ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സന്ദീപ്-ശ്രുതി ദമ്പതികള്‍.
കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മാതാപിതാക്കളടക്കം കുടുംബത്തിലെ ഒമ്പത് അംഗങ്ങളെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായി നാടിന്റെയാകെ കണ്ണീരായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് മംഗല്യം. വിധി നിഷ്ഠൂരം വേട്ടയാടിയ അവള്‍ക്ക് ഇനി പുതുജീവിതം.
ഇന്ന് രാവിലെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ശ്രുതിയെ മാനന്തവാടി പെരുവക വലിയപറമ്പത്ത് സന്ദീപ് മിന്നുചാര്‍ത്തി ജീവിതസഖിയാക്കി. പെരുവക ശ്രീ മുത്തപ്പന് ക്ഷേത്രം മഠാധിപതി വലിയപറമ്പത്ത് ശങ്കരന് മടയച്ഛന്-സത്യഭാമ ദമ്പതികളുടെ മകനാണ് സന്ദീപ്. വയനാട് സിവില്‍ സ്റ്റേഷനില്‍ പിജി സെക്ഷനിലാണ് ഇദ്ദേഹത്തിന് ജോലി. സിവില്‍ സ്റ്റേഷനിലാണ് ശ്രുതിയും സേവനം ചെയ്യുന്നത്.
റവന്യു മുന്‍ മന്ത്രി കെ. രാജന് എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു നടന്ന ആദ്യ വിവാഹമായിരുന്നു ശ്രുതിയുടെയും സന്ദീപിന്റെയും. ശ്രുതിക്ക് സാന്ത്വനവും ആത്മവിശ്വാസവും പകരാനും സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്താനും മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജന്. സന്ദീപ് ശ്രുതിയുടേതാകുന്ന നിമിഷത്തിന് സാക്ഷികളാകാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം തൃശൂരില്‍ എത്തിയിരുന്നു. പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തിന്റെ ഏറ്റവും കഠിനമായ തിക്തഫലം നേരിടേണ്ടിവന്ന യുവതിയാണ് ശ്രുതി.
2024 ജൂലൈ 30നു രാത്രി പുഞ്ചിരിമട്ടം മലന്തലപ്പിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ് ശിവണ്ണന്, മാതാവ് സബിത, സഹോദരി ശ്രേയ എന്നിവരടക്കമുള്ളവരെയാണ് അവള്‍ക്ക് നഷ്ടമായത്. കോഴിക്കോട് ജോലി ചെയ്തിരുന്ന ശ്രുതി ദുരന്തദിനത്തില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്കൂള്‍കാലം മുതല്‍ സൗഹൃദത്തിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുള്‍ദുരന്തം.
ഉറ്റവരെയെല്ലാം ഉരുളെടുത്തതിന്റെ വേദനയില്‍ നീറിയ ശ്രുതിക്ക് ആശ്വാസമായത് ജെന്‍സന്റെയും വീട്ടുകാരുടെയും സാന്ത്വനമായിരുന്നു. ശ്രുതിയെ ചേര്‍ത്തുപിടിച്ച ജെന്‍സനെയും അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി. 2024 സെപ്റ്റംബര്‍ 10ന് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന്റെ ജീവന് പൊലിഞ്ഞു.
ശ്രുതി ഉള്‍പ്പെടുയുള്ളവരുമായി യാത്ര ചെയ്യുന്നതിനിടെ ജെന്സന് സഞ്ചരിച്ച ഓംനി വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്സന് 11നു രാത്രി മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അപകടത്തില്‍ രണ്ടു കാലിനും പൊട്ടലേറ്റ ശ്രുതി ആഴ്ചകളോളം ചികിത്സയിലായിരുന്നു.
ശ്രുതിയുടെ കാലില്‍ ശസ്ത്രക്രിയ നടത്തിയ ദിവസമായിരുന്നു ജെന്‍സന്റെ വിയോഗം. ഉരുള്‍ ദുരന്തത്തിനുശേഷം കല്‍പ്പറ്റ അമ്പിലേരി ഗ്രാമത്തുവയലില് ബന്ധുവിന്റെ സംരക്ഷണത്തിലാണ് ശ്രുതി കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കേ സന്ദര്ശിക്കാനെത്തിയവര്ക്കുമുമ്പില് ശ്രുതി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തോറ്റുപിന്മാറാന് ഇല്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവള്. ആ ധൈര്യത്തിന് കൂടുതല്‍ പിന്ബലമേകാന് ഇനി സന്ദീപുമുണ്ട്.
Tags : Shruti Wayanad Marriage landslide Sandeep Guruvayur Temple