ആന്റോ അഗസ്റ്റിന്.
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇഡി കേസെടുത്തു. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.
മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇഡി അന്വേഷണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മെസിയുടെ പേര് ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോ, ഇടപാടുകളിൽ ആർക്കൊക്കെ സാമ്പത്തിക ലാഭമുണ്ടായി തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാറില്ലാതെ വിട്ടുനൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും.
സാധാരണയായി സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അഞ്ച് കോടി രൂപ കരുതൽധനമായി നൽകണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക ക്രമക്കേടുകളോ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. മെസി കേരളത്തിലെത്തുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും സ്റ്റേഡിയം കൈമാറ്റത്തിനും പിന്നിലെ പണമിടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താനാണ് നീക്കം.
അതേസമയം പൊലിസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. കരാർ ലംഘമുണ്ടാക്കിയാൽ തന്നെ അതിൽ സർക്കാരോ പൊതുജനങ്ങളോ കക്ഷിയല്ലെന്നുമാണ് പ്രധാനവാദം. സ്റ്റേഡിയം കൈമാറുമ്പോൾ അഞ്ചു കോടി രൂപയുടെ ഡെപ്പോസിറ്റ് ഇളവ് നൽകിയത് സർക്കാർ ഉത്തരവിലൂടെയല്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി അടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കും.
Tags : ED Case LionelMessi MessiKeralaVisit EDInvestigation EnforcementDirectorate FinancialFraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash