പ്രതീകാത്മക ചിത്രം
കോഴിക്കോട്: ചെന്നൈയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന സ്കൂള്‍ മീറ്റില്‍ അവസരങ്ങള്‍ നഷ്ടമായി. ഈ മാസം 21 മുതല്‍ 27 വരെയാണ് ചെന്നൈയില്‍ ജൂനിയർ മീറ്റ് നടന്നത്. ഇന്നലെയാണ് മത്സരങ്ങള്‍ സമാപിച്ചത്. ഇന്നലെ നടന്ന പല മത്സരങ്ങളില്‍നിന്നും അവിടെ പങ്കെടുക്കുന്നവര്‍ പിന്മാറുകയായിരുന്നു.
123 കുട്ടികള്‍ ദേശീയ അത്ലറ്റിക്സില് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നുണ്ട്. ചില കുട്ടികള്‍ ഇന്നലെ രാവിലെ എത്തിച്ചേര്‍ന്നെങ്കിലും യാത്രാക്ഷീണം കാരണം രാവിലെത്തെ മത്സരത്തില്‍ പങ്കെടുത്തില്ല. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ വര്‍ഷാരംഭത്തില്‍ തന്നെ ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നോക്കാതെയാണ് സംസ്ഥാന കായികമേള നിശ്ചയിച്ചതെന്ന് പരിശീലകര്‍ പറയുന്നു.
ലോംഗ്ജംപ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഇടുക്കി പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നുള്ള അഭിയ ആന്‍ ജിജി ഇന്നലെ രാവിലെ മത്സരരംഗത്ത് നിന്ന് പിന്മാറി. ഇന്നലെ രാവിലെയാണ് ചെന്നൈയില്‍ നിന്നെത്തിയത്.
വൈകുന്നേരം ഹൈജംപിലും ട്രിപ്പിള്‍ ജംപിലും മത്സരിക്കേണ്ടതുകൊണ്ടാണ് പിന്മാറിയത്. പണമുള്ളവര്‍മാത്രം മത്സരിക്കാന്‍ വിമാനമാര്‍ഗം എത്തിച്ചേര്‍ന്നു. ഇതിനിടെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ ദേശീയ മീറ്റില്‍നിന്നും പിന്മാറിയ വിദ്യാര്‍ഥികളുമുണ്ട്.
Tags : Chennai Chathamangalam Students Competition Sports SchoolAthleticMeet