പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് നഗരത്തിലെ ശരാശരി വായുനിലവാര സൂചിക 364 ആയി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇത് വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വെള്ളിയാഴ്ച ഇത് 389 ആയിരുന്നു. നേരിയ പുരോഗതിയുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
നഗരത്തിലെ ചില പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം ഗുരുതര വിഭാഗത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഐഐടി ഡൽഹിയിൽ എക്യുഐ 443-ഉം പഞ്ചാബി ബാഗിൽ 433-ഉം നരേലയിൽ 409-ഉം രേഖപ്പെടുത്തി. ഇവയ്ക്ക് പുറമെ കന്റോൺമെന്റിൽ 315-ഉം, ധൗള കുവാനിൽ 318-ഉം, ആനന്ദ് വിഹാറിൽ 272-ഉം ആണ് എക്യുഐ രേഖപ്പെടുത്തിയത്.
മലിനീകരണം കൂടുതൽ വഷളാകുന്നത് തടയാൻ ദീപാവലിക്ക് രണ്ടുദിവസം മുമ്പ് തന്നെ ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ അധികൃതർ നടപ്പാക്കിയിരുന്നു. ഡൽഹിക്കും ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് ചേർന്നുള്ള എൻസിആർ ജില്ലകൾക്കും ഇത് ബാധകമാണ്.
പഴയ ലൈറ്റ്, മീഡിയം ഗുഡ്സ് വാഹനങ്ങളും ഡൽഹിയിൽ രജിസ്റ്റർ ചെയ്യാത്ത ഡീസൽ വാണിജ്യ വാഹനങ്ങളും കർശനമായി നിയന്ത്രിച്ചിരിക്കുന്നു. പൊടി ഉണ്ടാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, പൊളിക്കൽ, റോഡ് നിർമാണം, ഖനനം എന്നിവ പൂർണമായി നിർത്തിവച്ചു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മെട്രോ സർവീസുകളും അധിക ബസുകളുടെ സർവീസും വർധിപ്പിച്ചു.
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് പഠനരീതി ഏർപ്പെടുത്താനും നിർദേശമുണ്ട്.കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
Tags : AirPollution Severe Diwali