International
ധാക്ക: ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കൈയാങ്കളി. വിമാനത്തിനുള്ളിൽ വച്ച് ഏറ്റുമുട്ടിയ രണ്ട് യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാർ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയാങ്കളിയിൽ കലാശിച്ചത്. വിമാനത്തിനുള്ളിൽ ഇരുവർക്കുമിടയിൽ വാക്കേറ്റം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
അടിപിടിക്കിടെ ഒരു യാത്രക്കാരന്റെ ഷർട്ട് കീറിപ്പോയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.
വാക്കുതർക്കത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധം ആരംഭിച്ചു.
ഇന്ന് രാവിലെ എട്ടരയോടെ ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് യാത്രക്കാർക്ക് ഒരു മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയത്. യാത്രക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ എയർ ഇന്ത്യ അധികൃതർ ചർച്ച തുടങ്ങി.
NRI
മയാമി: അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ പൂർണമായും അഴിച്ചുമാറ്റി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് വനിതാ യാത്രക്കാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
സെപ്റ്റംബർ 11ന് ബാൾട്ടിമോറിൽ നിന്ന് മയാമിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് AA1779 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ഒമ്പതാം നിരയിൽ ഇരുന്നിരുന്ന യാത്രക്കാരി വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനെ തുടർന്ന് കാബിൻ ജീവനക്കാർ വിവരം പൈലറ്റുമാരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിൽ യുവതി അനുചിതമായി പെരുമാറിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാന ജീവനക്കാർ അമേരിക്കൻ എയർലൈൻസ് ഓപ്പറേഷൻസ് വിഭാഗത്തെ വിവരം അറിയിക്കുകയും വിമാനം മയാമിയിൽ എത്തുമ്പോൾ നിയമപാലകരുടെ സഹായം ലഭ്യമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടില്ല. AA1779 മയാമിയിലേക്കുള്ള യാത്ര തുടർന്നു, വെള്ളിയാഴ്ച രാത്രി സുരക്ഷിതമായി മയാമിയിൽ ഇറങ്ങി.
വിമാനം ഗേറ്റിലെത്തിയപ്പോൾ പൊലിസ് ഉദ്യോഗസ്ഥർ കാത്തുനിന്നിരുന്നതായും തുടർന്ന് വനിതാ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്.
International
മസ്കറ്റ്: ദോഹയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
യാത്രയ്ക്കിടെ ജീവനക്കാരന്റെ ആരോഗ്യം വഷളായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തയുടൻ രോഗബാധിതനായ ജീവനക്കാരനെ വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
ലാൻഡിംഗിനെ തുടർന്ന് യാത്രക്കാരുടെ തുടർയാത്ര മുടങ്ങാതിരിക്കാൻ ഇൻഡിഗോ ഉടനടി ഇടപെടുകയും പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും മസ്കറ്റിൽ ഏർപ്പെടുത്തുകയും ചെയ്തു.
അപ്രതീക്ഷിതമായുണ്ടായ ഈ അടിയന്തര ലാൻഡിംഗിനെ തുടർന്ന് യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തി.
National
പനാജി: എൻജിൻ തകരാറിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഗിഡോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.15 ഓടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ 10 മിനുറ്റിനുളളിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. 2
29 യാത്രക്കാരുമായി 14000 അടി ഉയരത്തിൽ വച്ചുണ്ടായ എൻജിൻ തകരാർ ഏറെ നേരം പരിഭ്രാന്തി പടർത്തി. പിന്നാലെ മോപ എയർ ട്രാഫിക് കണ്ട്രോൾ റൂം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
9.50 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. രാവിലെ പത്തോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതായും വൈകുന്നേരം മൂന്നരയ്ക്ക് വിമാനം ഡൽഹിയിലേയ്ക്ക് പുറപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു.
SUNDAY DEEPIKA
സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് വാരണാസി വിമാനത്താവളത്തില് പൊട്ടിയ ഒരു തോക്കിനെപ്പറ്റിയാണ്. മുംബൈയില് ഹോട്ടല് ബിസിനസ് നടത്തുന്ന, ശിവസേനയുടെ (ഷിന്ഡെ വിഭാഗം) മുന് കൗണ്സിലര് കമലേഷ് കേദാര്നാഥ് റായി (55) വാരണാസിയില്നിന്ന് മുംബൈക്ക് രാവിലെ ഒന്പതരയ്ക്കുള്ള എയര് ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് ഐഎക്സ് 1810ന് പോകാന് എത്തിയതായിരുന്നു, ലാല് ബഹാദുര് ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്.
കമലേഷ്, ഭാര്യ സുഷമയുമൊത്ത് ലഗേജ് ചെക്കിന് ചെയ്യാന് നില്ക്കുകയായിരുന്ന കൗണ്ടറിന് അടുത്തുനിന്ന് പെട്ടെന്നാണ് വെടിപൊട്ടിയത്. വെടിയൊച്ചയുടെ പിന്നാലെ നിലവിളിയും ആള്ക്കൂട്ടവും ബഹളവും സിഐഎസ്എഫിന്റെ പാച്ചിലും പൊലീസിന്റെ വരവും കമലേഷിനെയും ഭാര്യയെും ചോദ്യം ചെയ്യാനായി നീക്കുന്നതും ഇതിനിടെ വിമാനം കമലേഷില്ലാതെ പറന്നുപോകുന്നതും എല്ലാം കഴിയുമ്പോഴേക്കാണ് സംഭവം വ്യക്തമായിത്തുടങ്ങുന്നത്.
ലൈസന്സുള്ള ഒരു തോക്ക് വര്ഷങ്ങളായി സദാ കൊണ്ടുനടക്കുന്ന കമലേഷ്, മുമ്പ് പല യാത്രകളിലും ചെയ്തിട്ടുള്ളതുപോലെ, ചെക്കിന് കൗണ്ടറില് തോക്കിന്റെ കാര്യം പറഞ്ഞു. തോക്കിന്റെ ലൈസന്സിന്റെ കോപ്പി കൗണ്ടറില് കൊടുത്തു. വിമാനത്താവള സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് തോക്ക് പരിശോധിച്ച്, എയര്പോര്ട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ കാര്ഗോ ലോജിസ്റ്റിക്സ് ആന്ഡ് അലയ്ഡ് കമ്പനിയുടെ (എഎഐസിഎല്എസി) ജീവനക്കാര്ക്ക് കൈമാറാന് എത്തി. കമലേഷ് തോക്കില്നിന്ന് എല്ലാവരും കാണ്കെ തിരകളെടുത്തു മാറ്റി. എല്ലാം സുരക്ഷിതമായി എന്നു തെളിയിക്കാന് കാഞ്ചി വലിച്ചു. വെടി പൊട്ടി.
ഭാഗ്യത്തിന് തോക്ക് ലേശം മാറ്റി താഴ്ത്തി പിടിച്ചിരുന്നതുകൊണ്ട്, തിര ആദ്യം കൊണ്ടത് ഭിത്തിയിലാണ്. അവിടെനിന്ന് തിരികെ തെറിച്ചു വന്ന് ജീവനക്കാരി സുമന് കുമാരിയുടെ കാലില് തറച്ചു. തിര, രോഹിത് രാജ് എന്ന ജീവനക്കാരന്റെ കൈയോടുചേര്ന്ന് പാഞ്ഞുപോകുന്നതിനിടെ വിരലുകള് ഉരഞ്ഞു മുറിഞ്ഞു. സുമനും രോഹിതും ആശുപത്രിയിലും കമലേഷ് പൊലീസ് കസ്റ്റഡിയിലുമായി. സംഭവം, ഇന്ത്യയില് തോക്കുമായി യാത്ര ചെയ്യുന്നതിനുള്ള ചട്ടങ്ങളിലേക്ക് ഒരിക്കല്ക്കൂടി ശ്രദ്ധ തിരിച്ചിട്ടുണ്ട്.
തോക്കിന് ലൈസന്സ് വേണമെന്നതാണ്, സിഐഎസ്എഫ് ചട്ടങ്ങളില് ഒന്നാമത്തേത്. ചെക്കിന് ചെയ്യാനെത്തി ലഗേജ് കൈമാറുംമുമ്പ് തോക്കിന്റെ കാര്യം യാത്രക്കാരന് പറയുകയും രേഖാമൂലം അറിയിക്കുകയും വേണം. ലൈസന്സിനൊപ്പം മേശപ്പുറത്തു വയ്ക്കുന്ന തോക്ക് സിഐഎസ്എഫ്് പരിശോധിക്കണം. തോക്കില്നിന്ന് തിരകളെല്ലാം മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കി തോക്കും തിരയും വെവ്വേറെ സുരക്ഷിതായി പായ്ക്കുചെയ്ത് ചെക്കിന് ചെയ്ത ലഗേജുകള്ക്കൊപ്പം വിമാനത്തിന്റെ കാര്ഗോ ഹോള്ഡിലേക്ക് വിടണം. വിമാന കാബിനില് തോക്കും തിരകളും കയറ്റാനേ പാടില്ല.
ഒരു യാത്രക്കാരന് എത്ര തോക്കും തിരകളും കൊണ്ടുപോകാമെന്നും ബ്യൂറോ ഓഫ് സിവില് ഏവിയേഷന് സെക്യൂരിറ്റി വ്യക്തത വരുത്തിയിട്ടുണ്ട്. ലൈസന്സുള്ള റിവോള്വറോ, പിസ്റ്റളോ, ഷോട്ട്ഗണ്ണോ ഒരെണ്ണവും അതിന്റെ തിരകളും. ഒരോ വിമാനക്കമ്പനികളും അവരുടേതായ ഉപനിബന്ധനകളും ഇതില് കൂട്ടിച്ചേര്ക്കാറുമുണ്ട്. ഭാരം അഞ്ചു കിലോയില് കവിയാന് പാടില്ലെന്ന് എയര് ഇന്ത്യ എക്സ്പ്രസ് പറയുന്നത് ഉദാഹരണം. തിരകളുടെ എണ്ണം അന്പതില് കവിയരുതെന്ന് എയര് ഇന്ത്യയും സ്പൈസ്ജെറ്റും നിഷ്കര്ഷിക്കുന്നു.
ഇന്ത്യയില്, 2016ല് പരിഷ്കരിച്ച ആംസ് റൂള്സിലെ നിയമം 99 ആണ് ഇതേപ്പറ്റിയുള്ള പൊതുവായ രേഖ. തോക്കുമായി വിമാനത്തില് പോകാന് ലൈസന്സ് മാത്രം പോരാ, ഡിജിസിഎയുടെ അനുമതിയും നേടിയിരിക്കണമെന്ന് നിയമം എടുത്തു പറയുന്നുണ്ട്. എന്നാല്, വിമാനത്താവളത്തിലെത്തി, കൈവശം തോക്കുണ്ടെന്ന് എയര്ലൈനിന്റെ മാനേജര്ക്ക് എഴുതിക്കൊടുക്കുന്നതിലൂടെ കിട്ടുന്ന അനുമതി തത്വത്തില് ഡിജിസിഎയുടെ അനുമതിയാണ് എന്നാണ് സങ്കല്പ്പം.
എന്നാല്, നേരത്തേ പറഞ്ഞ നിബന്ധനയില്നിന്നു വ്യത്യസ്തമായി ഒന്നില് കൂടുതല് തോക്കുണ്ടെങ്കില് ഡിജിസിഎയുടേ നേരിട്ടുള്ള അനുമതി വേണമെന്ന കൃത്യമായ നിഷ്കര്ഷയുമുണ്ട്. സ്പോര്ട്സ് മത്സരങ്ങള്ക്ക് തോക്കുമായി പോകുന്നവരും ഇതേ നിയമങ്ങളാണ് പാലിക്കേണ്ടത്. ഒന്നില് കൂടുതല് തോക്കുകളുണ്ടെങ്കിലും കൂടുതല് തിരകളുണ്ടെങ്കിലും പ്രത്യേകം അനുമതി എടുക്കുകയും വേണം.
വാരണാസി സംഭവത്തില്, വെടി പൊട്ടുന്നതുവരെ നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്നുവേണം കരുതാന്. തോക്ക് പരിശോധിക്കുകയും തിരകൾ ഇല്ലെന്നുറപ്പാക്കുകയും ചെയ്യേണ്ടത് ആത്യന്തികമായി സുരക്ഷാവിഭാഗത്തിന്റെ ചുമതലയാണ്. അതിനു മുന്നേ തോക്കില്നിന്ന് യാത്രക്കാരന്തന്നെ തിരകൾ മാറ്റിയെന്നു തെളിയിക്കാന് വെടിവച്ചു കാണിക്കണമെന്ന് ആരും എവിടെയും കൃത്യമായി പറഞ്ഞിട്ടില്ല. അതുകൊണ്ട്, കമലേഷ് തെറ്റുകാരനാണോ അല്ലയോ എന്ന് തെളിയാന് ബുദ്ധിമുട്ടുണ്ടാകും. വിമാനത്താവളത്തില് തോക്കും തിരകളും വാര്ത്തകളായ സംഭവങ്ങളില് ഉള്പ്പെട്ടിട്ടുള്ളവരില് ഏറെപ്പേരും വാരണാസി സംഭവത്തിലെ കമലേഷിനെപ്പോലെ രാഷ്്ട്രീയക്കാരായിരുന്നു എന്നതാണ് കൗതുക കാര്യം.
2024 ജൂണ് രണ്ടിന് ചെന്നൈ വിമാനത്താവളത്തില് ഇന്ഡിഗോയില് തിരുച്ചിറപ്പള്ളിക്കു പോകാന് വന്ന തമിഴ് നടനും മുന് എംഎല്എയുമായ കരുണാസ്, ഹാന്ഡ്ബാഗില് രണ്ടു ചെറിയ പെട്ടികളിലായി 40 തിരകളുമായി പിടിയിലായതാണ് അടുത്തകാലത്ത്, ഏറെ ചര്ച്ചയായ സംഭവം. 2020 ഡിസംബര് 18ന് കര്ണാടക എംഎല്എ മനപ്പ ഡി. വജ്ജാല് ബംഗളുരു രാജ്യാന്തര വിമാനത്തില് പെട്ടത് പതിനാറു തിരകളും ഒരു പിസ്റ്റളും ഹാന്ഡ്ബാഗില് വച്ച് സെക്യൂരിറ്റി ചെക്കില് എത്തിയപ്പോഴാണ്.
സമാജ് വാദി പാര്ട്ടിയുടെ യുപിയിലെ നേതാവ് അസം ഖാനെ 2014 ഒക്ടോബര് 16ന് ഡല്ഹി രാജ്യാന്തര വിമാനത്താവളത്തില് സിഐഎസ്എഫ് തടഞ്ഞുനിര്ത്തിയത് ബാഗില് നാലു വെടിയുണ്ടകള് കണ്ടതുകൊണ്ടാണ്. നടി രാകുല് പ്രീത് സിംഗിനെ 2014 ഫെബ്രുവരിയില് തടഞ്ഞുനിര്ത്തി ചോദ്യം ചെയ്തതും ബാഗില് ഒരു തിര കണ്ടുപിടിച്ചപ്പോഴാണ്. എന്തായാലും മുമ്പൊരിക്കല് നടന്ന ഒരു സിനിമാ ഷൂട്ടില് ഉപയോഗിച്ച ഡമ്മി ബുള്ളറ്റ് ബാഗില് പെട്ടുപോയതാണെന്നു പിന്നീട് കണ്ടെത്തി. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പരേതനായ കെ.എസ്.ബി.എ തങ്ങൾ 2022 ജനുവരി 14ന് കോയമ്പത്തൂര് വിമാനത്താവളത്തില് കുഴപ്പത്തില്പ്പെട്ടത് തോക്കും ഏഴു തിരകളും ബാഗില് കണ്ടതിനാണ്.
പിണറായി വിജയനും ഇതേപോലെ വെടിയുണ്ട സംഭവത്തില് പെട്ട കാര്യം ചിലരെങ്കിലും ഓര്ക്കുന്നുണ്ടാവും. ഫെബ്രുവരി 16 ന് ചെന്നൈ വിമാനത്താളത്തിലെ ആഭ്യന്തര ടെര്മിനലില് നിന്ന് ജെറ്റ് എയര്വേയ്സ് വിമാനത്തില് ഡല്ഹിക്കു പറക്കാനെത്തിയ പിണറായിയുടെ ഹാന്ഡ് ബാഗ് സ്ക്രീന് ചെയ്തപ്പോള് കണ്ടത് 0.38 കാലിബറിന്റെ അഞ്ചു വെടിയുണ്ടകളായിരുന്നു. കുറേ നാള് മുമ്പ്, തോക്ക് ലൈസന്സ് പുതുക്കാൻ കൊടുത്തപ്പോള് നീക്കം ചെയ്ത വെടിയുണ്ടകള് ബാഗില് വച്ചിരുന്നത് എടുത്തുമാറ്റാന് മറന്നുപോയതാണ് എന്നായിരുന്നു പിണറായിയുടെ വിശദീകരണം.
എന്തായാലും ആ ജെറ്റ് എയര്വേയ്സ് വിമാനത്തില് അന്ന് പിണറായിക്കു പോകാനായില്ല. പിറ്റേ മാസം മറ്റൊരു നിയമക്കുരുക്ക് പിന്നാലെ എത്തുകയും ചെയ്തു. അന്ന് വിമാനത്താവളത്തില് തോക്കിന്റെ ശരിക്കുള്ള ലൈസന്സിനു പകരം പകര്പ്പാണ് കൊടുത്തതെന്നു ചൂണ്ടിക്കാട്ടി, എയര്ക്രാഫ്റ്റ് ആക്ട് ആന്ഡ് ആംസ് ആക്ടിലെ ചട്ടങ്ങള് ഉദ്ധരിച്ച് തമിഴ്നാട് പൊലീസ് ഒരു എഫ്ഐആര് രജിസ്റ്റര് ചെയ്തു. അതിന്റെ കാര്യം എന്തായി എന്ന് പിന്നീട് വാര്ത്തകളിലൊന്നും കണ്ടില്ല.
National
പാറ്റ്ന: പാറ്റ്ന വിമാനത്താവളത്തിലിറങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനത്തിൽ 164 യാത്രക്കാരുണ്ടായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
NRI
ബെർലിൻ: വിമാനത്തിനുള്ളിൽ ഇരിക്കവെ പെട്ടെന്ന് കാബിൻ ജാലകം തകർന്ന് തലയും കൈയും 600 കിലോമീറ്റർ വേഗതയിലുള്ള കാറ്റിലേക്ക് തെറിച്ചുവീണ ഭീകരമായ സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുന്നു.
കഴിഞ്ഞ ജൂലൈയിൽ തെസലോനികിയിൽ നിന്ന് ജർമനിയിലെ മെമ്മിംഗണിലേക്ക് പറന്ന റയാൻഎയർ (Ryanair) വിമാനത്തിലാണ് ജീവൻ വരെ നീണ്ട ഈ അത്ഭുതാപഹമായ അപകടമുണ്ടായത്.
അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട 61 കാരനായ ല്യുബിഷ കാറോവിച്ച് എന്ന യാത്രക്കാരനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ മില്യൺ ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
ഒപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും അദ്ദേഹം നിയമപരമായി പ്രതിനിധീകരിക്കുന്നുണ്ട്.
എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?
വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാറും പക്ഷികൾ ഇടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ പക്ഷികൾ മാത്രമാണ് ഈ ദുരന്തത്തിന് കാര്യമെന്ന വാദം യാത്രക്കാരന്റെ അഭിഭാഷകൻ പൂർണമായും തള്ളിക്കളയുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചകൾ, മെറ്റീരിയൽ തകർച്ച, കൂടാതെ റയാൻഎയർ, ബോയിംഗ്, എഞ്ചിൻ നിർമാതാക്കൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.
അപകടം നടന്ന് നിമിഷങ്ങൾക്കകം വിമാനത്തിലുണ്ടായ കടുത്ത മർദ്ദവ്യത്യാസവും ഭീതിയും യാത്രക്കാരെ മാനസികമായി തകർത്തിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വിമാനക്കമ്പനികളുടെയും നിർമാതാക്കളുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബാധിതരായ യാത്രക്കാരുടെ തീരുമാനം.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവേസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കി.
ഇതുമൂലം ഈ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടി. ഇന്നലെ പുലർച്ചെ 4.15ന് കൊച്ചിയിൽനിന്നു ദോഹയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം റദ്ദാക്കിയത്.
290 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനായി എത്തിയിരുന്നത്. യാത്ര പുറപ്പെടും മുമ്പ് എൻജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി കണ്ടെത്തിയത്.
യാത്രക്കാരെ സമീപത്തെ ഹോട്ടലുകളിലേക്കു മാറ്റി. തകരാർ പരിഹരിച്ചശേഷം വിമാനം ദോഹയിലേക്ക് സർവീസ് നടത്തും.
National
ന്യൂഡൽഹി: വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയത്.
കഴിഞ്ഞ നാലിന് തായ്ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവ സമയത്ത് വിമാനത്തിൽ 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമുൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ വിമാനത്തിലെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധനയിലും നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പരിശോധനയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയതിനെ തുടർന്ന് സാമ്പിളുകൾ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുപൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി.
National
പൂനെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ സ്വകാര്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു സംഭവം. പരിശീലന പറക്കലിനായി പുറപ്പെട്ട സ്വകാര്യ കമ്പനിയുടെ വിടി-എസ്ഇഎക്സ് എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ സാങ്കേതിക തടസത്തെ തുടർന്ന് വിമാനം നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു.
തുടർന്ന് റൺവേയിൽ നിർത്താൻ സാധിക്കാതെ വന്നതോടെ വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി. അപകടത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ ചിരാഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് ഗിൽവ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ജംഷീർ എന്ന യുവാവാണ് വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്.
വിൻഡോയ്ക്ക് പല പാളികൾ ഉള്ളതിനാൽ അപകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവച്ചത്.
വിമാനം ലാൻഡ് ചെയ്യാൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്റെ പരാക്രമം. സഹയാത്രികർ ഇയാളെ തടഞ്ഞുവച്ച് സിഐഎസ്എഫിനെ ഏൽപിച്ചു. നെടുമ്പാശേരി പോലീസിന് കൈമാറിയ ജംഷീറിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
National
രാജ്കോട്ട്: മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രാജ്കോട്ടിൽ അടിയന്തരമായി ഇറക്കി. കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി താഴെയിറക്കുകയായിരുന്നു. 6E 1452 നമ്പർ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിനുശേഷം എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ജീവനക്കാരന് ലഭിച്ച കുറിപ്പിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്.
ഇതേ തുടർന്നു വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻഡിഗോ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ്, രാത്രി 7.35ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതോടെ സർവീസ് വൈകി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ബംഗളൂരു-അഹമ്മദാബാദ് ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം നടന്നത്.
രാത്രി ഏഴരയോടെ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ജീവനക്കാർക്കാണ് കൈകൊണ്ടെഴുതിയ കുറിപ്പ് ലഭിക്കുന്നത്. 'ദയവായി പോകരുത്, ബോംബ് ഉണ്ട്!' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
ജീവനക്കാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. ഇതേതുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല.
ഈ ഭീഷണി യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന ആശങ്കകൾക്ക് കാരണമായെന്നും സർവീസിനെ സാരമായി തടസപ്പെടുത്തിയെന്നും കാണിച്ച് ഇൻഡിഗോ അധികൃതർ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഈ വ്യാജ ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താനും അതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
തൃശൂർ: വിമാനത്തിനകത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്.
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹിയിലെ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ നടപടി. പ്രോട്ടോക്കോൾ വീഴ്ച കണക്കിലെടുത്ത് കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി - കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് യാത്ര ചെയ്യേണ്ടിയിരുന്നത്.
പിണറായി വിജയൻ 2.05 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയ വിവരം ഒപ്പമുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ഇൻഡിഗോ വിമാന കമ്പനി അധികൃതരെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ ഓഫീസർക്കു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ലോഞ്ചിൽ വിശ്രമിച്ച പിണറായിയെ ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്.
SUNDAY DEEPIKA
മുകളിലുള്ള ചിത്രത്തിൽ കാണുന്നത് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഒരാൾ നിൽക്കുന്ന പടമല്ല, വടക്കൻ വെയിൽസിലെ ബ്രോട്ടണിലുള്ള എയർബസ് വിമാനക്കമ്പനിയുടെ ഹാംഗറിനുള്ളിൽ എയർബസ് എ380 വിമാനത്തിന്റെ ചിറകിനു മുകളിൽ കയറിനിൽക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാരനാണ്. ചിറകുകളിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് എ380 വിമാനങ്ങളിൽ പതിനാറെണ്ണത്തിൽ വിശദമായ പരിശോധന നടത്തുന്നു എന്ന വാർത്തകൾക്കൊപ്പം വന്ന ഈ പടം, ലോകത്തേറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 എന്ന വ്യോമയാന ഭീമന്റെ അമ്പരിപ്പിക്കുന്ന വലിപ്പം ഓർമപ്പെടുത്തുന്നതാണ്.
72.7 മീറ്റർ (238 അടി) നീളം, ചിറകറ്റം മുതൾ ചിറകറ്റം വരെ 79.8മീറ്റർ (262 അടി) വീതി, വാലറ്റം വരെ 24.1മീറ്റർ (79 അടി) ഉയരം എന്നീ അളവുകൾ കേൾക്കുമ്പോൾ ഈ വിമാനത്തിന് എട്ടു നിലക്കെട്ടിടത്തിന്റെ പൊക്കമുണ്ടെന്നും, പതിനാറ് കാറുകൾ ഒന്നിനു പിന്നാലെ ഒന്നായി പാർക്കു ചെയ്തിടുന്ന അത്ര നീളമുണ്ടെന്നും, സാധാരണ മട്ടിലുള്ള ഒൻപതു വീടുകൾ ചേർത്തു വച്ച വീതിയുണ്ടെന്നും പെട്ടെന്ന് വിചാരിക്കുകയില്ല.
5,920 ചതുരശ്ര അടിയാണ് വിമാനത്തിന്റെ കാബിനുകളുടെ തറവിസ്തീർണം. രണ്ടു കിടപ്പുമുറികൾ വീതമുള്ള പത്തു വീടുകളുടെ മൊത്തം തറവിസ്തീർണം ചേരുന്നത്രയും എന്നു പറയാം. രണ്ടു നിലകളിലായുള്ള പാസഞ്ചർ ഡെക്കുകൾ ഒന്നിച്ചു ചേർത്താൽ ചെറിയൊരു സൂപ്പർ മാർക്കറ്റിന്റെ വലിപ്പമുണ്ടാകും എന്നും പറയാം. മൊത്തം ഇക്കണോമി സീറ്റുകളാണെങ്കിൽ, 853 യാത്രക്കാരെ ഒറ്റയടിക്ക് കൊണ്ടുപോകാൻ കഴിയുന്നതിനു കാരണം ഈ വലിപ്പമാണ്.
വർക്ക്ഷോപ്പിൽ നന്നാക്കിക്കൊണ്ടിരിക്കുന്ന ആ ചിറക് ഒരു കെട്ടിടം പോലെ തോന്നിയതിന്റെ കാരണം വിമാനശരീരത്തോടു ചേരുന്ന ഭാഗത്തെ കനം തന്നെയാണ്- മൂന്നു മീറ്റർ, അഥവാ പത്തടി. ഒരുനില കെട്ടിടത്തിന്റെ പൊക്കം. രണ്ടു വശങ്ങളിലേക്ക് പോകുന്തോറും കുറഞ്ഞുവരുന്ന ഈ കനം, ചിറകറ്റമാകുമ്പോൾ 40 സെന്റിമീറ്ററാകും.
ഓരോ ചിറകിന്റെയും നീളം 39.9 മീറ്ററാണ് (131 അടി). വിമാനത്തോടു ചേരുന്ന ഭാഗത്തെ വീതി 15 (49 അടി) മീറ്ററും, അറ്റത്തെ വീതി രണ്ടര മീറ്ററും (എട്ടടി). മൊത്തം 3,20,000 ലിറ്റർ ഇന്ധനമാണ് ഒരു എ380 വിമാനത്തിന് പരമാവധി വഹിക്കാവുന്നത്. ഇതു മൊത്തം ശേഖരിക്കുന്നത് വിമാനത്തിന്റെ ചിറകുകൾക്കുള്ളിലെ അറകളിലാണ്. ഒരു ചിറകിനുള്ളിൽ 1,60,000 ലിറ്റർ എന്നർഥം. പത്തടി നീളവും പത്തടി വീതിയുമുള്ള ഒരു ടാങ്കിൽ ഇത്രയും ഇന്ധനം നിറയ്ക്കണമെങ്കിൽ ആ ടാങ്കിന് എത്ര പൊക്കം വേണ്ടിവരും എന്നറിയാമോ? 17.8 മീറ്റർ, അഥവാ 58.3 അടി. ഒരു ആറുനിലക്കെട്ടിടത്തിന്റെ പൊക്കം.
ഇത്രയും ഇന്ധനത്തിന്റെ ഭാരം 2,48,269 ടൺ വരും. 170 ഇടത്തരം കാറുകളുടെ, അല്ലെങ്കിൽ 42 ആനകളുടെ, അതുമല്ലെങ്കിൽ, നിറയെ യാത്രക്കാർ കയറിയ 18 ബസുകളുടെ ഭാരം എന്നു പറയാം. ഒരു വിമാന ഉദാഹരണം തന്നെ പറഞ്ഞാൽ, കേരളത്തിൽനിന്ന് സാധാരണ ഗൾഫിലേക്ക് സർവീസ് നടത്തുന്ന ഇനം മൂന്ന് ബോയിംഗ് 737-800 വിമാനങ്ങളുടെ ഭാരം! നിറയെ ഇന്ധനവും യാത്രക്കാരുമായി പറന്നുയരുന്ന ഒരു ബോയിംഗ് 737 വിമാനത്തിന്റെ ഭാരം 79 ടണ്ണാണ്.
ഇത്രയും ഭാരം ഫുൾടാങ്ക് ഇന്ധനത്തിനു മാത്രമുള്ള ഈ വിമാനം പറന്നുയരുമ്പോഴുള്ള മൊത്തം ഭാരമോ? 575 ടൺ. 95 ആനകളുടെ, 380 കാറുകളുടെ, യാത്രക്കാർ നിറഞ്ഞ 41 ബസുകളുടെ ഭാരം എന്നൊക്കെ താരതമ്യപ്പെടുത്താം.
നേരത്തേ പറഞ്ഞ 2,48,269 ടൺ ഇന്ധനം എരിച്ചു തീർക്കുന്ന നാല് എൻജിനുകൾ ഓരോന്നിന്റെയും ഭാരം 6.7 ടൺ വീതമാണ്. വ്യാസം 2.95 മീറ്റർ. നീളം 4.44.5മീറ്റർ (പതിനഞ്ച് അടിയോളം). ഒരു ഒറ്റനിലക്കെട്ടിടം അപ്പാടെ ഉള്ളിൽ കയറ്റിവയ്ക്കാവുന്നത്ര വലിപ്പം. ഇടത്തരം വിമാനമായ ബോയിംഗ് 737-800 ന്റെ കാബിൻ വ്യാസം 3.76 മീറ്റർ മാത്രമേയുള്ളു എന്നോർക്കുക. ഇതിനേക്കാൾ 32 ഇഞ്ച് കുറവു മാത്രമേയുള്ളു, എ380 എൻജിൻ വ്യാസം.
വിമാനത്താവളത്തിൽ നിൽക്കുമ്പോൾ, അല്ലെങ്കിൽ ഓടുമ്പോൾ, വിമാനത്തിന്റെ ഈ വമ്പൻ ഭാരമത്രയും താങ്ങിനിർത്തുന്നത് 22 വമ്പൻ വീലുകളാണ്- മുന്നിൽ രണ്ടും പിന്നിൽ 20ഉം. പിന്നിലെ മെയിൻ ലാൻഡിംഗ് ഗിയറിലുള്ള ഓരോ വീലിന്റെയും വ്യാസം 1.4 മീറ്ററാണ്. ടയറിന്റെ കനം 53 സെന്റിമീറ്റർ. ഓരോ ടയറിന്റെയും ഭാരം 120- 140 കിലോഗ്രാം. ടയറും വീലും ബ്രേക്ക് അസംബ്ലിയും ചേർന്ന ഭാരം 320- 400 കിലോഗ്രാം. മുൻവശത്തെ രണ്ടു വീലുകൾ ഓരോന്നിന്റെയും മൊത്തം ഭാരം 150- 200കിലോഗ്രാമാണ്. ടയറിനു മാത്രം 70- 90കിലോഗ്രാം. വ്യാസം 1.27മീറ്റർ. ഈ ഭാരമെല്ലാമായി പറക്കുന്ന വേഗമോ? സാധാരണ വേഗം മണിക്കൂറിൽ 903 കിലോമീറ്റർ. പരമാവധി മണിക്കൂറിൽ 945 കിലോമീറ്റർ.
National
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് ആണ് സംഭവം. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ് വിമാനം അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നു.
അന്താരാഷ്ട്ര അതിർത്തി കടന്നതിന് പിന്നാലെ പൈലറ്റ് സ്ഥിതി മനസിലാക്കി വിമാനം തിരികെ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അമൃത്സറിലിറക്കാതെ വിമാനം ഡൽഹിയിലേക്ക് പോകുകയായിരുന്നു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി. സതീശൻ മംഗലാപുരത്തേക്കു നടത്തിയ യാത്രയും പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടു വന്ന കുപ്പിയിലെ ചെളിവെള്ളവുമായിരുന്നു ഇന്നലെ നിയമസഭയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
അദാനി കണക്ഷൻ പറഞ്ഞു സതീശനെ കുടുക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിങ്കളാഴ്ച സഭയിൽ കൊണ്ടു വന്ന ചെളിവെള്ളത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ ചൊറിയാനായിരുന്നു ഭരണപക്ഷത്തെ ചെറുപ്പക്കാർ ശ്രമിച്ചത്.
സതീശന്റെ മംഗലാപുരം യാത്രയുടെ അദാനി കണക്ഷൻ പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം ആവർത്തിച്ചു. വിഡി-മോദി-അദാനി ഡീൽ എന്നാണ് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച സേവ്യർ ചിറ്റിലപ്പിള്ളി ഈ സംഭവങ്ങളെയാകെ വിശകലനം ചെയ്ത ശേഷം വിശേഷിപ്പിച്ചത്. ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തിനു പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നാണ് സതീശൻ വ്യക്തമാക്കിയത്. ബജറ്റ് വന്നപ്പോഴാണ് യഥാർഥ കാരണം മനസിലായത്.
ധനവകുപ്പും തുറമുഖ വകുപ്പും മുഖ്യമന്ത്രി പിടിച്ചു വച്ചതിനു പിന്നിലും സേവ്യർ അദാനി കണക്ഷൻ കണ്ടു. പാർട്ടിയിലെ മുതിർന്നവരെ വെട്ടി സതീശൻ മുഖ്യമന്ത്രി ആയതിനു പിന്നിലും ഇതേ കണക്ഷൻ തന്നെ സേവ്യർ കണ്ടെത്തി. ഖനനം സ്വകാര്യവത്കരിക്കാനുള്ള നീക്കം പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞോ എന്നു സേവ്യർ ചോദിച്ചതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. യുഡിഎഫിനുള്ളിൽ ചെറിയൊരു കലഹമുണ്ടാക്കാനായാൽ അത്രയും നല്ലതല്ലേ.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള നീക്കം ഒരു പ്രത്യേക കന്പനിയെ സഹായിക്കാനാണെന്ന ആരോപണം മുഹമ്മദ് മുഹസിൻ ആവർത്തിച്ചു. സതീശന്റെ മംഗലാപുരം യാത്രയെ ഈ ഡീലുമായി ബന്ധിപ്പിക്കാനായിരുന്നു മുഹസിൻ ശ്രമിച്ചത്. വീര്യം കുറഞ്ഞ മദ്യം ഹലാൽ അല്ലേ എന്ന് കുഞ്ഞാലിക്കുട്ടിയോടു ചോദിക്കുകയും ചെയ്തു. ഇന്ദിരാ ഗാരന്റിയുടെ മറവിൽ മോദി ഗാരന്റിയാണു നടപ്പിലാക്കുന്നതെന്നും മുഹസിൻ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനു വേണ്ടിയുള്ള നീക്കം ഒരു രണ്ടാം ബാർക്കോഴയിലേക്കാണോ പോകുന്നതെന്ന സംശയമായിരുന്നു വി. മുരളീധരന്.
സതീശൻ സർക്കാർ ആകാശവും കരയും കടലുമെല്ലാം കച്ചവടമാക്കാനാണു ശ്രമിക്കുന്നതെന്ന് എ. പ്രഭാകരൻ പറഞ്ഞു. ഇനി അവശേഷിക്കുന്നത് മേഘവും കാറ്റുമാണ്. അതും കുപ്പിയിലാക്കി വിൽക്കാൻ സാധിക്കുമോ എന്നു സർക്കാർ നോക്കുമെന്നായിരുന്നു പ്രഭാകരന്റെ പരിഹാസം.
പിണറായി വിജയൻ സഭയിൽ കൊണ്ടുവന്ന ചെളി നിറഞ്ഞ കുപ്പിവെള്ളവും ചർച്ചയിൽ ഇടംപിടിച്ചു. എഐഎസ്എഫ് മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ചെളിവെള്ളമാണു ചീറ്റിച്ചതെന്നായിരുന്നു പിണറായി ആരോപിച്ചത്. എഐഎസ്എഫ് പ്രവർത്തകർ റോഡിലെ കുഴിയിൽ നിന്നു കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചതു കാട്ടി കുഴിയിൽ നിന്നു വെള്ളമെടുത്താൽ ചെളിവെള്ളമല്ലേ കിട്ടൂ എന്നു വി.എസ്. ജോയി ചോദിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
പ്രതിപക്ഷത്തിനിപ്പോൾ അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണെന്നാണു ജോയിയുടെ കണ്ടെത്തൽ. വിഴിഞ്ഞത്ത് അദാനിയെ കൊണ്ടു വന്നവർ ഇപ്പോൾ അദാനിക്കെതിരേ സമരത്തിലാണ്. പിഎം ശ്രീയിൽ ഒപ്പുവച്ചവർ ഇപ്പോൾ പിഎം ശ്രീക്കെതിരേ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിളപ്പിച്ചാറിച്ച വെള്ളം കൊണ്ടല്ല പോലീസ് കെഎസ്യുക്കാരെ നേരിട്ടതെന്നു സുധീർ ഷാ പാലോട് ഭരണപക്ഷത്തോടു പറഞ്ഞു.
കെഎസ്യു പ്രവർത്തകരെ പനിനീർ തെളിച്ചല്ല അന്നു വരവേറ്റതെന്ന് ഒട്ടേറെ സമരാനുഭവമുള്ള കെ.എം. അഭിജിത്തും പറഞ്ഞു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ ചെടിച്ചട്ടിയും ഹെൽമെറ്റും വ്ച്ച ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉൾപ്പെടെ ഇറങ്ങി ക്രൂരമായി മർദിക്കുകയും ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനമെന്നാണു വിശേഷിപ്പിച്ചതെന്നു വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ചെളിവെള്ള ആരോപണം വന്നപ്പോൾ, അന്വേഷിക്കാം എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അതാണു ഭരണം മാറിയപ്പോൾ ഉണ്ടായ മാറ്റമെന്നു വിദ്യ പറഞ്ഞു.
കെ റെയിൽ വരാത്തതിന്റെ പേരിൽ അപ്പം വിൽക്കാൻ പറ്റാതെ പോയ സ്ത്രീകൾക്ക് ഇപ്പോൾ കെഎസ്ആർടിസി ബസിൽ കയറി സൗജന്യമായി യാത്ര ചെയ്തു പോയി അപ്പം വിൽക്കാമെന്ന് ടി.ഒ. മോഹനൻ പരിഹസിച്ചു. കന്നി പ്രസംഗം നടത്തിയ ദേവികുളത്തിന്റെ പ്രതിനിധി എഫ്. രാജയുടെ കന്നിപ്രസംഗം തമിഴിലായിരുന്നു. പറഞ്ഞതെന്തെന്നു പിന്നീട് സഭയ്ക്കു പറഞ്ഞു കൊടുത്തത് മറ്റൊരു അതിർത്തി മണ്ഡലത്തിന്റെ പ്രതിനിധിയായ എ. പ്രഭാകരനാണ്.
കോഴിക്കോട് സൗത്തിന്റെ പ്രതിനിധിയായ മുസ്ലിംലീഗിലെ ഫൈസൽ ബാബുവിന്റെ കാവ്യാത്മകമായ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗകലയിൽ ലീഗിന്റെ തന്നെ അബ്ദുൾ സമദ് സമദാനിക്കൊരു പിൻഗാമിയായി മാറും ഫൈസൽ എന്നു തോന്നിപ്പോയി.
ബജറ്റ് ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെ ഇരുപത്തിയേഴു പേരാണു ചർച്ചയിൽ പങ്കെടുത്തത്. ഇന്നു മുഖ്യമന്ത്രിയുടെ മറുപടിയോടെ ബജറ്റ് പൊതുചർച്ച അവസാനിക്കും.
Kerala
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവ് ഇ.പി. ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തിൽ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ശരീരസൗന്ദര്യ മത്സര വിജയികൾക്ക് പോലീസിൽ നിയമനം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനർഹകർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് നടന്ന പ്രതിഷേധം വെറും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും ഭീകരരുടെ രൂപത്തിൽ അദ്ദേഹത്തെ ആക്രമിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിമാനത്തിനുള്ളിൽ അരങ്ങേറിയ ഈ സംഭവത്തെ ഒരു ജുഡീഷ്യറിക്കും നിസാരമായി തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിമാനത്തിനകത്ത് ആക്രമണത്തിന് വേണ്ടിയുള്ള തയാറെടുപ്പോടെയാണ് ഇവർ എത്തിയതെന്നാണ് ഇ.പി. ജയരാജൻ വാദിക്കുന്നത്.
വിമാനത്തിന്റെ കോറിഡോറിലൂടെ അക്രമോത്സുകമായി ഓടിവന്നവരെ താൻ തടയുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വിമാനത്തിൽ വെച്ച് തന്നെ ഇവരെ പിടികൂടുകയും പിന്നീട് പോലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരമുണ്ടെങ്കിലും പോലീസാണ് പ്രാഥമികമായി ഇത്തരം കാര്യങ്ങളിൽ കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ കോടതി വിളിക്കുകയാണെങ്കിൽ വസ്തുതകൾ ബോധിപ്പിക്കാൻ തയാറാണെന്നും കോടതിയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ കേവലം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
Kerala
കണ്ണൂർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ജിദ്ദയിലേക്ക് പറന്നുയർന്ന എഎക്സ്ബി778 വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായതിനെ തുടർന്നാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
180 ലധികം യാത്രക്കാരുമായി വിമാനം രാവിലെ 7.40 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു. ഇൻഡിഗോയുടെ 6ഇ 6283 എന്ന വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.
വെള്ളിയാഴ്ച ബംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കി. തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു.
പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിന് പറക്കാനുള്ള അനുമതി നൽകി. പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ഇറാന് ആക്രമണത്തെ തുടര്ന്ന് കൊച്ചിയില് നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്വീസ് റദ്ദാക്കി. ബഹ്റൈനിലേക്കുള്ള എയര് ഇന്ത്യ വിമാനമാണ് സര്വീസ് റദ്ദാക്കിയത്. ചെക്ക് ഇന് ചെയ്ത യാത്രക്കാരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നിന് പോകേണ്ടിയിരുന്ന വിമാനത്തില് 122 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവര് ചെക്ക് ഇന് ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് എത്തിയത്. ഇറാന്റെ ആക്രമണത്തെ തുടര്ന്ന് ബഹ്റൈന് വിമാനത്താവളം അടച്ചതിനാലാണ് സര്വീസ് റദ്ദാക്കിയത്. വ്യോമപാത അടച്ചതിനാല് കൊച്ചിയില് നിന്നുള്ള നിരവധി വിമാനങ്ങള് റദ്ദാക്കിയേക്കും.
രാത്രി 9.45ന് കുവൈറ്റിലേക്കുള്ള ഇന്ഡിഗോ വിമാനവും സര്വീസ് റദ്ദ് ചെയ്തിട്ടുണ്ട്. നാളെ പുലര്ച്ചെയുമുള്ള കുവൈറ്റ് എയര്വേസിന്റെ വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. അതേസമയം, ബഹ്റൈനിലെ സിവിലിയന് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ് എന്നാണ് ബഹ്റൈന് ഡിഫന്സ് അറിയിക്കുന്നത്. കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെര്മിനലിന് നേരെയാണ് ഇറാന് ഡ്രോണ് ആക്രമണം നടത്തിയത്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗികരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കും.
പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതി ഇത് അംഗീകരിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്. വിമാനത്തിനുള്ളിൽ പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്.
പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇതു കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടെന്നു കോടതി പല തവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നത്.
2022 ജൂണ് 13നാണ് കേസിനാസ്പ്ദമായ സംഭവം. മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫെർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണു പ്രതിഷേധിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇവരെ സിപിഎം നേതാവ് ഇ. പി. ജയരാജൻ കൈയേറ്റം ചെയ്തിരുന്നു.
NRI
ബെർലിൻ: ജർമനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മ്യൂണിക്ക് രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റൺവേകൾ പൂർണമായും അടച്ചിട്ടതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. യുഎഇയിൽ നഴ്സിംഗ് മേഖലയിലും സ്വദേശിവത്കരണം, ആരോഗ്യ മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കൽ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പറക്കുന്നത് രണ്ട് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷാ വിഭാഗത്തെയും വിവരം അറിയിക്കുകയും സുരക്ഷാ ഭീഷണി മുൻനിർത്തി ജർമൻ എയർ ട്രാഫിക് കൺട്രോളുമായി ആലോചിച്ച് റൺവേകൾ അടിയന്തിരമായി അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു.
ഡ്രോൺ കണ്ടെത്താനായി വിമാനത്താവള പരിസരത്ത് വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്കൊടുവിൽ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള മറ്റ് സാഹചര്യങ്ങൾ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്നാണ് രാവിലെ 10.05ഓടെ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. സംഭവത്തെക്കുറിച്ച് മ്യൂണിക്ക് ട്രാഫിക് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. റൺവേകൾ താത്കാലികമായി അടച്ചതിനാൽ പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ച് ഇറക്കി. ഏകദേശം എട്ട് മണിക്കൂറിലധികം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
230 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരികെ ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇവർക്കായി പകരം സംവിധാനം ഒരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
"മെയ് 27-ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനം, സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്'.- എയർഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
മൂന്ന് മണിക്കൂറിലധികം പറന്ന ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ വച്ചാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടത്. ആകെ എട്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം ഒടുവിൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
National
ബെംഗളൂരു: വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ 6ഇ 6017 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.
ബന്ധപ്പെട്ടവരെ ഉടൻതന്നെ വിവരം അറിയിച്ചെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. പുക ഉയരാൻ കാരണമെന്താണെന്ന് വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിടുമെന്നും ആവശ്യമായ ഭക്ഷണവും മറ്റും യാത്രക്കാർക്ക് നൽകിയതായും കമ്പനി അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ കോക്പിറ്റിൽ ഫയർ ഇന്റിക്കേഷൻ ലഭിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്.
എന്നാൽ എഞ്ചിനിൽ തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 160ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
SUNDAY DEEPIKA
ഷാൾ ദ ഗോൾ വിമാനത്താവളം, പാരീസ്.
2016 മേയ് 18 ബുധനാഴ്ച,
രാത്രി പതിനൊന്നു മണി.
ടെർമിനൽ ഒന്നിൽ ഏറെ തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനത്തെ പറക്കലിനു തയാറെടുക്കുകയായിരുന്നു, ഈജിപ്ത്എയർ ഫ്ളൈറ്റ് നമ്പർ എംഎസ്804. 2003ൽ എയർബസിന്റെ പക്കൽനിന്നു വാങ്ങിയ, എസ്യു-ജിസിസി രജിസ്ട്രേഷനുള്ള എയർബസ് എ320-232 വിമാനം. കെയ്റോയ്ക്കു പറക്കാനുള്ള 56 യാത്രക്കാരും ഉള്ളിലെത്തി.
ആഫ്രിക്കയിലെ എരിത്രിയയിൽനിന്ന് അന്നു പുലർച്ചെ ഒന്നരയ്ക്ക് പറന്നുയർന്ന്, ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ രാവിലെ 6.20ന് എത്തിയ വിമാനം അവിടെനിന്ന് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലേക്കു പറന്നു. അവിടെനിന്ന് രാവിലെ പതിനൊന്നോടെ തിരിച്ചുപറന്ന് കെയ്റോയിൽ തന്നെയെത്തി. കെയ്റോയിൽനിന്ന് പറന്ന് രാത്രി 10.10ന് പാരീസിൽ ഇറങ്ങിയ വിമാനം അന്നത്തെ അവസാനത്തെ പറക്കലിനായി റൺവേ 09എലിൽനിന്ന് ടേക്കോഫ് ചെയ്യുമ്പോൾ സമയം രാത്രി 11.21.
ഇനി 3223 കിലോമീറ്റർ താണ്ടി വെളുപ്പിനു 3.05ന് കെയ്റോയിൽ ഇറങ്ങാൻ രാത്രിയുടെ ശാന്തതയിൽ ശരാശരി 35,000 അടി ഉയരത്തിൽ മൂന്നു മണിക്കൂർ 44 മിനിറ്റ് പറക്കൽ മാത്രം.
വിളിച്ചു, വിളികേട്ടില്ല
ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, അൽബേനിയ എന്നീ രാജ്യങ്ങളുടെ ആകാശങ്ങൾ കടന്ന് വിമാനം ഗ്രീക്ക് ആകാശാതിർത്തിയിൽ കടക്കുമ്പോൾ സമയം പുലർച്ചെ 1:22:27. വൈകാതെ ഗ്രീക്ക് ഏരിയാ കൺട്രോൾ വിമാനവുമായി ബന്ധപ്പെട്ട് ഗ്രീസ്, ഈജിപ്ത് അതിർത്തിയിലുള്ള KUMBI വേപോയിന്റിലേക്കു നേരേ പറക്കാനുള്ള അനുമതി കൊടുത്തു.
2:27:25ന് ഗ്രീസ് റഡാർ കൺട്രോളർ 132.375 മെഗാഹെർട്സ് എന്ന പതിവു ഫ്രീക്വൻസിയിൽ വിമാനത്തെ വിളിച്ച്, കെയ്റോ കൺട്രോളറുമായി 124.7 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അറിയിച്ചു. പക്ഷേ, മറുപടി ഒന്നും ഉണ്ടായില്ല. വിമാനം KUMBI വേ പോയിന്റിന് 14.8 നോട്ടിക്കൽ മൈൽ വടക്കെത്തുമ്പോൾ ഗ്രീക്ക് കൺട്രോളർ വീണ്ടും ഇക്കാര്യം റേഡിയോയിൽ വിളിച്ചറിയിച്ചു.
അന്നേരവും മറുപടി ഉണ്ടായില്ല. നൊടിയിടകൊണ്ട് ഒരു യാത്രാവിമാനം ആകാശത്ത് അപ്രത്യക്ഷമായി എന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു അത്.
02:28 ന് ഗ്രീക്ക് ഏരിയാ കൺട്രോൾ എസി5, കെയ്റോ ഏരിയാ കൺട്രോളിനോട്, വിമാനത്തെപ്പറ്റി വിവരമെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. തുടർന്ന് ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകരും വിമാനത്തെ നിരന്തരം വിളിച്ചു തുടങ്ങി. 02:29:57 ന്, KUMBI വേ പോയിന്റിന് 7.1 നോട്ടിക്കൽ മൈൽ കിഴക്കെത്തിയപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി കണ്ടു. 02:30:08ന് കെയ്റോ ഏരിയ കൺട്രോളിലെ റഡാറിലും വിമാനം കാണുന്നില്ല എന്ന് സ്ഥിരീകരിച്ചു.
ഒരു മിനിറ്റു കഴിയുംമുമ്പ ഗ്രീക്കുകാർ വിമാനം ഞങ്ങൾക്കും റഡാറിൽ കാണാൻ കഴിയുന്നില്ലെന്ന് കെയ്റോയോടു പറഞ്ഞു. പുലർച്ചെ 2.32ന്, ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകർ ഗ്രീക്ക് എയർഫോഴ്സിനെ വിവരം അറിയിച്ചു. അഞ്ചു മിനിറ്റ് തികയുംമുമ്പേ, വിമാനത്തിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ(ഇഎൽടി)നിന്നുള്ള സിഗ്നൽ ലഭിച്ചു. വിമാനം തകർന്നുവെന്നതിന്റെ ആദ്യത്തെ വ്യക്തമായ സൂചന!
വിമാനം വെള്ളത്തിനടിയിൽ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനു സഹായിക്കുന്നതിനുള്ള ഇഎൽടി പ്രവർത്തിച്ചു തുടങ്ങുന്നത്, വിമാനം വെള്ളത്തിൽവീണ് തകർന്നു കഴിയുമ്പോഴാണ്.
കാണുന്നുണ്ടോ ആ വിമാനം?
വെളുപ്പിനു മൂന്നേകാൽ ആകുമ്പോഴേക്ക്, മധ്യധരണ്യാഴിക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാരോടെല്ലാം, വിമാനം താഴെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കണമെന്ന് ഈജിപ്ത് വ്യോമഗതാഗതനിയന്ത്രകർ ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു. 3.40ന് സെർച്ച് ആൻഡ് റസ്ക്യൂ സെന്ററിനെയും ഈജിപ്ത് വിവരം അറിയിച്ചു. ആ സമയംതന്നെ ഗ്രീസിന്റെ തെരച്ചിൽവിമാനങ്ങളും കടലിനുമീതേ എത്തിക്കഴിഞ്ഞിരുന്നു.
ഒടുവിൽ ആ വിവരമെത്തി
കാറും കോളും കൊടുങ്കാറ്റും ഒന്നുമില്ലാത്ത കാലാവസ്ഥയിൽ, ആകാശത്ത് 37,000 അടി പൊക്കത്തിൽ 56 യാത്രക്കാരും ഏഴു വിമാന ജോലിക്കാരും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായി പറക്കുകയായിരുന്ന ഈജിപ്ത് എയറിന്റെ എ32-232 വിമാനം ഈജിപ്തിന്റെ തീരത്തുനിന്ന് 280 കിലോമീറ്റർ വടക്ക്, 2016 മേയ് 19ന് പുലർച്ചെ 02.33ന് കടലിൽ വീണു. യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ മൂന്നു മാസം നീണ്ട, നാലു രാജ്യങ്ങൾ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അതിവിപുലമായ ഒരു തെരച്ചിലിന്റെ തുടക്കമാവുകയായിരുന്നു.
തെരച്ചിൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ, അപകടത്തിന്റെ ചിത്രം കുറേശെ വ്യക്തമായിത്തുടങ്ങി- അതിൽ തീയുടെ പങ്കും. ഏകാർസ് അഥവാ എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻസ് അഡ്രസിംഗ് ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം എന്ന സംവിധാനത്തിൽനിന്നു കിട്ടിയ സന്ദേശങ്ങൾ പരിശോധിച്ചതോടെയാണിത്. വിമാനത്തിൽനിന്ന് ഭൂമിയിൽ വിവിധസ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലേക്ക് വിമാന ഉപകരണങ്ങളുടെ പ്രവർത്തനത്തെപ്പറ്റി തത്സമയം, തനിയേ റിപ്പോർട്ടുകൾ പോകുന്ന സംവിധാനമാണ് ഏകാർസ്.
വിമാനത്തിന്റെ മുൻഭാഗത്തെ ടോയ്ലെറ്റുകളിലും ഏവിയോണിക്സ് ഉപകരണങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും പുക കാണപ്പെടുന്നുവെന്നും, വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾക്കും കോക്പിറ്റ് ജനാലകൾക്കും തകരാറുണ്ടെന്നുമുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ രാത്രി 1.26 മുതൽ മൂന്നു മിനിറ്റു നേരത്തേക്ക് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്.
കണ്ടു, അവശിഷ്ടങ്ങൾ
ഉള്ളിൽ തീപിടിത്തമുണ്ടായി വിമാനം കടലിൽവീണു എന്ന ധാരണയോടെ തുടങ്ങിയ തെരച്ചിലിൽ ഈജിപ്ത്, ഗ്രീസ്, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമായി പങ്കുചേർന്നു. അവശിഷ്ടം കണ്ടുവെന്ന് ആദ്യം അറിയിച്ചത് ഗ്രീക്ക് തെരച്ചിൽകാരായിരുന്നു.
19ന് രാവിലെതന്നെ കടലിൽ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കൾ ഒഴുകി നടക്കുന്നതായുള്ള അറിയിപ്പിൽ കഴമ്പൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. പിറ്റേന്ന്, ഈജിപ്ത് തെരച്ചിൽ സംഘമാണ് ശരിക്കുള്ള ആദ്യ അവശിഷ്ടം കണ്ടെത്തിയത്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്ന് കടലിൽ 290 കിലോമീറ്റർ വടക്കുമാറി വിമാനത്തിന്റെ ചെറുകഷണങ്ങൾ, സീറ്റുകൾ, ലഗേജ്, ശരീരാവശിഷ്ടങ്ങൾ, കാബിനിലെ മറ്റുവസ്തുക്കൾ എന്നിവ ഒഴുകിനടക്കുന്നതായാണ് കണ്ടത്. 22 ആയപ്പോഴേക്കും തെരച്ചിൽ ബോട്ടുകളും കപ്പലുകളും കൂടുതൽ ശരീരാവശിഷ്ടങ്ങളും ലൈഫ്ജാക്കറ്റുകളും വിമാനഭാഗങ്ങളും കടലിൽനിന്ന് എടുത്തുതുടങ്ങി.
അഞ്ചുകിലോമീറ്ററിലേറെ വിസ്തൃതിയിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങളുടെ രണ്ടു കൂട്ടങ്ങളാണ്, 23 ആയപ്പോഴേക്കും കടലിൽ 14,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, എണ്ണായിരം മുതൽ പതിനായിരം അടിവരെ ആഴത്തിൽ നടത്തിയ തെരച്ചിലിൽ വീണ്ടെടുക്കാനായത്. മേയ് 26ന് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ നിന്നുള്ള കൂടുതൽ സിഗ്നലുകൾ കിട്ടിയതോടെ, തെരച്ചിൽ പ്രദേശം കൂടുതൽ പരിമിതപ്പെടുത്താനായി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ആഴക്കടൽ തെരച്ചിൽ നടത്തുന്ന ജോൺ ലേത്ത്ബ്രിജ് എന്ന കപ്പൽ ജൂൺ 15ന് കോക്പിറ്റ് വോയ്സ് റിക്കോർഡറും, 17ന് ഫ്ളൈറ്റ് ഡാറ്റാ റിക്കോർഡറും കണ്ടെടുത്തു. ജൂലൈ 16 ആകുമ്പോഴേക്കും മിക്കവാറും എല്ലാ വിമാനാവശിഷ്ടങ്ങളും ഏറെ ശരീരഭാഗങ്ങളും കടലിന്റെ ആഴങ്ങളിൽനിന്ന് വീണ്ടെടുത്തുകഴിഞ്ഞിരുന്നു.
എന്ത്? എങ്ങനെ?...
എന്താണ് സംഭവിച്ചത് എന്ന പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണവും ഇതിനിടെ തുടങ്ങിയിരുന്നു. ലോക വ്യോമയാന ചരിത്രത്തിൽ ഏറ്റവും സങ്കീർണമായതിലൊന്ന് എന്നു പറയാവുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രണ്ടു രാജ്യങ്ങൾ പരസ്പരം ചോദ്യംചെയ്യുകകൂടി ചെയ്തിരുന്നു എന്നതും ഈ അപകടത്തിന്റെ പ്രത്യേകതയായി.
വിമാനത്തിനുള്ളിൽ തീപിടിത്തമുണ്ടായി എന്ന സൂചന ആദ്യമേ ലഭിച്ചിരുന്നതിനാൽ ബോംബ് സ്ഫോടനം, ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് തീപിടിത്തം, മിസൈൽ ആക്രമണം, പൈലറ്റുമാരുടെ പിഴവ് തുടങ്ങിയവയായിരുന്നു സംശയപ്പട്ടികയിൽ ആദ്യം മുതൽ ഉണ്ടായിരുന്നത്. റഡാറിൽനിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് വിമാനം ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുവെന്നും പിന്നെ 37,000 അടിയിൽനിന്ന് പൊടുന്നനെ താഴേക്കു പതിക്കുകയായിരുന്നുവെന്നുമുള്ള കാര്യങ്ങളും അന്വേഷകർ കണക്കിലെടുത്തു.
വിമാനത്തിൽ തീയുണ്ട് എന്ന് ക്യാപ്റ്റൻ പറയുന്നതും അത് നേരിടാനുള്ള ശ്രമവും എല്ലാം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ ഉണ്ടായിരുന്നു. ACARSൽ കിട്ടിയതിനു സമാനമായ തകരാർ രേഖകളെല്ലാം ഡിഎഫ്ഡിആറിൽ നിന്ന് കിട്ടി. കൂടാതെ, വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ വേഗവും ഉയരവും ദിശയും എല്ലാം.
ഭീകരാക്രമണത്തിനും ബോംബ് സ്ഫോടനത്തിനുമൊന്നും തെളിവില്ലെന്ന നിലപാടായിരുന്നു അപകടം അന്വേഷിച്ച രണ്ടു രാജ്യങ്ങളിലൊന്നായ ഫ്രാൻസിന്റേത്. ഒരു ഭീകരസംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതും, സ്ഫോടനമുണ്ടായി എന്നത് സാധൂകരിക്കുന്നതായിരുന്നില്ല വിമാനാവശിഷ്ടങ്ങളുടെ ഘടനയും ചിതറിയ രീതിയുമെന്നതും ഫ്രാൻസ് ചൂണ്ടിക്കാട്ടി.
കോക്പിറ്റിനുള്ളിൽ തീപിടിത്തമുണ്ടായി എന്നതാണ് പിന്നെ പരിഗണിച്ചത്. ഫ്രാൻസ് കൂടുതൽ പിന്തുണച്ചതും ഇതിനെയാണ്. ACARSൽ കിട്ടിയ സന്ദേശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും വിമാനാവശിഷ്ടങ്ങളിലെ തീയുടെയും പുകയുടെയും ലക്ഷണവും റഡാർ രേഖകളും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാൻസ് പറഞ്ഞു.
കോക്പിറ്റിനു സമീപത്തുനിന്ന് ഏതോ കാരണംകൊണ്ട് ഉണ്ടായ തീ, എമർജൻസി ഓക്സിജൻ മാസ്കിൽനിന്നു പരന്ന ഓക്സിജനിൽ ആളിക്കത്തുകയും ആദ്യം കോക്പിറ്റ് മുഴുവൻ വ്യാപിക്കുകയും ചെയ്തപ്പോൾ പൈലറ്റുമാർ അപകടപ്പെടുകയോ ബോധരഹിതരാവുകയോ ചെയ്തു. പിന്നെ തീ വിമാനം മൊത്തം വ്യാപിച്ചു. വിമാനം കത്തിപ്പടർന്ന് കടലിൽ വീഴുകയും ചെയ്തു- ഈ നിഗമനത്തിൽ ഫ്രാൻസ് അവസാനംവരെ ഉറച്ചുനിന്നു.
അല്ലെന്ന് ഈജിപ്ത്
എന്നാൽ, അപകടംനടന്ന് എട്ടുകൊല്ലം കഴിഞ്ഞ്, 2024ൽ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ ഈജിപ്ത് മുഖ്യകാരണമായി പറഞ്ഞത് കോക്പിറ്റിനുപിന്നിലെ ഗാലിയിൽ നടന്ന ഒരു പൊട്ടിത്തെറിയാണ്. പൊട്ടിത്തെറിയിൽ തീപടർന്നു, ഓക്സിജന്റെ സാന്നിധ്യം തീ ആളാൻ സഹായിച്ചു, വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലായി, വിമാനം കടലിൽ വീണു- ഈജിപ്ത് ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ രണ്ടു കാര്യങ്ങൾ ഫ്രാൻസിനും ഈജിപ്തിനും വിശദീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല: എങ്ങിനെയാണ് കോക്പിറ്റിൽ തീപിടിത്തമുണ്ടായതെന്ന് ഫ്രാൻസിനും ഗാലിയിൽ പൊട്ടിത്തെറിയുണ്ടായത് എങ്ങിനെയെന്ന് ഈജിപ്തിനും!
പൊട്ടിത്തെറിയുണ്ടായി എന്ന വാദം ഉറപ്പിക്കാൻ, അന്വേഷണത്തിനിടെ ഈജിപ്ത് കണ്ടെത്തിയ പലതും തെറ്റാണെന്ന് ഫ്രാൻസ് തെളിയിച്ചുകൊണ്ടിരുന്നത് അന്വേഷണം നീണ്ടുപോകാൻ കാരണമായി. ശരീരാവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഈജിപ്ത് 2016ൽ പറഞ്ഞത് തെറ്റായിരുന്നുവെന്ന്, സ്വന്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് വാദിച്ചു. വിമാനത്തിന്റെ പൈലറ്റുമാർ കുറ്റക്കാരാണ് എന്നതിന്റെ സൂചനയും അവർ പുറത്തുവിട്ടിരുന്നു.
കോക്പിറ്റിൽ പുകവലി നിരോധിച്ചിട്ടില്ലായിരുന്ന ഈജിപ്ത്എയർ വിമാനത്തിന്റെ പൈലറ്റുമാരിൽ ആരോ ഒരാൾ വലിച്ച സിഗരറ്റിൽ നിന്നാകാം തീപടർന്നതെന്ന ഈ വാദവും തെളിയിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ഇതിനിടെ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ 2019ൽ വന്ന ഒരു വാർത്തയും ഏറെ ചർച്ച ചെയ്യപ്പെട്ടു. തീപിടിത്തമുണ്ടായി എന്ന് ക്യാപ്റ്റൻ യാത്രക്കാരോട് അനൗൺസ് ചെയ്യുന്നതായി കേൾക്കുന്നതിനു മുമ്പ്, വായു പുറത്തേക്കു ചീറ്റിവരുന്നതു പോലെയുള്ള ശബ്ദം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ കേൾക്കാമെന്നും അത് ഓക്സിജൻ ലീക്കാണ് എന്നുമായിരുന്നു വാർത്ത.
എന്നാൽ അപ്പോഴും ഒരു ചോദ്യം ബാക്കിയായി- ഓക്സിജൻ ലീക്കിനു മുന്നേ തീപിടിത്തമുണ്ടായത് എങ്ങനെ? എന്തായാലും, അപകടകാരണം കൃത്യമായി എന്നെങ്കിലും കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാനാവാത്ത വിമാനദുരന്തങ്ങളുടെ നീണ്ട പട്ടികയിൽ ഒരെണ്ണം കൂടിയാവുകയായാണ് 2016ലെ ഈജിപ്ത് എയർ ദുരന്തം.
National
ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദായി. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫ്ളൈറ്റ് കാൻസൽ ആയതോടെ വിമാനത്താവളത്തിൽനിന്ന് ദീപ മടങ്ങുകയായിരുന്നു. ഫ്ളൈറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അവർ തിരുവനന്തപുരത്തേക്ക് എത്തും.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്താനിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാമ്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളിൽനിന്നുണ്ടായ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷയിലാണ് ഏവരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നു തന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
NRI
ഫ്രാങ്ക്ഫർട്ട്: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രമുഖ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ ഒക്ടോബർ വരെയുള്ള 20,000 വിമാന സർവീസുകൾ റദ്ദാക്കി.
അമേരിക്ക - ഇസ്രായേൽ - ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം വിമാന ഇന്ധനമായ മണ്ണെണ്ണയുടെ (Kerosene) വില ഇരട്ടിയായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
പ്രധാന വിവരങ്ങൾ:
സർവീസുകളുടെ വെട്ടിക്കുറയ്ക്കൽ: ലാഭകരമല്ലാത്ത ഹ്രസ്വദൂര സർവീസുകളാണ് പ്രധാനമായും ഒഴിവാക്കുന്നത്. സിറ്റിലൈൻ എന്ന സബ്സിഡിയറി കമ്പനി നിർത്തലാക്കിയതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്.
ബാധിക്കപ്പെട്ട റൂട്ടുകൾ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് പോളണ്ടിലെ ബിഡ്ഗോഷ്ക്, ഷെഷോവ് , നോർവേയിലെ സ്റ്റാവഞ്ചർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തി. പത്തോളം മറ്റ് സർവീസുകൾ മ്യൂണിക്ക്, വിയന്ന തുടങ്ങിയ മറ്റ് ഹബ്ബുകൾ വഴി പുനഃക്രമീകരിച്ചു.
ഇന്ധന ലാഭം: ഈ നീക്കത്തിലൂടെ ഏകദേശം 40,000 ടൺ ഇന്ധനം ലാഭിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഏപ്രിൽ അവസാനത്തോടെ പരിഷ്കരിച്ച വിമാന സമയക്രമം ലുഫ്താൻസ പുറത്തുവിടും.
ഫ്രാങ്ക്ഫർട്ട് എയർപോർട്ട്: മൂന്നാം ടെർമിനൽ പ്രവർത്തനസജ്ജമായി
ലുഫ്താൻസ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോഴും ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ അത്യാധുനികമായ ടെർമിനൽ3 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ശേഷി: പ്രതിവർഷം 1.9 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ടെർമിനൽ ഭാവിയിൽ 2.5 കോടി വരെയായി ഉയർത്താൻ സാധിക്കും.
നിർമാണം: 10 വർഷം മുമ്പ് ആരംഭിച്ച പണി കോവിഡ് പ്രതിസന്ധികൾ കാരണം വൈകിയാണ് പൂർത്തിയായത്. ഏകദേശം നാല് ബില്യൺ യൂറോയാണ് ഇതിന്റെ നിർമാണച്ചെലവ്.
വിമർശനം: പരിസ്ഥിതി നാശവും സാമ്പത്തിക ദുർവ്യയവും ആരോപിച്ച് ചില പരിസ്ഥിതി സംഘടനകൾ ഈ പദ്ധതിയെ വിമർശിച്ചിട്ടുണ്ട്.
National
ബെംഗളൂരു: ബെൽഗാവിയിൽനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട ഫ്ലൈ91 വിമാനത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതു യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് നാലു മണിക്കൂർ. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വിമാനം ആകാശത്തു വട്ടംചുറ്റിയത് പരിഭ്രാന്തി പരത്തി.
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്കു വരാൻ സഹായിക്കുന്ന ലാൻഡിംഗ് ഗിയർ സംവിധാനം പ്രവർത്തനരഹിതമായത്. ഇതോടെ പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചു.
വിമാനം ആകാശത്ത്തു ടർച്ചയായി വട്ടംചുറ്റുന്നതും സാങ്കേതിക തകരാറുള്ള വിവരവും അറിഞ്ഞതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. വിമാനത്തിനുള്ളിൽ യാത്രക്കാർ കരയുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നു യാത്രക്കാർ പിന്നീടു പ്രതികരിച്ചു.
ഒടുവിൽ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും മൂലം വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതോടെയാണ് ആശങ്കകൾക്കു വിരാമമായത്.
National
ബംഗളൂരു: ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു വിമാനം ആകാശത്തു ചുറ്റിയതു നാലു മണിക്കൂർ. ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്കു പുറപ്പെട്ട ഫ്ലൈ91 എയർലൈൻസിന്റെ ഐസി3401 എന്ന വിമാനമാണ് തകരാറിലായത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം വൈകുന്നേരം നാലരയ്ക്കു ഹുബ്ബുള്ളയിൽ എത്തേണ്ടതായിരുന്നു.
ഹുബ്ബുള്ളയ്ക്കു സമീപം എത്തിയപ്പോഴാണ് വിമാനം തകരാറിലായത്. ഇതോടെ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് മുണ്ട്ഗോഡ്, ദാവൻഗരെ, ഷിവമോഗ എന്നീ പ്രദേശങ്ങൾക്കു മുകളിലായി ഏകദേശം നാലു മണിക്കൂറോളം വിമാനം വട്ടംചുറ്റി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തിയിലായിരുന്നു.
പലതവണ ലാൻഡിംഗിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം ബംഗളൂരുവിലേക്കു തിരിച്ചുവിടാൻ തീരുമാനിച്ചു. ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
തക്കസമയത്തു കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അനാസ്ഥ കാട്ടിയെന്നും ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി.
National
ലക്നൗ: വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി. ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെതുടർന്ന് ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
മുൻകരുതൽ നടപടിയെന്നോണമാണ് വിമാനം അടിയന്തരമായി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
സാങ്കേതിക തകരാർ കണ്ടെത്താൻ എൻജിനീയർമാർ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ഡൽഹിയിൽ എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ അത്യാധുനിക എ350 വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച രാവിലെ ആറിനു പുറപ്പെട്ട വിമാനം ഏഴു മണിക്കൂറോളം ആകാശത്ത് ചെലവഴിച്ചശേഷമാണ് വീണ്ടും ഡൽഹി വിമാനത്താവളത്തിൽത്തന്നെ പറന്നിറങ്ങിയത്.
ഡൽഹിയിൽനിന്ന് ലണ്ടൻ ഹീത്രൂവിലേക്കു തിരിച്ച എഐ111 വിമാനം നാല് മണിക്കൂറോളം പിന്നിട്ട് സൗദി അറേബ്യയുടെ ആകാശപരിധിയിൽ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിൽനിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
എയർ ഇന്ത്യ ഈ വർഷം ജനുവരിയിൽ സർവീസിനായി എത്തിച്ച എ350900 (വിറ്റി ജെആർഎഫ്) വിമാനമാണ് വീണ്ടും പണിമുടക്കിയത്. ഇതേവിമാനം കഴിഞ്ഞ മാർച്ച് 15ന് ന്യൂയോർക്ക്ഡൽഹി യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ ഈ വിമാനം തകരാറിലായത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.അതേസമയം, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കന്പനി, അവർക്ക് ലണ്ടനിലേക്കു പോകാൻ ബദൽ സംവിധാനമൊരുക്കുമെന്നും അറിയിച്ചു.
International
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്ക് 49 സര്വീസുകള്. കൊച്ചിയില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്ക് ഇന്ന് 25 സര്വീസുകള് നടക്കും. 16 സര്വീസുകള് റദ്ദു ചെയ്തു. ഗള്ഫില് നിന്നും 24 വിമാനങ്ങള് കൊച്ചിയിലെത്തും. 12 സര്വീസുകള് റദ്ദു ചെയ്തിട്ടുണ്ട്.
കൊച്ചിയില് നിന്നും അബുദാബിയിലേക്കാണ് നിലവില് കൂടുതല് സര്വീസുകള് നടക്കുന്നത്. കൊച്ചിയില് നിന്നും അബുദാബിയിലേക്കും അബുദാബിയില് നിന്നും കൊച്ചിയിലേക്കും എട്ടു സര്വീസുകള് നടക്കുന്നുണ്ട്. സൗദിയിലും കുവൈറ്റിലും ഇറാന് ആക്രമണം തുടരുന്നതിനാല് കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സര്വീസുകള് പുനരാരംഭിച്ചിട്ടില്ല.
കുവൈറ്റിലേക്ക് സര്വീസുകള് ആരംഭിക്കുമെന്ന് ജസീറ എയര്വേസ് അറിയിച്ചിരുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല് സൗദിയിലെ ഹഫര് അല് ബത്തിന് ഖയിസുമാ വിമാനത്താവളത്തില് നിന്നാകും സര്വീസുകള്. ഖയിസുമാ വിമാനത്താവളത്തില് നിന്ന് കുവൈറ്റിലേക്ക് ബസിലാണ് യാത്രക്കാരെ എത്തിക്കുക.
National
ന്യൂഡൽഹി: കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറന്ന് വിമാനം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്.
ഏകദേശം എട്ട് മണിക്കൂർ പറന്നശേഷം ആകാശമധ്യേ യുടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന് അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില് കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്.
കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി കാനഡയിലെ വാൻകൂവറിലേക്ക് അയച്ചത്.
ചൈനീസ് വ്യോമാതിര്ത്തിയില് നിന്നാണ് വിമാനം ഡല്ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്.
വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്.
ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
Kerala
കൊച്ചി: പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് സര്വീസുകള് വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും ഇന്ന് 24 വിമാനങ്ങള് ഗള്ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള് പറന്നു കഴിഞ്ഞു. മസ്കറ്റ്, റാസല്ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില് നിന്നും സര്വീസ് നടക്കും.
എന്നാല് ബഹ്റൈന്, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്വീസ് ആരംഭിച്ചിട്ടില്ല. ഗള്ഫിലേക്കുള്ള 22 സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്. ഗള്ഫ് രാജ്യങ്ങളില് നിന്നുള്ള 24 വിമാനങ്ങള് കൊച്ചിയിലെത്തും. ബഹ്റൈന്, ഷാര്ജ, ദുബായി എന്നിവിടങ്ങളില് നിന്നുള്ള ആറു സര്വീസുകള് റദ്ദാക്കി.
അതേസമയം, ഗള്ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില് ഇറാന് ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില് മിസൈല് പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.
ചെങ്കടലിലെ യാന്ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്ച്ചെ യുഎഇയിലെ ഹബ്ഷാന് പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല് അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല് പതിച്ചു.
National
ന്യൂഡല്ഹി: സൗദി, ഒമാന് വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില് ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്വീസ് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.
എയര് ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില് നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്വീസ് നടത്തും. കൊച്ചിയില് നിന്ന് റാസല്ഖൈമയിലേക്ക് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്ന് മസ്കറ്റിലേക്ക് സര്വീസുണ്ടാകും. ദുബായില്നിന്ന് ഡല്ഹിയിലേക്കും മുംബൈയിലേക്കും എയര് ഇന്ത്യ സര്വീസ് നടത്തും.
Kerala
കൊച്ചി: പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്നു റദ്ദാക്കിയ വിമാന സര്വീസുകള് പുനരാംരഭിക്കുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും കൂടുതല് വിമാന സര്വീസുകള് പുനരാരംഭിച്ചു. 14 സര്വീസുകളാണ് ഇന്ന് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്വീസുകളും കൊച്ചിയില് നിന്നും ആറു സര്വീസുകളുമാണ് ഇന്ന് നടക്കുക.
മസ്കറ്റില് നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില് നിന്നും ഓരോ സര്വീസുകളും ഷെഡ്യൂള് ചെയ്തിട്ടുണ്ട്. പുലര്ച്ചെ രണ്ടിനാണ് ഫുജൈറയില് നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില് എത്തിയത്. 7.20ന് ആണ് മസ്കറ്റില് നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില് നിന്നുള്ള വിമാനം എത്തിയത്.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്കറ്റില് നിന്നുള്ള സര്വീസുകളുണ്ട്. കൊച്ചിയില് നിന്നും രാവിലെ 8.10ന് ആണ് മസ്കറ്റിലേക്ക് ആദ്യ സര്വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്വീസ്. 11.30ന് ജിദ്ദയിലേക്കുള്ള സര്വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്വീസുണ്ട്. 11.30ന് ദുബായിലേക്കും സര്വീസ് നടക്കും.
എന്നാല് കുവൈറ്റ്, ബഹ്റൈന് എന്നിവിടങ്ങളിലേക്ക് സര്വീസ് പുനരാരംഭിച്ചിട്ടില്ല. എയര് ഇന്ത്യ, ഇന്ഡിഗോ വിമാനങ്ങളുടെ സര്വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്ഷത്തെ തുടര്ന്ന് യാത്ര മുടങ്ങിയവര്ക്കാണ് മുന്ഗണന നല്കിയിരിക്കുന്നത്.
District News
പറവൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമി (24)യാണു മരിച്ചത്.
ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്. മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം.
ഒമാനിലെ മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിണം സംഭവിച്ചു.
മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
International
ബ്രസല്സ്: തുര്ക്കിയിലെ അൻതാലിയയിൽനിന്നു യുകെയിലെ മാഞ്ചസ്റ്ററിലേക്കു പറന്ന വിമാനത്തില് യാത്രികര് തമ്മില് അടി. 30,000 അടി ഉയരത്തില് പറക്കവെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് വിമാനക്കന്പനിയായ ജെറ്റ്-2 വിമാനത്തിൽ രണ്ടു യാത്രക്കാർ തമ്മിൽ അസഭ്യവർഷവും തല്ലുമുണ്ടായത്.
സംഘർഷമുണ്ടായി മൂന്നു മണിക്കൂറായിട്ടും ശമിക്കാതെ വന്നതോടെ വിമാനം ബെല്ജിയത്തിലെ ബ്രസല്സില് അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം ലാന്ഡ് ചെയ്തയുടൻ വിമാനത്തിലേക്കു പോലീസ് കയറി പ്രകോപനമുണ്ടാക്കിയവരെ പുറത്തിറക്കി. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് വിമാനക്കന്പനി ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
വലിയ ശബ്ദത്തില് സംഗീതം പ്ലേ ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്ക്കമാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ഇരുവരും മദ്യപിച്ചിരുന്നു. സിഗരറ്റിനെച്ചൊല്ലി ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതായും വര്ഗീയ പരാമര്ശങ്ങള് നടത്തിയതായും ആരോപണമുണ്ട്. സംഘർഷത്തിനിടെ സീറ്റുകളില് രക്തക്കറയും നിലത്ത് പല്ലുകളും കണ്ടതായി യാത്രക്കാര് പറഞ്ഞു. ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് അസഭ്യവർഷത്തിലും കൈയാങ്കളിയിലും കലാശിക്കുകയായിരുന്നു.
രണ്ടു യാത്രക്കാർ തമ്മിലാണു സംഘർഷമുണ്ടായതെങ്കിലും ഇരുവരുടെയും പക്ഷംചേർന്ന് മറ്റുചിലരും സംഘർഷത്തിൽ പങ്കുചേർന്നു. തര്ക്കം പെട്ടെന്ന് കലഹമായി മാറിയതോടെ കുട്ടികള്, വയോധികര്, പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര് എന്നിവരുള്പ്പെടെ പലരും ഭീതിയിലായി.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.
പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്വച്ച് വധിക്കാന് ശ്രമിച്ചകേസിൽ കുറ്റപത്രം വൈകുന്നതിനെ വിമർശിച്ച് കോടതി. സംഭവം നടന്ന് മൂന്ന് വര്ഷം കഴിഞ്ഞിട്ടും കേസില് എന്തുകൊണ്ട് കുറ്റപത്രം സമര്പ്പിച്ചില്ലെന്ന് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതി ചോദിച്ചു.
കേസിൽ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകണം. ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
വിശദമായ റിപ്പോര്ട്ട് ബുധനാഴ്ച സമര്പ്പിക്കാന് അന്വേഷണ സംഘത്തിന് കോടതി കര്ശന നിര്ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി ഫര്സിന് മജീദ് പാസ്പോര്ട്ട് പുതുക്കാന് അനുമതി തേടി നല്കിയ ഹര്ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്ശനം. 2022 ജൂണ് 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചത്.
ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, മുൻ എംഎൽഎ ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.
International
ന്യൂഡൽഹി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.
National
അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
International
ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.
Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള് മോശമായി പെരുമാറിയത്. ദോഹയില് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
International
ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്മെന്റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.
International
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങളാണ് വൈകിയത്.
ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
National
ബംഗുളൂരു: വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എംഎൽഎയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ.
അമേരിക്കൻ യുവതിയുടെ ജീവനാണ് അഞ്ജലി രക്ഷിച്ചത്. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് നിംബാൽക്കർ. ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അവർ ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട അഞ്ജലി നിംബാൽക്കർ കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് സിപിആർ നൽകി. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിംബാൽക്കറിന്റെ നടപടിയെ അഭിനന്ദിക്കുകയാണ്. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി അവരുടെ ജീവൻ രക്ഷിക്കുകയാണ് നിംബാൽക്കർ ചെയ്തതെന്നും സിദ്ധരാമയ്യ എക്സിലെ പോസ്റ്റിൽ കുറിച്ചു.
Sports
കോൽക്കത്ത: അര്ജന്റൈൻ ഫുട്ബോള് ഇതിഹാസം ലയോണല് മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല് 10:30 വരെ മീറ്റ് ആന്ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല് സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് നടക്കുന്ന ചടങ്ങില് ലയോണല് മെസിക്കൊപ്പം ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി, സൗരവ് ഗാംഗുലി, ലിയാന്ഡര് പെയ്സ് തുടങ്ങിയവര് പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല് ഹൈദരാബാദ് ഉപ്പല് സ്റ്റേഡിയത്തില് മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില് നടക്കുന്ന പാഡല് കപ്പില് പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള് മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല് മെസി പങ്കെടുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തില് നിന്നുള്ള എല്ലാ ഇന്ഡിഗോ വിമാനങ്ങളും സര്വീസ് നടത്തിയതായി അധികൃതര് അറിയിച്ചു. തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ചില ഇൻഡിഗോ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കൊച്ചിയിൽ നാല് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ ഡൽഹി സർവീസ് മാത്രം തടസപ്പെട്ടു. ചൊവ്വാഴ്ച രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 422 സർവീസ് മുടങ്ങിയിരുന്നു.
തിരുവനന്തപുരത്ത് നാലും കൊച്ചിയിൽ ഏഴു സർവീസുമാണ് ചൊവ്വാഴ്ച മുടങ്ങിയത്. കാര്യക്ഷമമായി സർവീസ് നടപ്പാക്കാനാകാത്തതിനെതുടർന്ന് ശീതകാല ഷെഡ്യൂളിൽ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇൻഡിഗോ കമ്പനി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 216 സർവീസും ആഴ്ചയിൽ 1500 വരെ സർവീസും റദ്ദാക്കാൻ ഇടയുണ്ടെന്നാണ് വിവരം.
International
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
NRI
ബെര്ലിന്: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന് കാനറിയയില് നിന്ന് ഹാംബുര്ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില് വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്ബാവോയില് വിമാനം അടിയന്തര ലാന്ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: റദ്ദാക്കപ്പെട്ട ഇൻഡിഗോ വിമാനങ്ങൾക്കുള്ള ടിക്കറ്റ് റീഫണ്ടുകൾ ഇന്നു രാത്രി എട്ടിനകം പൂർണമായി നൽകണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. യാത്രക്കാരിൽനിന്നു വേർതിരിക്കപ്പെട്ട ബാഗേജുകൾ 48 മണിക്കൂറിനുള്ളിൽ തിരികെ നൽകണം.
റദ്ദാക്കലുകൾ ബാധിക്കപ്പെട്ടവരിൽനിന്ന് റീഷെഡ്യൂളിംഗ് ചാർജ് ഈടാക്കരുതെന്നും പ്രതിസന്ധി നേരിടാൻ പാസഞ്ചർ സപ്പോർട്ടും റീഫണ്ടിംഗ് സാധ്യമാക്കുന്നതിനു സഹായിക്കുന്ന സെല്ലുകളും പ്രവർത്തിപ്പിച്ചു തുടങ്ങാനും ഇൻഡിഗോയ്ക്ക് നിർദേശം നൽകി.