ഹാരി കെയ്ൻ
ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2026 എഡിഷന് ബലോണ്‍ ദോര്‍ പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്നിന്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ഹാരി.
സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ, എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിന് യമാല്‍ എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു പിന്തള്ളിയാണ് ഹാരി കെയ്ന്‍ ബലോണ്‍ ദോര്‍ പുരസ്കാരത്തില്‍ ചുംബിച്ചത്. ബലോണ്‍ ദോറിന്റെ 70-ാം വാര്‍ഷികമായിരുന്നു എന്നതും ശ്രദ്ധേയം.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലാമിന് യമാലും മികച്ച ഗോള്‍ കീപ്പറിനുള്ള യാഷിന് ട്രോഫി സ്പെയിനിന്റെ ഉനയ് സിമോണും സ്വന്തമാക്കി.
മികച്ച വനിതാ താരത്തിനുള്ള ബലോണ്‍ ദോര്‍ ഫെമിനിന്‍ പുരസ്കാരം എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് താരം അലെക്സിയ പുടെയസ് സ്വന്തമാക്കി. മൂന്നാം തവണയാണ് (2021, 2022, 2026) പുടെയസ് പുരസ്കാരത്തില്‍ ചുംബിക്കുന്നത്.
അഞ്ചാമന് ഹാരി കെയ്ന്‍
ബലോണ്‍ ദോര്‍ പുരസ്കാരം നേടുന്ന അഞ്ചാമത് ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍. സ്റ്റാന്‍ലി മാത്യൂസ് (1956), ബോബി ചാള്ട്ടണ് (1966), കെവിന് കീഗന്‍ (1978, 1979), മൈക്കല്‍ ഓവന് (2001) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരങ്ങള്‍. കാല് നൂറ്റാണ്ടിനു ശേഷമാണ് ഒരു ഇംഗ്ലീഷുകാരന് ബലോണ്‍ ദോര്‍ നേടുന്നതെന്നതും ശ്രദ്ധേയം.
2025 ഓഗസ്റ്റ് മൂന്നു മുതല്‍ 2026 ജൂലൈ 19വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഇക്കാലയളവില്‍ ഇംഗ്ലണ്ടിനും ബയേണ്‍ മ്യൂണിക്കിനുമായി 65 മത്സരങ്ങളില്‍നിന്ന് ഹാരി കെയ്ന്‍ 73 ഗോള്‍ നേടി. എട്ട് അസിസ്റ്റും നടത്തി. ബയേണിനൊപ്പം ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍. 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനൊപ്പം മൂന്നാം സ്ഥാനവും സ്വന്തമാക്കി.