കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം വാഴക്കാലയിലും ഇഡി റെയ്ഡ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ജോര്‍ജ് നേരിയംപറമ്പിലിന്‍റെ ഫ്‌ളാറ്റിലാണ് നിലവില്‍ ഇഡി റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത്.
ജോര്‍ജ് നേരിയംപറമ്പലിന്‍റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ രാഗം തിയേറ്റര്‍ ബിഎല്‍എം ഗ്രൂപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കൊച്ചി കൂടാതെ ചെന്നൈ, കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവടങ്ങളിലായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇഡി ഇപ്പോള്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഉയര്‍ന്ന ലാഭവിഹിതവും പലിശയും വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സൊസൈറ്റിയിലേക്ക് വന്ന നിക്ഷേപത്തുക സ്ഥാപകന്‍ ആര്‍. പ്രേംകുമാര്‍ തനിക്കും ബന്ധുക്കള്‍ക്കുമായി വകമാറ്റി ചെലവഴിച്ചു. കൂടാതെ തൃശൂരിലെ തിയേറ്റര്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ വാങ്ങുന്നതിനും ഇവര്‍ നിയന്ത്രിക്കുന്ന സ്വകാര്യ കമ്പനികളുടെ അക്കൗണ്ടുകളിലേക്കും അനധികൃതമായി പണം വകമാറ്റി നിക്ഷേപിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ബിഎല്‍എം ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.