ഭൂവനേശ്വർ/അമരാവതി: ബംഗാള്‍ ഉള്‍ക്കടലിൽനിന്ന് തുടങ്ങി അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ അര്‍ണബിനെ നേരിടാൻ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ വ്യാപക മുന്നൊരുക്കങ്ങൾ. നാലായിരത്തോളം ക്യാന്പുകളാണ് ഇരു സംസ്ഥാനങ്ങളുമായി ഒരുക്കിയിരിക്കുന്നത്. തീരപ്രദേശങ്ങളിൽ നിന്നുൾപ്പടെ ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തനിവാരണ സേന ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയിലാണ്.
ഇന്ന് ഉച്ചയോടെ ആന്ധ്രയിലെ വിശാഖപട്ടണത്തിനു സമീപം അർണബ് കരതൊടും. മുൻകരുതലെന്ന നിലയിൽ മേഖലയിലേക്കുള്ള അന്‍പതോളം ട്രെയിൻസർവീസുകൾ റെയിൽവേ റദ്ദാക്കി. റോഡ് ഗതാഗത്തിനും ഒട്ടേറെയിടങ്ങളിൽ നിയന്ത്രണമുണ്ട്. വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽനിന്നുള്ള 21 വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവളം അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു തെക്കുകിഴക്ക് 170 കിലോമീറ്റർ അകലെയായിരുന്നു കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 18 കിലോമീറ്ററായിരുന്നു ഈ സമയത്തെ വേഗം. ഇന്ന് ഉച്ചയോടെ ആന്ധ്രപ്രദേശിലെ ബാപ്ലറ്റയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തു കരതൊടും. ഈ സമയം 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാം. ഒരുപക്ഷേ മണിക്കൂറിൽ 140 കിലോമീറ്റര്‍ വരെ വേഗതയിലെത്തിയേക്കാം എന്നും അനുമാനമുണ്ട്.
ഒഡീഷയിൽ ഭുവനേശ്വറിലും പരിസരങ്ങളിലും ഇന്നലെ ശക്തമായും കാറ്റും മഴയും അനുഭവപ്പെട്ടു. ആന്ധ്രയിലെ 11 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ തെക്കന്‍ ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മല്‍ക്കാന്‍ഗിരി ജില്ലകളിലും ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപുര്‍, ബസ്തര്‍ ജില്ലകളിലും വടക്കുകിഴക്കന്‍ തെലങ്കാനയിലെ ഖമ്മം, ഭദ്രാദ്രി കൊത്തഗുഡേം, മുലുഗു, മഹബൂബാബാദ് ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : Arnab , Hurricane Andhra Odisha Flight train services Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash