള വിജിലന്‍സ് കേസിന്റെ അന്വേഷണം സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന നിലപാടിലാണ് ഇഡി. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് മാത്രമാണ് കോടതി പരാമര്‍ശമെന്ന് ഇഡി സ്പെഷല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ വിലയിരുത്തി. ഇഡി രജിസ്റ്റര്‍ ചെയ്ത ഇസിഐആര്‍ കോടതി സ്റ്റേ ചെയ്തിട്ടില്ല.
അതിനാല്‍ നിമയനടപടികളുമായി മുന്നോട്ട് പോകാനാണ് ഇഡിയുടെ നീക്കം. ഇന്നലെ രാവിലെ മുതല്‍ ചേര്‍ന്ന ഇഡി യോഗത്തില്‍ കൊച്ചി ഓഫീസ് അന്വേഷിക്കുന്ന വിവിധ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തി. അതേസമയം, നാളെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് പിണറായി വിജയന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Kerala
എറണാകുളം: കൊച്ചി വൈപ്പിനിൽ പൊലിസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തിപരിക്കേൽപ്പിച്ചു. ഞാറയ്ക്കൽ സ്റ്റേഷനിലെ എസ്ഐ ജിതിൻ, സിപിഒ രാകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സംഘം സ്ഥലത്തെത്തുന്നത്. മുന്ന എന്ന കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നംഗ സംഘം ബസ് ഡ്രൈവറെ മർദിച്ചിരുന്നു.
മർദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഗുണ്ടകളുടെ ആക്രമണത്തിൽ പൊലിസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പൊലിസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മുന്ന എന്ന പ്രജിത്ത്, ഇയാളുടെ സഹോദരനായ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹിൽ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ റിട്ടയേർഡ് ജഡ്ജിയുടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ സ്വദേശി ആനന്ദ് ബാബു (32) ആണ് രാജസ്ഥാൻ പൊലിസും കൊച്ചി സിറ്റി പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടിയിലായത്.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് ഇവർ റിട്ടയേർഡ് ജഡ്ജിയിൽ നിന്ന് പണം തട്ടുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലിസ് അറിയിച്ചു.
Business
കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ പന്ത്രണ്ട് ഇനം കേക്കുമായി നവ്യ ബേക്ക് ഷോപ്പ്. നവ്യയുടെ കേക്ക് മിക്സിംഗ് ആഘോഷം നവ്യ ഹോമിൽ നടന്നു. ചലച്ചിത്ര താരം മിയ ജോർജ് കേക്ക് മിക്സിംഗ് ഉദ്ഘാടനം ചെയ്തു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഡാർക്ക്, മിൽക്ക് ചെക്ലേറ്റുകൾ പുറത്തിറക്കി. നവ്യ ബേക്ക് ഷോപ്പ് മാനേജിംഗ് ഡയറക്ടർ ബിജു, ഡയറക്ടർമാരായ ജിജി, മരിയ, റോസ്, എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.
റിച്ച് പ്ലം, ട്രഡീഷണൽ പ്ലം, സെലിബ്രേഷൻ, ഫിയസ്റ്റ, ഇംഗ്ലീഷ് ഫ്രൂട്ട് കേക്ക്, ജാഗറി മില്ലറ്റ്, എഗ്ഗ്ലസ് പ്ലം, വൈറ്റ് പ്ലം, ഷുഗർ ഫ്രീ പ്ലം, ചോക്കലേറ്റ് ഫ്രൂട്ട് കേക്ക്, റോയൽ ഐസിംഗ്, റം ആൻഡ് റൈസിൻ എന്നിവയാണ് നവ്യയുടെ ക്രിസ്തുമസ് സ്പെഷൽ കേക്കുകൾ.
പ്രകൃതിദത്ത നിറങ്ങളും ഫ്ലേവറുകളും ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ കേരളത്തിൽ ആദ്യമായി രംഗത്തിറക്കിയ നവ്യ ബേക്ക് ഷോപ്പ് ഗുണമേന്മയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകുന്നത്.യൂറോപ്യൻ നിലവാരത്തിലുള്ള പാസ്ചറൈസ് ചെയ്ത ലിക്വിഡ് എഗ്, മികച്ച ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രിസർവേറ്റീവുകൾ ചേർക്കാതെയുള്ള ഉൽപ്പന്നനിർമാണത്തിനാണ് പ്രാധാന്യം നൽകുന്നത്. മികച്ച ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സും ഫാർമസ്യൂട്ടിക്കൽ ഗ്രേഡിലുള്ള പഞ്ചസാരയും ഉൽപ്പന്നനിർമാണത്തിന് ഉപയോഗിക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പേപ്പറുകളും പാക്കിങ് സാമഗ്രികളുമാണ് ഉൽപ്പന്നങ്ങൾ പൊതിയുന്നതിനായി ഉപയോഗിക്കുന്നത്.
ട്രാൻസ് ഫാറ്റ് രഹിത കൊഴുപ്പുകളുടെ ഉപയോഗവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വത്തിനും പ്രത്യേക പരിഗണന നൽകുന്നു. കേരളത്തിൽ ഫൈവ് സ്റ്റാർ ശുചിത്വ റേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബേക്കറിയെന്ന പ്രത്യേകതയും നവ്യയ്ക്കുള്ളതാണ്.
Kerala
കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് മുന്നിലെ തീവയ്പ് കേസില്‍ പ്രതി എബിന് പോളിനെ നിയന്ത്രിച്ചിരുന്ന ബോസിനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മിറര്‍ ഇമേജിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഞായറാഴ്ച എബിന് പോളുമായി പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു.
സിനഗോഗിന് പുറമെ ഇയാള്‍ മാസങ്ങള്‍ക്കു മുമ്പ് തീവച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോ റൂമിലും പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലും തീ കൊടുക്കാനുള്ള ലൈറ്റര്‍ വാങ്ങിയ പുത്തന്‍കുരിശിലെ കടയിലും പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പുകളിലും വാളകം അമ്പലംപടിയില്‍ തീയിട്ട വീട്ടിലും എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വന്‍ പൊലിസ് സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്. സിനഗോഗിലും തൃപ്പൂണിത്തുറയിലും പുത്തന്‍കുരിശിലും തെളിവെടുപ്പു നടത്തിയ ശേഷമാണ് മൂവാറ്റുപുഴ വാളകത്തുള്ള രണ്ടു കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തിയത്.
ബോസ് എന്നയാളുടെ നിര്‍ദേശ പ്രകാരമാണ് എബിന് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയെങ്കിലും ഇതാരാണെന്നു സ്ഥിരീകരിക്കാന്‍ പൊലിസിനായിട്ടില്ല. ബോസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ന ല്കാതെയാണ് പ്രതി ഒഴിഞ്ഞു മാറുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല എന്ന മറുപടിയാണ് ഇയാള്‍ നല്‍കുന്നത്.
ബോസിനോട് എകെ 47 ഉള്‍പ്പടെ ആയുധങ്ങള്‍ ആവശ്യപ്പെടുന്ന ചാറ്റുകള്‍ പൊലിസ് കണ്ടെത്തിയിരുന്നു. ഇയാളുടെ അജ്ഞാത ടെലിഗ്രാം ചാറ്റുകളെ കുറിച്ച് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ടെലിഗ്രാം കമ്പനിക്ക് പൊലിസ് കത്തയച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ തീയിട്ടതിന് 5,000 രൂപയും സിനഗോഗിനു മുന്നില്‍ തീയിട്ടതിന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയും സ്വീകരിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ നീക്കം.
Kerala
കൊച്ചി: കളമശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം നോച്ചിമ സ്വദേശി വസന്തകുമാരി(58) ആണ് മരിച്ചത്. ഡ്രൈവറായ ഭർത്താവുമൊത്ത് യാത്ര ചെയ്യുകയായിരുന്നു വസന്തകുമാരി.
ഭർത്താവ് കലാധരൻ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കളമശേരി എൻഎഡി റോഡിലായിരുന്നു അപകടം. കളമശേരി ഭാഗത്തുനിന്ന് എൻഎഡി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഇരുവരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വസന്തകുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരപരിക്കേറ്റ കലാധരനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് പൊലിസ് സ്റ്റേഷന്റെ എതിർവശത്തെ കടകളിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തോപ്പുംപടി പൊലിസ് സ്റ്റേഷന് എതിർവശത്തുള്ള നാല് കടകളിലാണ് മോഷണം നടന്നത്.
നാല് ലക്ഷത്തോളം രൂപയാണ് നഷ്ടമായതായി പരാതിയുള്ളത്. ആന്റണി എന്നയാളുടെ പലചരക്ക് കടയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയും, അഷലിൻ എന്നയാളുടെ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും, സ്റ്റേഷന് നേരേ എതിർ വശമുള്ള സ്നബിയുടെ കടയിൽ നിന്ന് 1700 രൂപയും, സമദിന്റെ മൊബൈൽ കടയിൽ നിന്നു രണ്ട് ബ്ലൂടൂത്ത് ഹെഡ് ഫോണുകളുമാണ് മോഷ്ടിച്ചത്.
കടകളുടെ പിറകുവശത്തെ റൂഫിംഗ് ഷീറ്റുകൾ അഴിച്ചുമാറ്റി ഉള്ളിൽ കടന്നായിരുന്നു കവർച്ച. പ്രതികൾക്കായി പൊലിസിന്റെ തെരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28)ആണ് പിടിയിലായത്.
മൂവാറ്റുപുഴയിൽ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽ നിന്ന് ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് 10,000 രൂപാ തട്ടിയെടുക്കുകയായിരുന്നു. ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം.
പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എടിഎമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. സമാന രീതിയിൽ ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തി പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
വൈപ്പിൻ: മോട്ടോർ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ കൈപ്പത്തിയിലൂടെ കാർ കയറിയിറങ്ങി. കൊടുങ്ങല്ലൂർ മേത്തല തോപ്പിൽ വീട്ടിൽ തോപ്പിൽ വീട്ടിൽ മുഹമ്മദ് ആദിലിനാണ് (26) പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി 9.30ന് വൈപ്പിൻ സംസ്ഥാനപാതയിൽ മാലിപ്പുറം പാൽ ഡയറിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലിസ് കേസ് എടുത്തിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ വാഹനമോടിച്ച സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വാദം കേൾക്കുക.
സുഹൈൽ സജീവ് അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം ഉൾപ്പെടെയുള്ള തെളിവുകൾ പൊലിസ് കോടതിയിൽ ഹാജരാക്കും.
കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കി പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലിസിന്റെ നീക്കം. എന്നാൽ പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം ആവശ്യപ്പെട്ട് ഇനി ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്.
Kerala
കൊച്ചി: അഭിമന്യു വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 16 പ്രതികളും ഒരുപോലെ വസ്ത്രം ധരിച്ച് മാസ്ക് വച്ചാണ് എത്തിയത്. മാസ്ക് വച്ച് പ്രതിക്കൂട്ടില്‍ കയറിയ പ്രതികളെ കോടതി വിമര്‍ശിച്ചു. മാസ്ക് അഴിപ്പിച്ച ശേഷം ഇനി ഇങ്ങനെ വന്നാല്‍ കര്‍ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്കി.
പ്രത്യേകം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മുടി പോലും ഒുരപോലെ വെട്ടിയാണ് 16 പ്രതികളും കോടതിയില്‍ ഹാജരായത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷര്‍ട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ചാണ് പ്രതികള്‍ എത്തിയത്. ജഡ്ജ് ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതികള്‍ മാസ്ക് അഴിച്ചുമാറ്റുകയായിരുന്നു.
അഭിമന്യു വധക്കേസില്‍ എട്ടു വര്‍ഷത്തിന് ശേഷമാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. ഒന്നാം സാക്ഷിയെയാണ് വിസ്തരിച്ചത്. കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കേസില്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളെ 16നും ആറു മുതല്‍ എട്ടു വരെ സാക്ഷികളെ 17നും വിസ്തരിക്കും. ബാക്കിയുള്ള സാക്ഷികളെ നവംബര്‍ 12നുള്ളിലും വിസ്തരിക്കും. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളില്‍ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്.
Kerala
കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച കേസില്‍ പ്രതി എബിന് ബി. പോളിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സിനഗോഗിന് മുന്‍വശത്തുള്ള ബ്ലോസം നഴ്സറിക്കു പ്രതി തീയിട്ടത്. കാറില്‍ എത്തിയ പ്രതി വാഹനത്തില്‍ നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികള്‍ക്കും ഫ്ലക്സുകള്‍ക്കും തീകൊളുത്തുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയശേഷമാണ് ഇയാള്‍ കടന്നുകളഞ്ഞത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പൊലിസ് സിസിടിവി ദൃശ്യങ്ങളുടെയും 150ഓളം പേരില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പുത്തന്‍കുരിശിലെ വാടകവീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.
സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്റെ സൂത്രധാരനായ പാക്കിസ്ഥാന് ബോസ് പ്രതിക്ക് ആയുധങ്ങള്‍ എത്തിച്ചു നല്കാന് നീക്കം നടത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്റെ നിര്‍ണായക വിവരങ്ങളും പൊലിസ് കണ്ടെടുത്തു.
ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്‍ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
പ്രതിയുമായി ആശയവിനിമയം നടത്തിയ മറ്റൊരാളെ കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇവര്‍ നടത്തിയ ചാറ്റില്‍ പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയില്‍ മുന്‍കൂറായി രണ്ടു ലക്ഷം രൂപ എബിന് നല്‍കിയതിനും തെളിവ് ലഭിച്ചു. കൊച്ചിക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും എബിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ ടെലിഗ്രാം അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു ടെലിഗ്രാമിന് പൊലിസ് നോട്ടീസ് അയക്കും.
പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തിരുന്നു. രാജ്യാന്തര ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. എന്‍ഐഎയെ കൂടാതെ എബിനെ ഐബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തു.
കേസ് അന്വേഷണത്തിനായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം കലൂരില്‍ വന്‍ കഞ്ചാവ് വേട്ട. 30 കിലോയില്‍ അധികം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ ഹായ് മൊല്ലയാണ് പിടിയിലായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 50 ലക്ഷം രൂപ വില വരുമെന്നാണ് പൊലിസ് അറിയിക്കുന്നത്.
ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് മലയാളികള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വില്‍പ്പന റാക്കറ്റിന് നല്‍കിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതി. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന മലയാളികളിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നാളുകളായി പൊലിസ് നിരീക്ഷണത്തിലായിരുന്നു പ്രതി. സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും പിടികൂടിയത്. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമർപ്പിച്ച ഹർജിയിൽ അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍.
കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.
ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില്‍ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില്‍ വാദം തുടരുകയാണ്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണെന്നും പി. രാജീവ് പറഞ്ഞു.
അതിലാണ് കോടതി കൈകടത്തിയതെന്ന് പി. രാജീവ് ആരോപിച്ചു. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടിസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യമാകെ എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഇവിടെ എഫ്ഐആറിലാണ് ശ്രദ്ധയെന്നും ഇതിന് പിന്നിൽ ബിജെപി ഡീൽ ആണെന്നും രാജീവ് വിമർശനം ഉന്നയിച്ചു. നാളെ രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് എവിടെയെങ്കിലും കൊടുത്താൽ എഫ്ഐആർ ഇടുമോയെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നെടുമ്പാശേരി മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് കറക്ഷണൽ ഹോമിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
അറസ്റ്റിലായ ഇരുവർക്കും പ്രായം 19 ആണ്. ഇരുവരുടെയും പ്രായം പരിഗണിച്ചാണ് നടപടിയെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസമയം അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് പ്രതി സുഹൈൽ സജീവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ബിഎംഡബ്ല്യുവിൽനിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.
Kerala
നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയില്‍ നിന്നും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വിഐപി റോഡ് അപകട മുനമ്പായി മാറുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ടു ജീവനുകളാണ് ഇവിടെ അപകടങ്ങളില്‍ പൊലിഞ്ഞത്. വിവിധ അപകടങ്ങളില്‍ പരിക്കേറ്റ് നിരവധി പേര് ഇപ്പോഴും ചികിത്സയിലുമാണ്.
ഞായറാഴ്ച പുലര്‍ച്ചെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്കൂട്ടറിന് പിന്നിലിടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ വിഐപി റോഡിലെ സുരക്ഷാ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
രാത്രി കാലങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്. രാത്രിയില്‍ വാഹനത്തിരക്ക് കുറയുന്നതോടെ ചില യുവാക്കള്‍ കാറുകളിലും ബൈക്കുകളിലുമായി അമിതവേഗത്തില്‍ പായുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറമെ ബൈക്കുകള്‍ നിയന്ത്രണംവിട്ട് മറിഞ്ഞും മീഡിയനുകളില്‍ ഇടിച്ചുകയറിയും അപകടങ്ങള്‍ പതിവാണ്. നാട്ടുകാര്‍ പലതവണ ഇക്കാര്യം പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 12ന് വിമാനത്താവള റോഡിലെ മേല്‍പ്പാലത്തിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ മരിച്ചിരുന്നു. മേയ് അഞ്ചിന് പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിനിയായ ഇഷാനയും മരിച്ചു. അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇഷാന.
ജൂണ്‍ 29ന് വിമാനത്താവള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ആദിത്യ പ്രസാദും സുഹൃത്ത് കബിലുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി സിഗ്നലില്‍ കാത്തുകിടന്ന കാറിന് പിന്നിലിടിച്ചുകയറുകയായിരുന്നു.
ഓഗസ്റ്റ് 23ന് വിമാനത്താവള റോഡിലെ സുവര്ണാധ്യാനത്തിന് സമീപമുണ്ടായ അപകടത്തില്‍ മാള സ്വദേശിനി വത്സലയും മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചായിരുന്നു അപകടം.
റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തില്‍ പലവണ പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും അത്താണി ജംഗ്ഷനില്‍ അടിയന്തരമായി പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.
കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ് അമിത വേഗത്തില്‍ ഓടിച്ച് മൂന്നു ജീവനുകള്‍ എടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്‍ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
Kerala
കൊച്ചി: കൊച്ചിയിൽ 15 വയസുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആലുവയ്ക്കു സമീപമുള്ള കുന്നത്തേരിയിലാണ് സംഭവം.
ബ്ലേഡ് ഉപയോഗിച്ചായിരുന്നു പ്രതികൾ കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കാക്കനാട് സ്വദേശിയായ കുട്ടിയുടെ സുഹൃത്തുമായുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് ആണ് പിടിയിലായത്.
അതേസമയം അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.