പ്രതീകാത്മക ചിത്രം
കൊല്ലം: മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെൽവേലി സ്വദേശി രമേഷ് എം. എന്ന സുഭാഷ് (24) ആണ് പിടിയിലായത്.
പ്രതിയെ കൊട്ടിയം പൊലിസ് തമിഴ്നാട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് മനസിലാക്കി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്എച്ച്ഒ. വിഷ്ണു സജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അഭിജിത്ത്, സിപിഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവർ അടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.