ബംഗളൂരു: ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു വിമാനം ആകാശത്തു ചുറ്റിയതു നാലു മണിക്കൂർ. ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്കു പുറപ്പെട്ട ഫ്ലൈ91 എയർലൈൻസിന്റെ ഐസി3401 എന്ന വിമാനമാണ് തകരാറിലായത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം വൈകുന്നേരം നാലരയ്ക്കു ഹുബ്ബുള്ളയിൽ എത്തേണ്ടതായിരുന്നു.
ഹുബ്ബുള്ളയ്ക്കു സമീപം എത്തിയപ്പോഴാണ് വിമാനം തകരാറിലായത്. ഇതോടെ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് മുണ്ട്ഗോഡ്, ദാവൻഗരെ, ഷിവമോഗ എന്നീ പ്രദേശങ്ങൾക്കു മുകളിലായി ഏകദേശം നാലു മണിക്കൂറോളം വിമാനം വട്ടംചുറ്റി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തിയിലായിരുന്നു.
പലതവണ ലാൻഡിംഗിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം ബംഗളൂരുവിലേക്കു തിരിച്ചുവിടാൻ തീരുമാനിച്ചു. ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
തക്കസമയത്തു കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അനാസ്ഥ കാട്ടിയെന്നും ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി.
Tags : Technical glitch landing flight sky