ചാത്തമംഗലം (കോഴിക്കോട് ): ട്രാക്കുണർന്നപ്പോൾ വലിയ തീപ്പൊരികളൊന്നും കണ്ടില്ല. രാവിലെ നടന്ന 3000 മീറ്റർ മത്സരങ്ങളും വൈകുന്നേരം നിറഞ്ഞ കാണികൾക്കു മുന്നിൽ നടന്ന 400 മീറ്റർ മത്സരങ്ങളുമായിരുന്നു സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്ലറ്റിക്സിന്റെ ആദ്യദിനത്തിലെ ഹൈലൈറ്റ്.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ശ്രീഹരി കരിക്കനാണ് റിക്കാർഡിട്ടത്. മേളയിലെ ആദ്യ റിക്കാർഡ്. അതേസമയം, സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിന്റെ ഫലം പുറത്തു വിട്ടിട്ടില്ല. പ്രായം സംബന്ധിച്ച പരാതിയാണ് പ്രശ്നം.
ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ ശ്രീഹരി കരിക്കന്‍ 47.84 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 2017ല്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ അഭിഷേക് മാത്യു സ്ഥാപിച്ച 48.88 സെക്കന്‍ഡ് റിക്കാര്‍ഡാണ് മറികടന്നത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ തൃശൂര്‍ കുന്നംകുളം ജിവിഎച്ച്എസ്എസിലെ കെ.ജെ. എബിന് സ്വര്‍ണം നേടി. പ്ലസ് ടു വിദ്യാര്‍ഥിയായ എബിന് 48.06 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. മീറ്റ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് മത്സരിക്കാനെത്തിയ എബിന് കാലിനേറ്റ പരിക്ക് വില്ലനായി.
അതോടെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ ജെറിന് സി. ജോണിനും എ. ശിവപ്രസാദിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. 48.77 സെക്കന്‍ഡില്‍ ജെറിന് ഓടിയെത്തിയപ്പോള്‍ 49.32 സെക്കന്‍ഡിലാണ് ശിവപ്രസാദിന്റെ ഫിനിഷിംഗ്.
സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാടിന്റെ മുന്നേറ്റം
കോഴിക്കോട്: മേളയില്‍ ആദ്യ ദിനത്തില്‍ പാലക്കാടിന്റെ മുന്നേറ്റം. നാലു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 29 പോയിന്റാണ് പാലക്കാടിനുള്ളത്.
മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി 26 പോയിന്റോടെ മലപ്പുറമാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരത്തിനാണ് മൂന്നാം സ്ഥാനം, 13 പോയിന്റ്.
സ്കൂള്‍ വിഭാഗത്തില്‍ ഒമ്പത് പോയിന്റുമായി സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴയാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറം ആലത്തിയൂര്‍ എച്ച്എംഎച്ച്എസിനാണ് രണ്ടാം സ്ഥാനം. കാസര്‍ഗോഡ് ജിഎച്ച്എസ്എസ് കുട്ടമത്ത് മൂന്നാം സ്ഥാനത്തുണ്ട്. ഇന്നു 19 ഫൈനലുകള്‍ നടക്കും.

കോഴിക്കോട്: പരിശീലകനില്ല, പക്ഷേ തളരാത്ത ആത്മവിശ്വാസമുണ്ട്. പിഴവുകള്‍ തിരുത്താന്‍ കൂട്ടിനു യുട്യൂബ് വീഡിയോകളും. കഠിനാധ്വാനത്തെ കരുത്താക്കി ഹാമര്‍ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം സ്വന്തമാക്കിയിരിക്കുകയാണ് മോസസ് ബിനു വര്‍ഗീസ്.
കൊല്ലം പതാരം എസ്എംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മോസസ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലാണ് സ്വര്‍ണം നേടിയത്.
ഷോട്ട്പുട്ടിലൂടെ കായികരംഗത്തെത്തിയ മോസസ്, അധ്യാപകന്റെ നിര്‍ദേശപ്രകാരമാണ് ഹാമര്ത്രോയിലേക്ക് മാറിയത്. ആദ്യ സംസ്ഥാന കായികമേളയില്‍ വെള്ളി നേടിയ താരം ഇത്തവണ 56.32 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്.
സ്ഥിരമായി പരിശീലകനില്ലാത്തതിനാല് താന്‍ ഹാമര്‍ എറിയുന്നതിന്റെ വീഡിയോ ആദ്യം ചിത്രീകരിച്ച് പിന്നീട് ഒളിമ്പിക് താരങ്ങളുടെ പ്രകടനവുമായി താരതമ്യം ചെയ്ത് പിഴവുകള്‍ കണ്ടെത്തി തിരുത്തുകയാണ് ചെയ്യുന്നത്.

കോഴിക്കോട്: ആദ്യശ്രമത്തില്‍ പിഴച്ചെങ്കിലും പിന്നീടുള്ള പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം സ്വന്തമാക്കിയിരിക്കുകയാണ് മുഹമ്മദ് ഫഹദ്.
മലപ്പുറം കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ താരമായ ഫഹദ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 42.35 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സംസ്ഥാന സ്കൂൾ മീറ്റിലെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം നേടിയത്.
2023ലെ കുന്നംകുളം കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി നേടിയ ഫഹദ്, 2024ലും കഴിഞ്ഞ വര്‍ഷവും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
കോഴിക്കോട്: ട്രാക്കില്ലാത്ത ജില്ലയില്‍ നിന്നെത്തി ട്രാക്കിലോടി സ്വര്‍ണം നേടി ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹര്‍ഷ ജോണ്‍.
ആലപ്പുഴ ജില്ലയ്ക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണം ഹര്ഷയിലൂടെയാണ്. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ മത്സരിച്ചെങ്കിലും മെഡലുകളൊന്നും ലഭിച്ചിരുന്നില്ല.
ഇക്കുറി 100, 200 മീറ്ററുകളില്‍ മത്സരിക്കുന്നുണ്ട്. ലിയോ അത്ലറ്റിക്ക് അക്കാദമിയിലെ ജോസഫ് ആന്റണിയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആലപ്പുഴ ജില്ലയില്‍ പരിശീലനത്തിന് ട്രാക്കില്ലാത്തതിനാല്‍ ആഴ്ചയില്‍ ഒരു ദിവസം ട്രെയിനില്‍ വന്ന് എറണാകുളം മഹാരാജാസിലാണ് ഹര്‍ഷ പരിശീലനം നേടുന്നത്.
ആലപ്പുഴ ആറാട്ടുവഴി കല്ലുപറമ്പില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ജോണ്‍ വര്‍ഗീസ്-ഷേര്‍ലി ദമ്പതികളുടെ മകളാണ്. ഇഷ, വര്‍ഷ, ഹാരിം എന്നിവര്‍ സഹോദരങ്ങളാണ്.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവാന ടോമിക്കാണ് സ്വർണം. കഴിഞ്ഞ തവണ ഇതേ ഇനത്തിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇവാന ആ കണക്ക് ഇന്നലെ തീർത്തു.
ചെന്നെയിൽ ജൂനിയർ നാഷണൽ മീറ്റിൽ പങ്കെടുക്കാൻ പോയ ഇവാന പുലർച്ചെ ക്ഷീണിതയായാണ് എത്തിയത്. പക്ഷേ, വൈകുന്നേരം ട്രാക്കിൽ ഇറങ്ങിയപ്പോൾ കളി മാറി. 56.33 സെക്കൻഡ് കൊണ്ടാണ് ഫിനിഷ് ചെയ്തത്. 55.95 സെക്കൻഡാണ് ഈ വിഭാഗത്തിലെ മീറ്റ് റിക്കാർഡ്.
കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസിലെ അൽക്ക ഷിനോജ് രണ്ടും ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസിലെ സ്നേഹ ശ്യാം മൂന്നും സ്ഥാനങ്ങൾ നേടി.
കണ്ണൂർ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഇവാന തലശേരി സായിയിലാണ് കഴിഞ്ഞ അഞ്ചുവർഷമായി പരിശീലിക്കുന്നത്. ലിജു വിജയനാണ് കോച്ച്.

കഴിഞ്ഞ തവണ ഹാട്രിക് സ്വർണം നേടിയ കെ. നിവേദ്യ ഇത്തവണയും ആ നേട്ടത്തിലേക്കുള്ള ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. 400 മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ തന്റെ മികച്ച സമയം (56.12 സെക്കൻഡ്) കുറിച്ചുകൊണ്ടാണ് നേട്ടം. 53. 87 സെക്കൻഡ് ആണ് ഈ വിഭാഗത്തിലെ മീറ്റ് റിക്കാർഡ്.
പാലക്കാട് വടവന്നൂർ ജിവിഎംഎച്ച്എസ് വിദ്യാർഥിനിയായ നിവേദ്യയുടെ പരിശീലകൻ ഹയർ എഡ്യുക്കേഷൻ വിഭാഗം എൻഎസ്എസ് ഉദ്യോഗസ്ഥനായ അച്ഛൻ തന്നെയാണ്. കഴിഞ്ഞതവണ ജൂനിയർ വിഭാഗത്തിൽ 400, 800, 1500 വിഭാഗങ്ങളിലായിരുന്നു ഹാട്രിക് നേട്ടം.
ഈ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസ്ഫ്സ് ജി എച്ച്എസിലെ ആർ. ശ്രേയ രണ്ടാം സ്ഥാനവും ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസിലെ അനാമിക അജേഷ് മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ ഗേള്‍സ് 400 മീറ്ററില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ഹര്‍ഷ ജോണ്‍ സ്വര്‍ണം നേടി. 1: 03.63 സെക്കന്‍ഡുകൊണ്ടാണ് ഫിനിഷ് ചെയ്തത്. തിരുവനന്തപുരം ശ്രീ അയ്യന്‍ങ്കാളി എം ഗവആര്എസ്എസിലെ കെ.എസ്. ശിഖ (1: 03.59) രണ്ടാംസ്ഥാനവും തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.ടി. അദ്വൈത (1: 03.63) മൂന്നാംസ്ഥാനവും നേടി.

ചാത്തമംഗലം: സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസ് വിഭാഗത്തിലെ ഏറ്റവും അപകടകരമായ മത്സരങ്ങളിലൊന്നാണ് വുഷു. പരിക്കിന്റെ സാധ്യത കണക്കിലെടുത്ത് നിരവധി ആംബുലൻസുകളാണ് വേദിക്കു സമീപം നിർത്തിയിടുന്നത്.
ഇത്തരമൊരു സാഹചര്യത്തിലും എളേറ്റിൽ എംജെഎച്ച് ഹയർ സെക്കൻഡറിയിലെ കെ. മിൻഹാജ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മേളയിലെത്തിയത് സ്വർണം നേടാൻ ഉറച്ചുതന്നെയായിരുന്നു.തുടർച്ചയായുണ്ടായ പരിക്കിനെ പോലും വകവയ്ക്കാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പ്ലസ് വൺ വിദ്യാർഥിയായ മിൻഹാജ് 56 കിലോ വിഭാഗം സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് മത്സരിച്ചത്. പരിശീലനത്തിനിടെ ചുണ്ട് പൊട്ടി പരിക്കേറ്റ് പ്ലാസ്റ്റിക് സർജറി ഉൾപ്പടെ നടത്തി മൂന്നാം ദിവസമാണ് ജില്ലാ തലത്തിൽ ഒന്നാമതായി സംസ്ഥാനമേളയ്ക്കെത്തിയത്.
10 ദിവസം മുമ്പ് നടന്ന ജില്ലാ മത്സരത്തിനിടെ കണ്ണിനു മുകളിൽ പരിക്കേറ്റ മിൻഹാജ് ആ പരിക്കുമായാണ് സംസ്ഥാന മത്സരത്തിനെത്തിയത്. പരിശീലകൻ അനസിന്റെ ശിക്ഷണംതന്നെയാണ് ഈ നേട്ടത്തിനു മുതൽക്കൂട്ടായത്. യൂണിവേഴ്സിറ്റി സ്വർണ മെഡൽ ജേതാവ് മുഹമ്മദ് സിനാന്റെ പിന്തുണയും ആത്മവിശ്വാസം വർധിപ്പിച്ചു. വുഷു 2025 ദേശീയ യൂണിവേഴ്സിറ്റി ഗെയിംസിൽ പരിക്കേറ്റ് ഒരാൾ മരിച്ചു. ഈ പശ്ചാത്തലത്തിൽ വീട്ടുകാർ ആദ്യം എതിർത്തെങ്കിലും മിൻഹാജിന്റെയും പരിശീലകന്റെയും ആത്മവിശ്വാസത്തിനു മുന്നിൽ സമ്മതം മൂളുകയായിരുന്നു.

കോഴിക്കോട്: ട്രാക്കില്‍ വേദനകളെ മറികടന്ന് കുതിച്ച് സ്വര്‍ണത്തിലേക്ക്. ജീവിതത്തില്‍ പ്രതിസന്ധികളെ മറികടന്നു മുന്നേറാന്‍ പോരാടുന്ന ജി. അക്ഷയയ്ക്കു കായികമേളയിലെ സ്വര്‍ണനേട്ടം മറ്റൊരു വിജയഗാഥയാണ്. സീനിയര്‍ ഗേള്‍സ് 3000 മീറ്ററിൽ സ്വര്‍ണം നേടി മികവിന്റെ നെറുകയിലെത്തുമ്പോഴും അക്ഷയയുടെ മനസില്‍ ബാക്കിയാകുന്നത് സ്വന്തമായൊരു വീടെന്ന സ്വപ്നമാണ്.
പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി ആര്പിഎംഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥിനിയായ അക്ഷയയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ 3000 മീറ്ററില്‍ രണ്ടാം സ്ഥാനമായിരുന്നു. പരിശീലനത്തിനിടെ ട്രാക്കിലുണ്ടായ പരിക്ക് അന്നു സ്വര്‍ണത്തിലേക്കുള്ള കുതിപ്പിനു തടസമായി. പരിക്കു പൂര്‍ണമായി ഭേദമാകാതിരുന്നിട്ടും ഇത്തവണ അക്ഷയ വീണ്ടും ട്രാക്കിലിറങ്ങി. വേദനകളെ അതിജീവിച്ചുള്ള ആ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണം അക്ഷയയെ തേടിയെത്തി. സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥി അതുല്‍ജിത്തിന്റെ സ്പൈക്സ് ധരിച്ചാണ് അക്ഷയ മത്സരത്തിനെത്തിയത്.
ട്രാക്കിലെ നേട്ടങ്ങള്‍ക്കപ്പുറം അക്ഷയ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിയും അടച്ചുറപ്പുള്ള വീടും ഇല്ലെന്നത്. കൂലിപ്പണിക്കാരനായ പിതാവ് ഗുരുവായൂരപ്പന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
അമ്മ സൗമ്യയും മൂത്ത സഹോദരി അര്‍ച്ചനയും അനുജന് അഖിലും അടങ്ങുന്ന കുടുംബം ഒരു ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. ജന്മനാ ഹൃദ്രോഗിയായ സഹോദരിക്കും അസുഖബാധിതയായ അമ്മയ്ക്കും ആവശ്യമായ കരുതലും ചികിത്സയും കുടുംബത്തിനു മറ്റൊരു വെല്ലുവിളിയാണ്. ആസ്ത്മ രോഗി കൂടിയായ സഹോദരന് അഖില്‍ ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ വര്‍ഷം അക്ഷയയുടെ മനസില്‍ വീടെന്ന സ്വപ്നത്തിന് പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞിരുന്നു. വീട് നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള് മത്സരത്തിനിറങ്ങിയത്. സ്വര്‍ണം ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. മെഡലുമായി മടങ്ങിയെത്തിയെങ്കിലും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ തോല്‍വിയില്‍ തളരാതെ അക്ഷയ വീണ്ടും പരിശീലിച്ചു. പരിക്ക് പൂര്‍ണമായി ഭേദമാകാതിരുന്നിട്ടും ട്രാക്കില്‍ പൊരുതി. ഇത്തവണ 3000 മീറ്ററില്‍ സ്വര്‍ണം നേടി തന്റെ കരുത്ത് തെളിയിച്ചു. കഴിഞ്ഞ വര്‍ഷം പൂവണിയാതെപോയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരെങ്കിലും സഹായഹസ്തവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് അക്ഷയ...

കോഴിക്കോട്: സ്കൂള്‍ മൈതാനത്തെ വെറും 180 മീറ്റര്‍ ട്രാക്കില്‍ ഓടിപ്പഠിച്ച് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ട്രാക്കില്‍ വിജയക്കുതിപ്പ്. മലപ്പുറം കോട്ടക്കല്‍ കല്ലിങ്കല്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ പി. വൈഷ്ണവാണ് മേളയിലെ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയത്.
ഒമ്പത് മിനിറ്റ് 2.3 സെക്കൻഡിൽ ഫിനിഷിംഗ് ലൈന്‍ തൊട്ട് വൈഷ്ണവ് സുവര്‍ണനേട്ടം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം 1500, 3000, ക്രോസ് കണ്ട്രി ഇനങ്ങളില്‍ മത്സരിച്ചെങ്കിലും സ്വര്‍ണം അകന്നുനിന്നു. ക്രോസ് കണ്ട്രിയില് രണ്ടാം സ്ഥാനത്തെത്തിയായിരുന്നു അന്നു മടക്കം. ആ നിരാശയെ ഊര്‍ജമാക്കി മാറ്റിയ വൈഷ്ണവ് ഇത്തവണ ട്രാക്കിലിറങ്ങിയത് സ്വര്‍ണം ലക്ഷ്യമിട്ടായിരുന്നു. ഒടുവില്‍ സംസ്ഥാന മേളയിലെ ആദ്യസ്വര്‍ണവും കരിയറിലെ ആദ്യ സംസ്ഥാനതല സ്വര്‍ണനേട്ടവും സ്വന്തം പേരിലാക്കി.
ഓട്ടത്തോടുള്ള ഇഷ്ടം വൈഷ്ണവിനു പകര്‍ന്നുകിട്ടിയത് കുടുംബത്തില്‍നിന്നാണ്. യോഗ പരിശീലകനും മാരത്തണ്‍ ഓട്ടക്കാരനുമായ പിതാവ് ബാബുവിനൊപ്പം ചെറുപ്പം മുതലേ വിവിധ മാരത്തണുകളില്‍ വൈഷ്ണവും പങ്കെടുത്തിരുന്നു. മാരത്തണുകളിലെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശീലകനായ ഉബൈദുള്ള വൈഷ്ണവിനെ അത്ലറ്റിക്സിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചത്.
ഓട്ടത്തില്‍ മാത്രമല്ല, യോഗയിലും വൈഷ്ണവ് മികവ് തെളിയിച്ചിട്ടുണ്ട്. പിതാവിനൊപ്പം യോഗ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2024ല്‍ നേപ്പാളില്‍ നടന്ന ഇന്തോ-നേപ്പാള്‍ രാജ്യാന്തര യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും സ്വര്‍ണമെഡല്‍ നേടിയിരുന്നു. ബാബു മാസ്റ്റേഴ്സ് യോഗ വിഭാഗത്തിലും വൈഷ്ണവ് ജൂനിയര്‍ ബോയ്സ് വിഭാഗത്തിലുമാണ് സ്വര്‍ണം സ്വന്തമാക്കിയത്.
Tags : Palakkad Forward Sports TepidStart MeetRecord Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash