തിരുവനന്തപുരം: താമരശേരി ചുരത്തിനു ബദലായുള്ള വയനാട്ടിലെ തുരങ്കപാതയ്ക്ക് സർക്കാർ എതിരല്ലെന്നും അപകടമില്ലാതെ പാത യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. തോന്നിയപോലെ നിർമാണം പറ്റില്ല. മേൽനോട്ടത്തിന് ഏജൻസിയുണ്ടാകണം.
കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിർമാണം. തുരങ്കപാതയുടെ നിർമാണം അവസാനിപ്പിക്കണമെന്ന നയമല്ല സർക്കാരിനുള്ളത്. പക്ഷേ അവിടെ അപകടമുണ്ടായാൽ ഉത്തരവാദിത്വം സർക്കാരിനായിരിക്കും. ആവശ്യമായ മുൻകരുതലുകളെടുത്ത് അപകടസാധ്യത ഇല്ലാതാക്കി നിർമാണം നടത്തണം.
നിർമാണമേഖലയിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ അപകട സാധ്യത, മണ്ണിടിച്ചിൽ സാധ്യത, ചരിവ്, മണ്ണിന്റെ സ്ഥിരത, നിർമാണ പ്രത്യാഘാതങ്ങൾ എന്നിവ ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും കരാറുകാർ അതു നൽകാതെ വൈകിപ്പിക്കുകയാണ്.
നിർമാണത്തിൽ മണ്ണിനു കാര്യമായ ആഘാതമുണ്ടായാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഇടയാക്കും. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നു മുൻപ് ആവശ്യപ്പെട്ടപ്പോൾ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു. വയനാട് തുരങ്ക പാത പ്രധാന പദ്ധതിയാണെന്നും അതിനു താൻ എതിരാണെന്നതു തെറ്റായ പ്രചാരണമാണെന്നും സി.കെ. കാസിമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Tags : Chief Minister government Wayanad tunnel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash