ഹൊർഹെ ജെസ്യൂസ് , ക്രിസ്റ്റ്യാനൊ റൊണാൾഡോ
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ വിരമിക്കലിനെക്കുറിച്ചുള്ള പ്രതികരണവുമായി ദേശീയ ടീം കോച്ച് ഹൊര്‍ഹെ ജെസ്യൂസ്. വ്യാഴാഴ്ചയാണ് തികച്ചും അപ്രതീക്ഷിതമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ദേശീയ ടീം മുഖ്യപരിശീലകന്‍ ഹൊര്‍ഹെ ജെസ്യൂസുമായുള്ള അകല്‍ച്ചയാണ് റൊണാള്‍ഡോയുടെ പെട്ടെന്നുള്ള തീരുമാനത്തിനു കാരണമെന്നു വിലയിരുത്തപ്പെട്ടു. റൊണാള്‍ഡോയുടെ അപ്രതീക്ഷിത വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന്, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആരോടും മാപ്പു പറയേണ്ട സാഹചര്യമില്ല, പശ്ചാത്താപവുമില്ല എന്നും ഹൊര്‍ഹെ ജെസ്യൂസ് പറഞ്ഞു.
“റൊണാള്‍ഡോയുടെ തീരുമാനം തികച്ചും അദ്ദേഹത്തിന്റേതു മാത്രമാണ്. എനിക്ക് അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി ഞാന്‍ എടുത്ത ഒരു ടാക്റ്റിക്കല്‍ തീരുമാനമായിരുന്നു അത് (റൊണാള്‍ഡോയെ കളിപ്പിക്കാതിരുന്നത്). ഒരു പരിശീലകനെന്ന നിലയില്‍, എന്റെ ടീമിന്റെ താത്പര്യം മുന്‍നിര്‍ത്തി ഞാന്‍ എടുത്ത തീരുമാനമാണത്. ആ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സാഹചര്യം ഇത്തരത്തില്‍ മാറാനുള്ള (വിരമിക്കല്‍) ഒന്നും ഞാന്‍ ചെയ്തിട്ടില്ല’’- ജെസ്യൂസ് വ്യക്തമാക്കി.
ടാക്റ്റിക്കല്‍ നീക്കം
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായി ഒരുതരത്തിലുള്ള വാക്കുമാറ്റവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും ഒരു കാര്യത്തിനും മാപ്പു ചോദിക്കാനില്ലെന്നും ഹൊര്‍ഹെ ജെസ്യൂസ് വ്യക്തമാക്കി.
“ക്രിസ് ആഗോളതലത്തില്‍ മാതൃകാ താരമാണ്. പോര്‍ച്ചുഗലിന്റെയും ദേശീയ ടീമിന്റെയും അഭിമാനവും. വര്‍ഷങ്ങളായി ദേശീയ ടീമിനായി അദ്ദേഹം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യുവ പോര്‍ച്ചുഗീസ് താരങ്ങള്‍ക്ക് അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
അല്‍ നസറില്‍ അദ്ദേഹത്തോടൊപ്പം ഒരു വര്‍ഷം ജോലി ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചിരുന്നു. ഞങ്ങളുടെ ഓഡിറ്റോറിയത്തില്‍ പോലും അദ്ദേഹത്തിന്റെ ഒരു വലിയ ചിത്രം ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ മാത്രമല്ല, ദിവസവും ആ ഓഡിറ്റോറിയത്തില്‍ ഒത്തുചേരുന്ന സഹപ്രവര്‍ത്തകരും അദ്ദേഹത്തെ ഒരു മാതൃകയായി കാണണമെന്നാണ് എന്റെ ആഗ്രഹം.
അതിനാല്‍, ഇത് പൂര്‍ണമായും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. തുടരണമെന്നും എന്റെ കൂടെ തന്നെ ഉണ്ടാകണമെന്നും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കാരണം, അദ്ദേഹം എന്റെ കൂടെയുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ മാനിക്കേണ്ടതുണ്ട്’’- ഹൊര്‍ഹെ ജെസ്യൂസ് കുറിച്ചു.