പി.ടി. ഉഷ.
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വനിതാ താരങ്ങൾക്കിടയിൽ ശക്തമായ മത്സരം. ആറ് പ്രമുഖ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്. നിലവിലെ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാളും ഉൾപ്പെടെ മത്സരരംഗത്തുണ്ട്.
സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചാൽ മാത്രമേ പി.ടി.ഉഷയ്ക്ക് വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന ആറ് പേരിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന നാല് പേരാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ഡോല ബാനർജി, അനിത പോൾ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു താരങ്ങൾ. തിങ്കളാഴ്ചയാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി ഒമ്പതാം തീയതിയാണ് എസ്ഒഎം വിഭാഗത്തിലെ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആകെ 80 അംഗങ്ങളുള്ള എസ്ഒഎം പാനലിൽ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കുന്നത്. നാല് പുരുഷന്മാരും നാല് വനിതകളുമാണ് ഈ വിഭാഗത്തിൽ നിന്ന് എത്തുക.
തെരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരിൽ നിന്ന് രണ്ട് പ്രതിനിധികൾ, ഒരു പുരുഷനും ഒരു വനിതയും, ഐഒഎയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് എത്തും. ഇവർക്ക് ഡിസംബറിൽ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ ഐഒഎ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും അവസരമുണ്ടാകും.
അതേസമയം പുരുഷ വിഭാഗത്തിലെ നാല് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഷൂട്ടിംഗ് താരം ഗഗൻ നാരംഗ്, ബോക്സിംഗ് താരം വിജേന്ദർ സിങ്, ഗുസ്തി താരം യോഗേശ്വർ ദത്ത്, ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ജനറൽ കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
Tags : Indian Olympic Association IndianOlympicAssociation IOAElections P.T.Usha AnjuBobbyGeorge SainaNehwal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash