Kerala
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ ക്ഷേമം അവകാശമാക്കി മാറ്റാൻ നിർദേശിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന ബില്ലിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.
ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കുകയാണ് ലക്ഷ്യമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
വീടുകളിൽ ഒറ്റപ്പെടുന്ന മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ സർക്കാർ ആരംഭിക്കും. സാന്പത്തിക ശേഷിയുള്ള വർക്ക് പണം നൽകി ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. പണമില്ലാത്തവരുടെ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരുക്കും.
മുതിർന്ന പൗരന്മാരെ സംബന്ധിച്ച സർവേ നടപടികൾ തുടങ്ങി. തളർന്നു കിടക്കുന്നവർ, മറ്റു പ്രശ്നങ്ങൾ നേരിടുന്നവർ ഇവരുടെ വിശദമായ വിവരം ഇതുവഴി ശേഖരിക്കാൻ കഴിയും. ഇതോടൊപ്പം കായിക ബില്ലും നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും.
Kerala
കൊച്ചി: കോളജും സ്കൂളുകളും മാത്രമല്ല, വിദ്യാർഥികൾ താമസിക്കുന്ന ഇടങ്ങളും റാഗിംഗ് സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽവരുമെന്ന് സർക്കാർ മാർഗനിർദേശം. ഡിജിറ്റൽ ഇടങ്ങളിലടക്കം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏതു പ്രവൃത്തിയെയും റാഗിംഗായി കണക്കാക്കും.
പുതിയ റാഗിംഗ് നിരോധനനിയമം നടപ്പിൽവരാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തയാറാക്കിയത്. മാർഗനിർദേശങ്ങൾ ബാധകമാകുന്ന പ്രദേശങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിനകത്തും പുറത്തും എന്നരീതിയിലുള്ള വാക്കുകളിൽ
മാറ്റം വേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കോടതി നേരത്തേ നിർദേശിച്ച പ്രകാരം കരട് ബില്ലി ന്റെ അടിസ്ഥാനത്തിലാണു മാർഗനിർദേശം തയാറാക്കിയതെന്ന് സർക്കാർ അറിയിച്ചു.
പ്രധാന ഉള്ളടക്കം ഇങ്ങനെ:
1.വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും മാർഗനിർദേശ പ്രകാരം വിദ്യാലയം/കലാലയം എന്ന നിർവചനത്തിന്റെ പരിധിയിൽ വരും.
2. റാഗിംഗ് തെളിഞ്ഞാൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷയ്ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും മൂന്നു വർഷത്തേക്ക് മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യും.
3. റാഗിംഗ് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ 24 മണിക്കൂറിനകം പൊലിസിനു പരാതി കൈമാറുകയും ആരോപണവിധേയനായ വിദ്യാർഥിയെ ഉടനടി സസ്പെൻഡ് ചെയ്യുകയും വേണം.
4. പരാതി മറച്ചുവച്ചാൽ സ്ഥാപന മേധാവിക്കെതിരേയും റിഗിംഗിനെതിരായ നടപടിയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: ഭരണത്തിൽ വന്നു 150 ദിവസം പിന്നിട്ട യുഡിഎഫ് സർക്കാർ സന്പൂർണ പരാജയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയ്ഞ്ച് റോവറിൽ സഞ്ചരിക്കുന്ന മന്ത്രിയും പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന മുഖ്യമന്ത്രിയുമാണു നാട്ടിൽ ഭരണം നടത്തുന്നത്.
മരുന്നുക്ഷാമവും പവർകട്ടും കാരണം ജനം പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തു കോണ്ഗ്രസും സിപിഎമ്മും തമ്മിൽ ഡീലാണ്. ഇതിനുദാഹരണമാണ് ഇപ്പോൾ ഗ്യാനേഷ് കുമാറിനെതിരേ നടക്കുന്ന സമരമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരേ സമരം ചെയ്യുന്നതിൽ ബിജെപിക്ക് ആശങ്കയില്ല. സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ പേരിലുള്ള പഴയ ഒരു കേസ് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നല്ല കാര്യംതന്നെ.
എന്നാൽ മാസപ്പടി കേസിൽ കോടതി പറഞ്ഞിട്ടും ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാത്തതെന്തെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണത്തിന് ഭരണാനുമതി നൽകിയ യുഡിഎഫ് സർക്കാരിനെ മുൻ ഫിഷറീസ്–തുറമുഖ മന്ത്രി കെ. ബാബു അനുമോദിച്ചു. തുറമുഖ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം വൈകാൻ കാരണം എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ കുറ്റകരമായ അനാസ്ഥയാണെന്ന് കെ. ബാബു കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ച പാക്കേജ് നടപ്പാക്കാതിരുന്നതും എൽഡിഎഫ് സർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നിലപാടിന്റെ ഉദാഹരണമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്നത് 2014-ലെ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ ടെൻഡറിൽ നിശ്ചിത തുകയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബിഡ്ഡർ മത്സ്യബന്ധന തുറമുഖവും നിർമിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് 2015-ൽ കേരള സർക്കാർ അദാനിയുമായി ഒപ്പുവച്ച കരാർ പ്രകാരം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണവും അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ ഉത്തരവാദിത്വമായിരുന്നു. 2019-ൽ തുറമുഖ നിർമാണം പൂർത്തിയാകുമ്പോൾ മത്സ്യബന്ധന തുറമുഖത്തിന്റെയും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മത്സ്യബന്ധന തുറമുഖം അദാനി നിർമിക്കേണ്ടതില്ലെന്ന് അറിയിച്ച് കമ്പനിക്ക് കത്ത് നൽകുകയായിരുന്നു. തുടർന്നുള്ള പത്ത് വർഷത്തിനിടെ പഠനങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ സർക്കാർ ഗൗരവമായ ശ്രമം നടത്തിയില്ല.
തുറമുഖ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ കാലയളവിൽ പരിഹരിക്കാവുന്ന വിഷയമായിരുന്നു ഇതെന്നും റോഡ്–റെയിൽ കണക്ടിവിറ്റിയുടെ കാര്യത്തിലെന്നപോലെ ഇവിടെയും എൽഡിഎഫ് സർക്കാർ അനാവശ്യമായ കാലതാമസം വരുത്തിയെന്നും കെ. ബാബു പറഞ്ഞു.
Kerala
കോഴിക്കോട്: പ്രകൃതിദുരന്തമുണ്ടായ വയനാട്, വിലങ്ങാട് മേഖലകളെ മാത്രം ഒഴിവാക്കി സംസ്ഥാനത്ത് റവന്യു റിക്കവറി കുടിശിക പിരിവ് ഊര്ജിതമാക്കാന് പ്രത്യേക യജ്ഞവുമായി സംസ്ഥാന സര്ക്കാര്.
ഈ മാസം മുതല് 2027 മാര്ച്ച് 31 വരെയാണു പ്രത്യേക പിരിവ് യജ്ഞം. തീവ്ര ദുരന്തബാധിത പ്രദേശങ്ങളായ വയനാട് ജില്ലയിലെ ചൂരല്മല, മുണ്ടക്കൈ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളെ പിരിവ് യത്നത്തില് നിന്നും പൂര്ണമായി ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർ രണ്ടാഴ്ച കൂടുമ്പോള് ലാന്ഡ് റവന്യു റിക്കവറി നടപടികള് അവലോകനം ചെയ്യുകയും സര്ക്കാരിലേക്ക് പ്രതിമാസ പുരോഗതി റിപ്പോര്ട്ട് സമര്പ്പിക്കുകയും വേണം. ജില്ലാതല റവന്യു റിക്കവറി റിവ്യൂ യോഗങ്ങളില് ജില്ലാ കളക്ടര്മാര് നേരിട്ടു പങ്കെടുക്കണം.
സര്ക്കാര് നല്കിയ സ്റ്റേ ഉത്തരവുകളിലെയും ഗഡു വ്യവസ്ഥകളിലെയും നിബന്ധനകള് ലംഘിക്കപ്പെട്ട കേസുകളില് സ്റ്റേ നീക്കാനും അപ്പലേറ്റ് അഥോറിറ്റികളിലും കോടതികളിലുമുള്ള കേസുകള് വേഗത്തില് തീര്പ്പാക്കാനും അഡ്വക്കറ്റ് ജനറലുമായി ചേര്ന്ന് നടപടി സ്വീകരിക്കാനും നിര്ദ്ദേശമുണ്ട്.
റവന്യു റിക്കവറി ആവശ്യങ്ങള്ക്കു വാഹനങ്ങള് ലഭ്യമല്ലാത്ത പക്ഷം മറ്റ് വകുപ്പുകളില്നിന്നോ വാടകയ്ക്കോ വാഹനങ്ങള് ഏറ്റെടുക്കാന് കളക്ടര്മാര്ക്ക് അനുമതി നല്കിയിട്ടുണ്ട്. കേരള സര്ക്കാരിന്റെ വരുമാന കുടിശികകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള് (കെഎസ്എഫ്ഇ, കെഎസ്ഇബി, സഹകരണ ബാങ്കുകള് തുടങ്ങിയവ) വരുത്തിയ വായ്പാ കുടിശികകളും വേഗത്തില് ഈടാക്കുകയാണു പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യം.
നോട്ടീസ് കാലാവധിക്കുള്ളില് തുക അടച്ചില്ലെങ്കില്, ഇടപാടുകാരുടെ ജംഗമ-സ്ഥാവര വസ്തുക്കള് ജപ്തി ചെയ്യാനും തുടര്ന്ന് ലേലം ചെയ്യാനുമാണു സര്ക്കാര് നിര്ദേശം നല്കിയിരിക്കുന്നത്.
അതേസമയം, അപേക്ഷ നല്കിയാല് കേരള റവന്യു റിക്കവറി റൂള്സ് അനുസരിച്ച് നിശ്ചിത ഗഡുക്കളായി തുക അടയ്ക്കാന് കളക്ടര്ക്കോ തഹസില്ദാര്ക്കോ റിക്കവറി നേരിടുന്ന വ്യക്തികള്ക്ക് അനുമതി നല്കാനും വ്യവസ്ഥയുണ്ട്.
National
ചെന്നൈ: സംസ്ഥാന പാതയിലെ ദിശാഫലകത്തിൽ ഹിന്ദി ഉപയോഗിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. ദിശാഫലകത്തിൽ ഇംഗ്ലീഷ്, തമിഴ് ഭാഷകൾ മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധന ലംഘിച്ചതിനാണു നടപടി.
ഹൈവേസ് വകുപ്പിലെ അസിസ്റ്റന്റ് എൻജിനിയർമാർക്കെതിരേയാണു നടപടി. ഇവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. ബോർഡിൽനിന്നു ഹിന്ദി വാക്കുകൾ നീക്കം ചെയ്തതായും സർക്കാർ അറിയിച്ചു.
തൂത്തുക്കുടി സത്താൻകുളം-നസ്രത്ത് സംസ്ഥാന പാതയിൽ പുതുതായി സ്ഥാപിച്ച ദിശാഫലകത്തിൽ തമിഴിനും ഇംഗ്ലീഷിനും പുറമേ ഹിന്ദിയിലും സ്ഥലങ്ങളുടെ പേരുകൾ എഴുതിയിരുന്നു. ഇതാണ് വിവാദ മായത്.
Kerala
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായെത്തുന്ന കേരളത്തിലെ സാമൂഹിക-വനിതാ സംരംഭകരെ പിന്തുണയ്ക്കാന് സംസ്ഥാന സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
സംസ്ഥാന സര്ക്കാരിന്റെ മുന്ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ്യുഎം) സംഘടിപ്പിച്ച ‘സാമൂഹിക സംരംഭകത്വ കോണ്ക്ലേവ് ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില് സാമൂഹിക സംരംഭങ്ങള്ക്ക് വലിയ വളര്ച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവിനു നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു.
രോഗികളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയാറാക്കുന്നതിനായി നാലംഗ സമിതി രൂപവത്കരിക്കുമെന്നു മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്സിഎൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ചു ചികിത്സാച്ചെലവു കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കാനാണ് കമ്മിറ്റിക്കു നിർദേശം നൽകിയിട്ടുള്ളത്.
രോഗികൾക്കു ചികിത്സ ആരംഭിക്കുന്നതിനു മുന്പു പ്രതീക്ഷിക്കാവുന്ന ചെലവു വ്യക്തമാക്കുക, ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഉറപ്പാക്കേണ്ടതുണ്ട്.
കൂടാതെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്കു നൽകുന്ന മരുന്നുകൾ എംആർപിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം. ആശുപത്രികൾ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ വർക്കേഷൻ ആശയം നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന വർക്കേഷൻ സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്ന ‘SHOLA’(Seek-Hike-Observe-Lodge-Absorb) ബ്രാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുൾപ്പെടെ കേരള വനവികസന കോർപറേഷൻ പുതിയതായി ആരംഭിക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിച്ചു.
കേരള വനവികസന കോർപറേഷന്റെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന തേയിലയും കാപ്പിയും വിപണനം ചെയ്യുന്ന ‘ആത്മ’ എന്ന ബ്രാൻഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആത്മ തേയില-കാപ്പി ബ്രാൻഡിന്റെ ആദ്യ വില്പന മന്ത്രി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്ക് കൈമാറി നിർവഹിച്ചു. വാഗമണ്ണിൽ ആരംഭിക്കുന്ന പ്രീമിയം പോഡ് സ്റ്റേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
നാല് പോഡുകളുടെ നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും. തവണ വ്യവസ്ഥയിൽ വിനോദയാത്രകൾ സാധ്യമാക്കുന്ന ‘ട്രാവൽ ടുഡേ പേ ടുമോറോ’ പദ്ധതി, പ്രകൃതി വ്യാഖ്യാനത്തിന്റെ നിലവാരം ഉയർത്തുന്നതിനുള്ള ഇക്കോ ഗൈഡ് പരിശീലനം തുടങ്ങിയ സംരംഭങ്ങൾക്കും ഇന്ന് തുടക്കംകുറിച്ചു.
കേരളത്തിന്റെ ജൈവവൈവിധ്യം ലോകോത്തരമാണെന്ന തിരിച്ചറിവ് മലയാളികൾക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത അനുഭവം വിനോദസഞ്ചാരികൾക്ക് നൽകാൻ വനം വകുപ്പിന്റെ പുതിയ സംരംഭങ്ങൾക്ക് കഴിയും. ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്താതെ വിനോദസഞ്ചാരവും വികസനവും ഉറപ്പാക്കണം.
ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന താത്കാലിക സംവിധാനമായ പോഡുകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമാണ്. മൂല്യവർധന ഉറപ്പാക്കി കേരളത്തിന്റെ പ്രത്യേകതയാർന്ന ഉത്പന്നങ്ങൾ കൂടുതലായി നമുക്ക് വികസിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന ഉത്പന്നങ്ങളുടെ മൂല്യവർധന ഉറപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കേരള വനവികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരങ്ങളിൽ നിന്നുള്ള ചന്ദനം ‘കളഭം’ എന്ന ബ്രാൻഡായി പുറത്തിറക്കും.
വനാതിർത്തി പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ്. ഈ സാധ്യത ഉപയോഗിക്കുന്നതിനും അതിനെ സുസ്ഥിരമായ സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ ഭാഗമാക്കുന്നതിനുമായി മുന്നോട്ടുവയ്ക്കുന്ന ‘പ്രീമിയം ബയോഡൈവേഴ്സിറ്റി എക്സ്പീരിയൻസ്’ എന്ന ദർശനത്തിന്റെ ഭാഗമായാണ് പദ്ധതികൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സര്ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. ഭരണത്തിന്റെ ആദ്യ നാളുകളില് തന്നെ ജനമനസില് രൂപപ്പെട്ട പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിന് സിറ്റിംഗ് സീറ്റുകള് നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. തദ്ദേശ സ്ഥാപന വാര്ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സര്ക്കാരിന്റെ ജനപിന്തുണ അളക്കാന് പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നല്കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്ന് മുഖപ്രസംഗം പറയുന്നു.
നാല് മാസം കൊണ്ട് സര്ക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയര്ന്നു വന്ന വിവാദങ്ങളില് വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്കാന് സര്ക്കാരിന് കഴിഞ്ഞോ ? സാധാരണക്കാരെ ഇത് ആശയക്കുഴപ്പത്തിലാക്കിയെങ്കില് കുറ്റം പറയാനാകില്ല. സര്ക്കാരിനെ ചുറ്റിപ്പറ്റി ഉണ്ടായത് വലിയ വിവാദങ്ങളാണ്. ഇത് സര്ക്കാരിന്റെ സുതാര്യതയെ കുറിച്ചുള്ള ചര്ച്ചകള്ക്ക് വഴിവച്ചുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള് നല്കുന്ന പിന്തുണ അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. വിവാദങ്ങളില് നിന്ന് പാഠം ഉള്ക്കൊള്ളണം. ജനവിധിയിലെ ചെറിയ മാറ്റങ്ങള് പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ട്. സ്വകാര്യ സൗകര്യങ്ങള് ഉപയോഗിക്കുന്ന കാര്യത്തില് കൂടുതല് സുതാര്യത സര്ക്കാരിന് ഉണ്ടാകണം. നയപരമായ മാറ്റങ്ങളില് വ്യക്തത വേണമെന്നും സമസ്ത മുന്നറിയിപ്പ് നല്കുന്നു.
Kerala
കൊച്ചി: സ്റ്റാര് പദവി പുതുക്കാന് അപേക്ഷ നല്കി കാത്തിരിക്കുന്ന ബാര് ഹോട്ടലുകള്ക്ക് അത് അനുവദിക്കുന്നത് താത്കാലിക ക്രമീകരണം എന്നനിലയില് മാത്രമാണെന്നു സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
രേഖകള് കൃത്യമായി പരിശോധിച്ചശേഷം മാത്രമാണ് ലൈസന്സ് പുതുക്കുന്നത്. അതേസമയം, സ്റ്റാര് പദവിയുടെ കാര്യത്തില് ഇളവ് വരുത്തുകയോ പുതിയ ഹോട്ടലുകള്ക്ക് ബാര് ലൈസന്സ് നല്കുകയോ ചെയ്തിട്ടില്ലെന്നും നികുതി അഡീ. സെക്രട്ടറി സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നു.
കേരള മദ്യനിരോധന സമിതി നല്കിയ പൊതുതാത്പര്യ ഹര്ജിയിലാണു വിശദീകരണം. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അപ്രൂവല് ആന്ഡ് ക്ലാസിഫിക്കേഷന് കമ്മിറ്റി നടത്തുന്ന പരിശോധന വൈകുന്നതാണ് നിലവില് അപേക്ഷ നല്കി കാത്തിരിക്കാന് ഇടയാക്കുന്നത്. ഇതിന് ഹോട്ടലുടമകള് ഉത്തരവാദികളല്ല.
ലൈസന്സ് പുതുക്കി നല്കാതിരുന്നാല് സംസ്ഥാനത്തെ ടൂറിസം മേഖലയെയും സാമ്പത്തിക രംഗത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കും.
കേന്ദ്ര ടൂറിസം മന്ത്രാലയം തന്നെ ബാര് ലൈസന്സ് അനുവദിക്കുന്നതിന് സ്റ്റാര് പദവി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ശിപാര്ശ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില് പറയുന്നു.
Kerala
തിരുവനന്തപുരം: പൊലിസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കുകയും അഡ്ഹോക് ഭരണം ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.
കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ ഭരണസമിതി ഇല്ലാതാക്കുകയും കേരള പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭരണസമിതികൾക്കു പകരം അഡ്ഹോക് കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്ത നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണു സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുക.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം നിയമവിരുദ്ധമായി കരുതൽ തടങ്കലിലാക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി പത്തു ലക്ഷം രൂപ പിഴ ചുമത്തി.
2024ലെ സംഭൽ സംഘർഷവുമായി ബന്ധപ്പെട്ട് മുല്ല അഫ്രോസ് എന്നയാളെ തടങ്കലിലാക്കിയ യുപി സർക്കാരിന്റെ ഉത്തരവ് പൂർണമായും റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ നിർണായക ഉത്തരവ്.
പൊലിസ് കസ്റ്റഡിയിലായിരിക്കെ പ്രതി നല്കിയ കുറ്റസമ്മതമൊഴിയെ മാത്രം അടിസ്ഥാനമാക്കി കരുതല് തടങ്കല് പാടില്ലെന്നും അനുബന്ധമായ മറ്റു സാഹചര്യങ്ങള്കൂടി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കരുതൽ തടങ്കൽ ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി. 2024 നവംബറിലെ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് അഫ്റോസിനെതിരേ നടപടിയുണ്ടായത്.
Kerala
കോഴിക്കോട്: ലൈംഗിക പരാതിയിൽ സസ്പന്ഷൻ നടപടി നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായിരുന്നു.
ഡിസിസി പ്രസിഡന്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പിൻവലിച്ചത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
പാലക്കാട്ടെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്.
District News
ഇടുക്കി: ജില്ലയില് ഉപയോഗശൂന്യമായികിടക്കുന്ന സര്ക്കാര് കെട്ടിടങ്ങളുടെ കണക്കെടുക്കാന് ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഓരോ വകുപ്പുകളും തങ്ങളുടെ ഓഫിസ് പ്രവര്ത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ച വിശദാംശങ്ങള് ഒരാഴ്ചയ്ക്കകം തയാറാക്കി സമര്പ്പിക്കാന് ജില്ലാ കളക്ടര് നിര്ദേശം നല്കി.
ഉപയോഗശൂന്യമായിക്കിടക്കുന്ന മുറികളും ഓഫിസ് കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തി ഓഫിസുകളോ സര്ക്കാര് ജീവനക്കാര്ക്കുള്ള താമസ സൗകര്യമോ ഒരുക്കുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പിന് മുന്ഗണന നല്കിയാകും താമസ സൗകര്യങ്ങള് ഒരുക്കുക. ആശുപത്രികളുടെ സമീപത്ത് ഡോക്ടര്മാര്ക്കും ജീവനക്കാര്ക്കും താമസസൗകര്യം ഏര്പ്പെടുത്തുന്നതിനാണിത്.
ആനയിറങ്കല് ജലാശയത്തില് ഹൈഡല് ടൂറിസം വകുപ്പ് നടത്തുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്തും. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില് വനം വകുപ്പ്, സര്വേ, തദ്ദേശ വകുപ്പുകള് ഫീല്ഡുതല പഠനം നടത്തി തുടര്നടപടി തീരുമാനിക്കും. മൂന്നാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കാനും യോഗം തീരുമാനിച്ചു.
ആനയുടെ സഞ്ചാരപാതയായി വനംവകുപ്പ് തിരിച്ചറിഞ്ഞ പ്രദേശമായതിനാലാണ് പദ്ധതി നിര്ത്തിവച്ചത്. ഇതുമായി ബന്ധപ്പെട്ട് സേനാപതി വേണു എംഎല്എയുടെ അധ്യക്ഷതയില് യോഗം ചേരാനും തീരുമാനിച്ചു.
ജില്ലയില് പാറ, മണല്, എംസാന്ഡുപോലുളള നിര്മാണ സാമഗ്രികളുടെ കുറവ് കണക്കിലെടുത്ത് ക്വാറി പ്രവര്ത്തനങ്ങള്ക്കാവശ്യമായ സര്ക്കാര് പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള പ്രവര്ത്തനങ്ങള് ഊര്ജിതമാക്കും. നിലവില് കണ്ടെത്തിയ സ്ഥലങ്ങളില് ജിയോളജിസ്റ്റും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സാധ്യതാ പഠനം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കും.
കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് എംഎല്എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കട്ടപ്പന നഗരസഭാ ചെയര്പേഴ്സണ് ജോയി വെട്ടിക്കുഴി, ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പൊലിസ് മേധാവി ഡോ. എ. നസിം, സബ് കളക്ടര് വി.എം. ആര്യ, എഡിഎം മിനി കെ. ജോണ്, ജില്ലാ പ്ലാനിംഗ് ഓഫിസര് ഡോ. പി. പ്രവീണ് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര വാഹനം ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്.
സർക്കാർ പദവി ദുരുപയോഗം ചെയ്തുവെന്നും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറാണ് മന്ത്രി ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചത്.
ഔദ്യോഗിക വാഹനത്തിന് പകരം ആഡംബര കാറിലുള്ള മന്ത്രിയുടെ സഞ്ചാരം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി വാഹനം ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.
Kerala
തൃശൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ് പരിഷ്കരിക്കുമെന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 1960കളിലെ സ്റ്റാഫ് പാറ്റേണ് ആണ് പിന്തുടരുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മരുന്നില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകില്ല. ആശുപത്രികളിൽ മികച്ച സൗകര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധമെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കങ്ങളില്ലെന്നും ശബരിമല സീസണിന്റെ തയാറെടുപ്പ് നടക്കുന്ന സമയത്ത് ദേവസ്വം ബോർഡിനെ മാറ്റാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നീക്കവുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
നിലവിലുള്ള ബോർഡ് അവിടെയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചുമതല അവർക്കാണ്. പ്രസാദ വിതരണം, അതിനുവേണ്ടി ടെൻഡർ വിളിക്കുക, സന്നിധാനവും പന്പയുമൊക്കെ സജ്ജമാക്കുക, പൊലിസിനും ഫയർഫോഴ്സിനും സൗകര്യങ്ങളൊരുക്കുക, ദേവസ്വം മരാമത്തിന്റെ ജോലികൾ ചെയ്യിക്കുക തുടങ്ങിയ ഒരുപാട് ഉത്തരവാദിത്വങ്ങൾ ദേവസ്വം ബോർഡിനുണ്ട്. അവ ഓരോന്നും പ്രത്യേകമായി എടുത്ത് ചർച്ച നടത്തിയിട്ടുണ്ട്. അവരതു കൃത്യമായി ചെയ്യണം. സർക്കാരിന്റെ ഭാഗത്തുനിന്നു വേണ്ടതല്ലാം കൃത്യമായി ചെയ്യും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തന്നെ യോഗം ചേർന്ന് എന്തൊക്കെ കാര്യങ്ങൾ ചെയ്തുതീർക്കണം എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ശബരിമലയിൽ ദേവസ്വം ബോർഡ് മുൻകൂട്ടി ചെയ്യേണ്ട ചില കാര്യങ്ങളിൽ ചെറിയൊരു കാലതാമസം വന്നിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കുറവ് അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതു കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിൽ മരിച്ച ഒന്പതു പേരുടെയും കാണാതായ ഒരാളുടെയും കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മലപ്പുറത്ത് അഞ്ചു പേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു. ഇടുക്കിയിലും കോട്ടയത്തും രണ്ടു പേർ വീതമാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമലയില് ദേവസ്വം ബോര്ഡ് നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ചു വിശദമായി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചുവെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ.ജയകുമാര്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കെ.ജയകുമാര്.
നിലവിലെ സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ല. തീർഥാടന കാലത്ത് പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചതായും ജയകുമാർ പറഞ്ഞു. ദേവസ്വം ബോര്ഡിന്റെ നടപടികളില് മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെയാണ് ജയകുമാര് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള് വിശദീകരിച്ചത്.
സര്ക്കാരും ബോര്ഡും ഒരുമിച്ച് മണ്ഡല, മകരവിളക്ക് സീസണ് ഭംഗിയായി നടപ്പാക്കും. എല്ലാ സഹകരണവും മുഖ്യമന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും സര്ക്കാരിനെ അറിയിച്ച് മുന്നോട്ടുപോകും. ആശയവിനിമയത്തില് പ്രശ്നങ്ങള് ഉണ്ടെങ്കില് പരിഹരിക്കും.
അരവണ പ്രതിസന്ധി കുറച്ചു സമയത്തേക്കു മാത്രമാണ് ഉണ്ടായത്. സീസണില് ഒരു പ്രശ്നവും ഉണ്ടാകില്ല. കൃത്യമായി കാര്യങ്ങള് മുന്നോട്ടുപോകുന്നുണ്ടെന്നും ജയകുമാര് അറിയിച്ചു. അരവണ പ്രതിസന്ധിയെക്കുറിച്ച് ദേവസ്വംമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ജയകുമാര് കൂട്ടിച്ചേർത്തു.
Tech
ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്റ്ററുകളുടെയും ടെമ്പർഡ് ഗ്ലാസുകളുടെയും വിൽപ്പന തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകളെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നിർബന്ധിത ബിഐഎസ് രജിസ്ട്രേഷൻ പരിധിയിൽ ഉൾപ്പെടുത്തി.
2027 ഏപ്രിൽ ഒന്ന് മുതൽ നിശ്ചിത നിലവാരം പുലർത്താത്ത സ്ക്രീൻ പ്രൊട്ടക്റ്ററുകൾ ഇന്ത്യയിൽ വിൽക്കാൻ അനുവാദമുണ്ടാകില്ല. 2026 സെപ്റ്റംബർ 21നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയത്.
2027 ഏപ്രിൽ ഒന്ന് മുതൽ നിർമാതാക്കളും ഇറക്കുമതിക്കാരും സ്ക്രീൻ ഗാർഡുകൾ IS 19348:2025 എന്ന ബിഐഎസ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കൃത്യമായ അളവ്, ഗ്ലാസിന്റെ ബലം, ഉപരിതല ഗുണനിലവാരം എന്നിവ പരിശോധിക്കണം. പ്രകാശം കടന്നുപോകുന്നതിന്റെ വ്യക്തതയും നിർമാണ വൈകല്യങ്ങളും പരിശോധിക്കും.
ഒലിയോഫോബിക് കോട്ടിംഗ്, ആന്റി-ഗ്ലെയർ, ബ്ലൂ-ലൈറ്റ് ഫിൽട്ടറിംഗ്, പ്രൈവസി ഫിലിമുകൾ, പശയുടെ ഗുണനിലവാരം എന്നിവ നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കും.
നിർമാതാവിന്റെ പേര്, ബാച്ച് നമ്പർ, ഗ്ലാസിന്റെ കനം എന്നിവ പാക്കറ്റിന് മുകളിൽ കൃത്യമായി രേഖപ്പെടുത്തണം.
വ്യാജവും കുറഞ്ഞ ഗുണനിലവാരമുള്ളതുമായ ടെമ്പർഡ് ഗ്ലാസുകൾ വിപണിയിൽ നിന്ന് ഒഴിവാകുന്നതോടെ ഉപയോക്താക്കൾക്ക് മികച്ച ഉത്പ്പന്നങ്ങൾ ലഭിക്കും.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധനകളും സർട്ടിഫിക്കേഷനും പൂർത്തിയാക്കേണ്ടി വരുമെന്നതിനാൽ നിർമാണച്ചെലവിൽ ചെറിയ മാറ്റങ്ങൾ വരാം. എന്നാൽ വില വർദ്ധിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഉൽപ്പാദകർക്കും ഇറക്കുമതിക്കാർക്കും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറാൻ 6 മാസത്തിൽ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. 2016ലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
കൊച്ചി: പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെക്കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 25ന് അവസാനിക്കാനിരിക്കേ, ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയാറാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.
12 വർഷത്തിലേറെയായി തുടരുന്ന ഇഎസ്എ നിർണയ നടപടിക്രമങ്ങൾ വഴി മലയോര ജനതയുടെ ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ആദ്യത്തെ കരട് വിജ്ഞാപനത്തിലെ വീഴ്ചകൾ തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. 2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയായി നിർദേശിച്ചിരിക്കുന്നു. അതിനാൽതന്നെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന ആശങ്ക ശക്തമാണ്.
കരട് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നതുപോലെ ഇഎസ്എ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പരിശോധിച്ച് പരാതി നൽകാനാവും വിധം വില്ലേജ്തല ജിയോ കോ-ഓഡിനേറ്റ് മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. മലയാള ഭാഷയിൽ കരടു വിജ്ഞാപനം സാധാരണ ജനങ്ങൾക്കു ലഭ്യമാക്കണമെന്ന കോടതി ഉത്തരവും നടപ്പിലാക്കിയിട്ടില്ല.
131 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇതര സ്ഥാപനങ്ങളും ടൗൺഷിപ്പുകളും പൂർണമായും ഒഴിവാക്കണം. വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വനമേഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉൾപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും കർഷക സംഘടനകളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് ഇഎസ്എയുടെ മാപ്പും കൃത്യമായ വിസ്തീർണവും ഉൾപ്പടെ തയാറാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണം.
2014 മാർച്ച് 10 മുതൽ ഇഎസ്എയുമായി ബന്ധപ്പെട്ട ഏഴു കരട് വിജ്ഞാപനങ്ങൾ ഇതിനകം കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതുവഴി കടന്നുകൂടിയ ഈ കരട് വിജ്ഞാപനങ്ങളിലെ തെറ്റ് എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് തിരുത്തി നല്കാൻ സാധിക്കാതെ പോയി എന്നതും ആശങ്കാജനകമാണ്.
131 വില്ലേജുകളുടെ ആകെ വിസ്തീർണം 129000 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു. അതിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടെ വരുന്ന ആകെ റവന്യൂ ഭൂമിയുടെ വിസ്തൃതി ഈ 131 വില്ലേജുകളിൽ 3000 ചതുരശ്രകിലോമീറ്ററിൽ താഴെ മാത്രമേ വരുന്നുള്ളൂ എന്നാണ് ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് കാണിക്കുന്നത്. ഇത് സംഭവിച്ചത് ഈ വില്ലേജുകളിലെ റവന്യൂ ഭൂമിയെ വനഭൂമിയായി തെറ്റായി രേഖപ്പെടുത്തി ഉമ്മൻ കമ്മിറ്റി നൽകിയതുകൊണ്ടാണ്. ഇത് അടിയന്തരമായി തിരുത്തി നല്കാൻ സർക്കാർ തയാറാകണം.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി പിൻവലിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ ജനകീയസംഘടനകളെയുംകൂടി ഉൾപ്പെടുത്തി ചർച്ച ചെയ്തു പുതിയ റിപ്പോർട്ടും ശിപാർശകളും തയാറാക്കണം. വനഭൂമിയും സംരക്ഷിത മേഖലകളുംമാത്രം ഉൾക്കൊള്ളുന്ന ഇഎസ്എ പ്രദേശങ്ങളുടെ ജിയോ കോഡിനേറ്റ് മാപ്പും കൃത്യമായ ഏരിയയും ഉൾപപെടുന്ന ഒരു റിപ്പോർട്ട് ഇതുവരെ സമർപ്പിക്കപ്പെട്ടില്ല എന്നറിയുന്നു. കഴിഞ്ഞ 12 വർഷങ്ങളായി മതിയായ രേഖകൾ ഉള്ള തങ്ങളുടെ ഭൂമിയെ സംബന്ധിച്ച ജനങ്ങളുടെ അവസാനിക്കാത്ത ആശങ്കയും ക്രയവിക്രയങ്ങളിലും ബാങ്ക് ഇടപാടുകളിലും അനുബന്ധ വിഷയങ്ങളിലും നേരിടുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ ശ്രമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇഎസ്എ കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിക്കാൻ പോകുന്ന റിപ്പോർട്ട് 98 വില്ലേജുകളെ ഉൾപ്പെടുത്തിക്കൊണ്ട് 8590 ചതുരശ്രകിലോമീറ്റർ ഇഎസ് എ ഏരിയ ആണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയാറാക്കി നൽകിയ റിപ്പോർട്ടിന്റെ പതിപ്പ് തന്നെയാണിത് എന്നുവേണം കരുതാൻ. ഈ വില്ലേജുകളിലെ ഇഎസ്എ പരിധിയിൽ ഉൾപ്പെടാവുന്ന ഫോറസ്റ്റ്/ സംരക്ഷിത മേഖല എന്നവകാശപ്പെടുന്ന ഭൂമി വനംവകുപ്പിന്റെ രേഖകൾ അനുസരിച്ച് ഏഴായിരത്തിൽ താഴെ ചതുരശ്ര കിലോമീറ്ററാണ്.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ പറ്റിയ തെറ്റാണ് 9107 ചതുരശ്ര മീറ്റർ ഫോറസ്റ്റ് 123 വില്ലേജുകളിൽ എന്നുള്ളത്. ഈ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള ഇ പ്പോഴത്തെ 98 വില്ലേജുകളിലെ ഫോറസ്റ്റും സംരക്ഷിത പ്രദേശങ്ങളും മാത്രം ഉൾപ്പെടുന്ന 8590 ചതുരശ്രകിലോമീറ്റർ ഇഎസ്എ എന്ന കണക്കും അതിനാൽ തന്നെ തെറ്റാണ്. ഈ റിപ്പോർട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം വന്നാൽ നിലവിൽ 98 വില്ലേജുകളിൽ ഉള്ള 7,000 ൽ താഴെ ചതുരശ്രകിലോമീറ്റർ ഫോറസ്റ്റ് കഴിച്ച് ബാക്കി വരുന്ന 1600ലധികം ചതുരശ്ര കിലോമീറ്റർ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും വനഭൂമിയായി കണ്ടെത്തേണ്ടി വരും. അങ്ങനെ സാധാരണക്കാരന്റെ ഭൂമിയിൽ വന നിയമം ബാധകമാകുന്ന ഒരു സാഹചര്യം ഉടലെടുക്കാം.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. അതോടൊപ്പം, മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി മലയോര മേഖലകളിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും പാർപ്പിടങ്ങളും ഉപജീവനവും സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനിൽപ്പും പരസ്പരവിരുദ്ധമായി കാണാതെ, സുസ്ഥിരവികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും മേജർ ആർച്ച്ബിഷപ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം : കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
മോദിയും ഇഡിയും വിഡിയും ചേർന്ന കൂട്ടുകെട്ടാണ് ഇതിനുവേണ്ടി ശ്രമിക്കുന്നതെന്നും അതിനാണ് യുഡിഎഫ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് പിണറായിയെ ലക്ഷ്യമിട്ടാണെന്ന് തുടക്കത്തിൽ തന്നെ അറിയാം ഭീഷണിപ്പെടുത്തിയാണ് മൊഴികൾ രേഖപ്പെടുത്തിയത് പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ട് എന്തിനാണ് പണം വാങ്ങിയത് എന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്സ് തട്ടിപ്പ് കേസില് പ്രോസിക്യൂഷന് അനുമതിയുടെ ആവശ്യമില്ലെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. പ്രതികള് സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാല് പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് സര്ക്കാരിന്റെ നിലപാട്.
സര്ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്, മന്ത്രിമാര് എന്നിവര്ക്കാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വേണ്ടത്. സ്വകാര്യ വ്യക്തികള് ആയതിനാല് പ്രോസിക്യൂഷന് അനുമതി വേണ്ടെന്നാണ് സര്ക്കാര് വ്യക്തമാക്കിയിരിക്കുന്നത്.
പ്രോസിക്യൂഷന് അനുമതി വേണമെന്നായിരുന്നു വിജിലന്സിന്റെ നിലപാട്. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന പിന്നോക്ക വിഭാഗ വകുപ്പ് അഡിഷനല് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്ജി ഇടക്കാല ഉത്തരവ് പറയാനായി കോടതി മാറ്റി.
കേസില് ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. 2016ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. നേരത്തെ പ്രോസിക്യൂഷന് അനുമതി നല്കാന് വൈകിയതില് സര്ക്കാരിനെതിരെ കോടതി രൂക്ഷ വിമര്ശനം നടത്തിയിരുന്നു. തൊട്ടാല് പൊള്ളുമെന്ന് പേടിയുണ്ട് എന്ന് കോടതി വിമര്ശിച്ചിരുന്നു.
Tech
ന്യൂഡൽഹി: ഗ്രാമീണ റോഡുകളിലെ കുഴികളും വിള്ളലുകളും മറ്റു കേടുപാടുകളും സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന വീഡിയോകളിൽ നിന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന എഐ സാങ്കേതികവിദ്യയുമായി കേന്ദ്ര സർക്കാർ.
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴിയുള്ള റോഡുകളിലെ നിർമാണ പര്യവേക്ഷണത്തിന് ഈ സംവിധാനം ഉപയോഗിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകി. സെപ്റ്റംബർ 1 മുതൽ രാജ്യവ്യാപകമായി ഇതിന്റെ ഫീൽഡ് പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗും നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിയും സംയുക്തമായാണ് ഈ എഐ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്.
ഇത് എങ്ങനെ പ്രവർത്തിക്കും?
നിലവിൽ ഇ-മാർഗ് മൊബൈൽ ആപ്പ് വഴി ഉദ്യോഗസ്ഥർ നൽകുന്ന ജിയോ-ടാഗ് ചെയ്ത ചിത്രങ്ങളും നേരിട്ടുള്ള പരിശോധനകളുമാണ് റോഡ് പരിപാലനത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സാങ്കേതികവിദ്യയിൽ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോണുകളിലെ ആപ്പ് വഴി റോഡുകളുടെ വീഡിയോ ചിത്രീകരിക്കും.
കുഴികൾ, നീളത്തിലുള്ള വിള്ളലുകൾ, വശങ്ങളിലെ തകർച്ചകൾ, നിരപ്പില്ലാത്ത ഭാഗങ്ങൾ, റോഡിലേക്ക് വളർന്നു നിൽക്കുന്ന കാടുകൾ തുടങ്ങി 7 തരത്തിലുള്ള കേടുപാടുകൾ എഐ സ്വയം കണ്ടെത്തും.
എൻജിനീയർമാർ നേരിട്ട് നടത്തുന്ന പരിശോധനകൾക്കൊപ്പം ഒരു സഹായ സംവിധാനമായി മാത്രമായിരിക്കും എഐ നൽകുന്ന റിപ്പോർട്ടുകൾ ഉപയോഗിക്കുക.
അസം, മേഘാലയ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായതിനെ തുടർന്നാണ് പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിച്ചത്. എഐ കണ്ടെത്തുന്ന കേടുപാടുകൾ എൻജിനീയർമാർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
റോഡുകളുടെ നിർമ്മാണ കരാറുകാർക്ക് നൽകിയിട്ടുള്ള 5 വർഷത്തെ ഗ്യാരണ്ടി കാലയളവിന് കീഴിലുള്ള റോഡ് പരിപാലന ചുമതലകൾ മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കൂടാതെ, ഡൽഹി സർക്കാരും തെക്കൻ ഡൽഹിയിലെ 420 കിലോമീറ്ററിലധികം റോഡുകളിൽ ഗതാഗതക്കുരുക്കും അപകടമേഖലകളും കണ്ടെത്താൻ സമാനമായ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാഫിക് ഓഡിറ്റ് ആരംഭിക്കാൻ ഒരുങ്ങുകയാണ്.
Kerala
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം വൈദ്യുതി പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ വിചാരിക്കുന്നതിൽ ദുഷ്ടാലാക്ക് ഉണ്ടെന്നും സുരേഷ്ഗോപി വിമർശിച്ചു.
വെള്ളിയാഴ്ചയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന വൈദ്യുതി ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില് നിന്ന് ഉയർന്ന വിലക്ക് കെഎസ്ഇബി കൂടുതല് വൈദ്യുതി വാങ്ങിയിരുന്നു.
Kerala
പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർഥം പിണറായി കുറ്റക്കാരനല്ല.
എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങൾ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എ.കെ. ബാലൻ പറഞ്ഞു.
ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. പിണറായി വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങും. എഫ്ഐആർ ഇട്ടാൽ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എ.കെ. ബാലൻ പറഞ്ഞു.
പി. ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസായെന്നും എ.കെ. ബാലൻ പ്രതികരിച്ചു.
Business
കൊച്ചി: അടുത്ത അഞ്ചുവര്ഷത്തിനുള്ളില് 100 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സംസ്ഥാന സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. വര്ഷം തോറും 20 ടൂറിസം ഡെസ്റ്റിനേഷനുകളാണ് വികസിപ്പിക്കുന്നത്.
ടൂറിസം വ്യവസായ പങ്കാളികളുമായി സഹകരിച്ചാണ് പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുക. ഇവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം സര്ക്കാര് നടത്തുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യമേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം 2026) ഒരുക്കങ്ങൾ മാധ്യമങ്ങളോടു വിശദീകരിക്കുകയായിരുന്നു മന്ത്രി.
24ന് ബോള്ഗാട്ടിയിലെ ഹയാത്ത് കണ്വെന്ഷന് സെന്ററില് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര-സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് ട്രാവൽ മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക.
ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകരുടെ പങ്കാളിത്തവും കെടിഎമ്മിലുണ്ട്. ബിസിനസ് കൂടിക്കാഴ്ചകൾ, ദേശീയ,അന്തർദേശീയ ടൂറിസം വിദഗ്ധരുടെ യോഗങ്ങൾ, സെമിനാറുകൾ, പോസ്റ്റ്-മാർട്ട് ടൂറുകൾ എന്നിവയുണ്ടാകും.
45,000ത്തിലധികം ബിസിനസ് കൂടിക്കാഴ്ചകൾ
കെടിഎമ്മിൽ ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി 45,000ത്തിലധികം ബിസിനസ് കൂടിക്കാഴ്ചകൾ നടക്കുമെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.
മാര്ട്ടില് പങ്കെടുക്കുന്നതിന് ബയർ രജിസ്ട്രേഷന് 3000 കടന്നു. ഇതിൽ 1500 ഓളം പേര് നേരിട്ടെത്തും. 383 സെല്ലര്മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്ക്കാര് സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാര്ട്ടിലുണ്ടാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ അന്യസംസ്ഥാനങ്ങളിൽനിന്നുൾപ്പടെ കൂടുതൽ വൈദ്യുതി എത്തിച്ച് നിലവിലെ വൈദ്യുത ക്ഷാമം പരിഹരിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.
ഇതിന്റെ ഭാഗമായി മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കൂടിക്കാഴ്ച നടത്തി. കേന്ദ്രവുമായി തുടർ ചർച്ചകൾ നടത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം ഡൽഹിയിലേക്ക് പോകും.
Kerala
തിരുവനന്തപുരം: ബി. അശോകിനും എന്. പ്രശാന്തിനും കൂടുതല് ചുമതലകള് നല്കി സര്ക്കാര്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയായ ബി.അശോകിന് പൊതുഭരണവകുപ്പിന്റെയും ഭരണപരിഷ്കരണ വകുപ്പിന്റെയും അധികച്ചുമതലയാണു നല്കിയത്.
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്. പ്രശാന്തിന് നികുതിവകുപ്പ് സ്പെഷല് സെക്രട്ടറിയുടെ ചുമതലയും നൽകി.
ധനവകുപ്പ് (റിസോഴ്സ്) സെക്രട്ടറി പാട്ടില് അജിത് ഭാഗവത് റാവു കിഫ്ബി സിഇഒയുടെ അധികച്ചുമതലയും വഹിക്കും.
National
ന്യൂഡൽഹി: ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതി ദാരാ സിംഗിന്റെ ജയിൽ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സർക്കാരിനെ പ്രതിനിധീകരിച്ച് അഭിഭാഷകനാണ് ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിയിച്ചത്. ഇതിനു പിന്നാലെ, സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹർജി ഭേദഗതി ചെയ്യാൻ ദാരാ സിംഗിന്റെ അഭിഭാഷകന് കോടതി അനുമതി നൽകി. മൂന്ന് ആഴ്ചയ്ക്ക് ശേഷം പുതിയ ഹർജി സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ 25 വർഷമായി താൻ ജയിൽ വാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ടാണ് ദാരാസിംഗ് ഹർജി നല്കിയത്. എന്നാൽ ജയിൽ മോചന അപേക്ഷ തള്ളിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള, ഭേദഗതി ചെയ്ത പുതിയ ഹർജിയാകും സുപ്രീംകോടതിയിൽ എത്തുക.
പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് അപേക്ഷ തള്ളിയത്. അപേക്ഷ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം 31നാണ് ബോർഡ് പരിശോധിച്ചത്.
കൂടാതെ പ്രതിയെ പാർപ്പിച്ചിരിക്കുന്ന കിയോഞ്ജർ ജില്ലാ ജയിലിന് പുറത്ത് ആഗസ്റ്റ് 15ന് അദ്ദേഹത്തിന്റെ മോചനത്തിന് ഇരുന്നൂറോളം പേർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ 2016, 2019, 2020, 2022, 2023 വർഷങ്ങളിലും വർഗീയ പ്രശ്ങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ദാരാ സിംഗിന്റെ മോചന അപേക്ഷ സംസ്ഥാന ശിക്ഷ അവലോകന ബോർഡ് തള്ളിയിരുന്നു.
നേരത്തെ ദാരാ സിംഗിന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാൻ വൈകിയതിന് ഒഡീഷ സർക്കാരിനെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നായിരുന്നു സുപ്രീംകോടതി അവസാനമായി നൽകിയ മുന്നറിയിപ്പ്.
Kerala
കൊച്ചി: റിപ്പോര്ട്ടര് ചാനല് ഓഫിസില് അടിയന്തരാവസ്ഥക്കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണു പൊലിസ് പ്രവര്ത്തിച്ചതെന്ന് മുന്മന്ത്രി പി രാജീവ്. കേരളത്തില് യുഡിഎഫ് സര്ക്കാര് അടിയന്തരാവസ്ഥ അപ്രഖ്യാപിതമായി നടപ്പാക്കി. ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമായ പ്രവൃത്തിയാണിതെന്നും രാജീവ് പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു:ആന്റോ അഗസ്റ്റിന്
കൊച്ചി: മെസി വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. ആ കാര്യങ്ങളോടു സഹകരിക്കും. എന്നാല് റിപ്പോര്ട്ടര് ടിവി ഓഫിസിലും ജീവനക്കാരുടെ വീട്ടിലുമുള്പ്പടെ നടത്തിയ പൊലിസ് റെയ്ഡില് മെസി വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യംപോലും ചോദിച്ചിട്ടില്ല.
പൊലിസ് പരിശോധനയുമായി പൂര്ണമായും സഹകരിച്ചു. മെസി വിഷയം ആര്ബിസി കമ്പനിയും സര്ക്കാരും തമ്മിലുള്ള പ്രോജക്ടാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കെല്ലാം തന്റെ കൈയില് മറുപടിയുണ്ട്. രണ്ടു മാസമായി എസ്ഐടി അന്വേഷണം നടക്കുന്നു. ഒരു നോട്ടീസ്പോലും ഇതുവരെ ലഭിച്ചിട്ടില്ല.
പുലര്ച്ചെ വീട്ടില് വന്നു രേഖകള് തരൂ എന്നു പറഞ്ഞാല് എന്താണു ചെയ്യുക? സിപിഎമ്മിന്റെ കൂടെ നില്ക്കേണ്ട എന്ത് ആവശ്യമാണുള്ളത്? സെറ്റില് ചെയ്തുകൂടേ? റിസ്കെടുക്കുന്നത് എന്തിനാണ്? കേരളത്തിലെ മറ്റു മാധ്യമങ്ങള് ഈ റിസ്കൊന്നും എടുക്കുന്നില്ലല്ലോ. കോണ്ഗ്രസുകാരെ ശത്രുക്കളാക്കേണ്ട ആവശ്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര് ചോദിച്ചതെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
പ്രതിഷേധമാർച്ച് നടത്തി
ന്യൂസ് ഡെസ്കിലെ പൊലിസ് പരിശോധനയില് പ്രതിഷേധിച്ച് കേരള പത്രപ്രവര്ത്തക യൂണിയന് (കെയുഡബ്ല്യുജെ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസിലേക്ക് മാര്ച്ച് നടത്തി.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കളമശേരി പൊലിസ് സ്റ്റേഷനിലേക്കു മാര്ച്ച് നടത്തി.
National
ന്യൂഡൽഹി: 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ.
സാധാരണക്കാർ തമ്മിലുള്ള ഇടപാടുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കില്ലെന്നും ചില പ്രത്യേക വ്യാപാരികളിൽനിന്നു മാത്രമാണ് ഈ തുക ഈടാക്കുകയെന്നും ധനമന്ത്രാലയം അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കൾ വ്യാപാരികൾക്കു നടത്തുന്ന 96 ശതമാനം ഇടപാടുകളെയും പുതിയ മാറ്റം ബാധിക്കില്ല.
വ്യാപാരികളിൽനിന്ന് ബാങ്കുകളോ പേമെന്റ് സേവനദാതാക്കളോ ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പിലാക്കാൻ ഉത്തരവ് വന്നതോടെ ഉയർന്ന എതിർപ്പുകളെത്തുടർന്നാണു വിശദീകരണം.
പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്ക് അല്ലെങ്കിൽ പേമെന്റ് സേവനദാതാവ് ചാർജ് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം ധനമന്ത്രാലയം കഴിഞ്ഞദിവസമാണു പുറപ്പെടുവിച്ചത്.
സർക്കാർ പറയുന്നതനുസരിച്ച് 2000 രൂപയ്ക്കുമുകളിലുള്ള വ്യക്തികളിൽനിന്ന് വ്യാപാരികൾക്കുള്ള ഇടപാടുകൾക്ക് (പി2എം) 0.4 ശതമാനമാണ് സർക്കാർ എംഡിആർ ഈടാക്കുന്നത്. 75,000 രൂപയോ അതിനുമുകളിലോ ഉള്ള ഒറ്റത്തവണയായുള്ള പണമിടമാടിന് 300 രൂപയെന്ന എംഡിആർ പരിധിയും വച്ചിട്ടുണ്ട്.
അതേസമയം എംഡിആറിൽനിന്ന് തെരുവ് കച്ചവടക്കാരുൾപ്പെടെയുള്ള ചെറുകിടവ്യാപാരികളെ ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രത്യേക യുപിഐ സംവിധാനമായ പി2പിഎം ഉപയോഗിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് യുപിഐ ക്യൂആർ കോഡുകൾ വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കാം. ഈ പണത്തിൽനിന്ന് എംഡിആർ ഈടാക്കില്ല.
എംഡിആർ ചാർജുകൾ വ്യാപാരികളിൽനിന്ന് ഈടാക്കുമ്പോൾ ഈ തുക ഉപയോക്താക്കളിൽനിന്ന് ഈടാക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: പുതിയ മദ്യനയം രൂപീകരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം സർക്കാർ തേടും. മദ്യനയവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് [email protected] മുഖേന അറിയിക്കാം.
അതേസമയം മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് 23ന് തുടക്കമാകും. 28 വരെ നീളുന്ന ചർച്ചകളിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ, ടൂറിസം മേഖലയിലുള്ളവർ, ബാറുടമകൾ, ഡിസ്റ്റിലറി ഉടമകൾ, മദ്യവിതരണ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി മന്ത്രി എം.ലിജു കൂടിക്കാഴ്ച നടത്തും.
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ഇത്തരം മദ്യം സംസ്ഥാനത്ത് വിൽക്കണമോ എന്നതിൽ പുതിയ മദ്യനയത്തിലാകും അന്തിമ തീരുമാനം. പൊതുജനാഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയം രൂപീകരിക്കുക.
Kerala
പാലക്കാട്: പാലക്കാട് വനിതകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. ഇന്ന് രാവിലെയാണ് സംഭവം.
ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിലാണ് സീലിംഗ് അടർന്നുവീണത്. ഒപിയിൽ ആളുകൾ വരിനിൽക്കുന്ന സമയത്താണ് സംഭവം. ആളുകൾ നിൽക്കാത്ത ഭാഗത്തായതിനാൽ അപകടമൊഴിവായി.
നേരത്തെയും സമാന സംഭവമുണ്ടായെന്ന് രോഗികൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച എംഎൽഎ രമേശ് പിഷാരടി ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നും രോഗികൾ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഖാദര് കമ്മിറ്റി റിപ്പോര്ട്ടില് തുടര്നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ അധ്യാപക-അനധ്യാപക സംഘടനകളുടെ അഭിപ്രായം തേടി സര്ക്കാര്. 22നുള്ളില് അഭിപ്രായങ്ങള് അറിയിക്കാനാണ് സര്ക്കാര് സംഘടനകള്ക്ക് നിര്ദേശം നല്കിയിട്ടുള്ളത്.
കമ്മിറ്റി റിപ്പോര്ട്ട് പ്രകാരം 2030 മുതല് അധ്യാപകരുടെ യോഗ്യതാമാനദണ്ഡത്തിലും മാറ്റമുണ്ട്. എട്ടാം ക്ലാസ് മുല് 12-ാം ക്ലാസ് വരെയുള്ള അധ്യാപകര്ക്ക് ബിരുദാനനന്തര ബിരുദം നിര്ബന്ധമാണ്. ഭാഷാധ്യാപകര്ക്ക് ബിരുദമോ പിജിയോ ഇവയ്ക്കൊപ്പം ബിഎഡും ഉണ്ടാവണം.
നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുമെന്നു പറയുന്ന ഖാദര് കമ്മിറ്റി റിപ്പോര്ട്ട് ലോവര് പ്രൈമറി, പ്രൈമറി അധ്യാപകര്ക്ക് ബിരുദവും ബിഎഡും നിര്ബന്ധമാണെന്നും വ്യക്തമാക്കുന്നു.
ഇവ ഉള്പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അധ്യാപക-അനധ്യാപക സംഘടനകള് തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്ദേശിച്ചിരിക്കുന്നത്.
National
കോല്ക്കത്ത: പശ്ചിമ ബംഗാളില് 252 മദ്രസകള് അടച്ചുപൂട്ടാന് സംസ്ഥാന സര്ക്കാര് ഉത്തരവിട്ടു. കൂടാതെ നൂറോളം മദ്രസകള്ക്ക് കാരണം കാണിക്കല് നോട്ടീസ് അയച്ചിട്ടുണ്ട്.
ആവശ്യമായ സര്ക്കാര് അംഗീകാരമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ പ്രവര്ത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയത്. ജൂണ് മുതല് സംസ്ഥാനത്തുടനീളം ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഫീല്ഡ് തല സര്വേക്കു ശേഷമാണ് ഈ നടപടി.
കൃത്യമായ അംഗീകാരമുള്ള മദ്രസകള് തുടര്ന്നും പ്രവര്ത്തിക്കുമെന്ന് മന്ത്രി ക്ഷുദിറാം ടുഡു അറിയിച്ചു. ചില മദ്രസകള് കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നതായി പരാതികള് ലഭിച്ചിട്ടുണ്ടെന്നും നിയമവിധേയമല്ലാത്ത സ്ഥാപനങ്ങള് പ്രവര്ത്തിക്കാന് അനുവദിക്കില്ലെന്നും പഞ്ചായത്തിരാജ് മന്ത്രി ദിലീപ് ഘോഷ് വ്യക്തമാക്കി.
എന്നാല്, എല്ലാ മദ്രസകളെയും ഒരേപോലെ കാണരുതെന്ന് പ്രതിപക്ഷ തൃണമൂല് കോണ്ഗ്രസ് എംഎല്എ കുനാല് ഘോഷ് പ്രതികരിച്ചു.
Kerala
കൊച്ചി: വിവാദമായ സ്വർണക്കടത്ത്, സോളാർ കേസുകൾക്കുൾപ്പടെ ഒന്നും രണ്ടും പിണറായി സർക്കാരുകൾ, കോടതി വ്യവഹാരങ്ങൾക്കായി ഖജനാവിൽനിന്ന് ഒഴുക്കിയതു കോടികൾ.
2016 മുതൽ 2026 വരെ ചെലവഴിച്ചത് 245.62 കോടി രൂപയാണെന്ന് കൊച്ചിയിലെ അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. പൊതുപ്പണം ചെലവഴിച്ച വ്യവഹാരങ്ങളുടെ പട്ടികയിൽ രാഷ്ട്രീയ കൊലപാതക കേസുമുണ്ട്.
സുപ്രീംകോടതിയിലെയും മറ്റു കോടതികളിലെയും സ്റ്റാൻഡിംഗ് കോൺസൽ ഫീസ്, ഹൈക്കോടതി കേസുകളിലെ അഭിഭാഷകഫീസ്, നിയമോപദേശം, നിയമഭേദഗതികളുടെ കരട് തയാറാക്കൽ, അഭിഭാഷകരുടെയും നിയമ ഉദ്യോഗസ്ഥരുടെയും പ്രതിഫലം തുടങ്ങിയ ഇനങ്ങളിലായാണ് വ്യവഹാരച്ചെലവുകൾ. സുപ്രീംകോടതിയിലെത്തിയ 789 കേസുകൾക്കായി 38.91 കോടി രൂപ ഫീസിനത്തിൽ മാത്രം നൽകി. സുപ്രീംകോടതിയിലെ കേസുകൾക്കായി കപിൽ സിബൽ ഉൾപ്പടെ 48 മുതിർന്ന അഭിഭാഷകർ സംസ്ഥാന സർക്കാരിനായി ഹാജരായിരുന്നു.
ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പിന് പത്തു വർഷത്തിനിടെ 226 പേർക്കായി 193.06 കോടി രൂപ നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിന്റെ നടപടികളിൽ സർക്കാരിനു ചെലവായത് 1.03 കോടിയാണ്. സോളർ കേസിന് 1.20 കോടിയും പെരിയ ഇരട്ടക്കൊല കേസിന് 85 ലക്ഷം രൂപയും ചെലവാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട കേസിന് 45 ലക്ഷം മുടക്കിയപ്പോൾ ലോട്ടറി കേസിൽ 17.50 ലക്ഷം രൂപ സർക്കാരിന് ചെലവായി.
കപിൽ സിബലിന് അഞ്ചു കേസിന് 5.62 കോടി
കേരളത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലെ കേസിനുൾപ്പടെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് അഞ്ചു കേസുകൾക്കായി 5.62 കോടി രൂപ നൽകി.
കൂടുതൽ കേസുകളിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയ്ക്കു സർക്കാർ 8.91 കോടി നൽകേണ്ടിവന്നു. കേരളത്തിനായി കേസുകൾ ഏറ്റെടുത്ത മറ്റു പ്രധാന അഭിഭാഷകരും നൽകിയ തുകയും: വി. ഗിരി -3.96 കോടി, പല്ലവ് ശിശോദിയ -2.47 കോടി, ജയന്ത് മുത്തുരാജ് -1.28 കോടി, കെ.എൻ. ബാലഗോപാൽ -1.22 കോടി.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ വൈദ്യുതി കരാറിന് സർക്കാരിന്റെയോ റെഗുലേറ്ററി കമ്മിഷന്റെയോ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് പിന്നീട് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നതാണ് യുഡിഎഫിന്റെ പുതുയുഗമെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾ ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് പ്രോസിക്യൂഷന് അനുമതി വൈകുന്നതില് സര്ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം. എന്തിനാണ് ചില പ്രതികളെ സര്ക്കാര് സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതിയില് ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണല് ചീഫ് സെക്രട്ടറി ഫയല് ലഭിച്ചത് ഇന്നലെയാണെന്നും ഉത്തരവിനെ കുറിച്ച് അപ്പോഴാണ് അറിഞ്ഞതെന്നും അറിയിച്ചതോടെയാണ് കോടതിയുടെ വിമര്ശനം.
എന്തുകൊണ്ടാണ് വകുപ്പ് സെക്രട്ടറിക്ക് യഥാസമയം അറിയിപ്പ് നല്കാതിരുന്നതെന്ന് സര്ക്കാര് അഭിഭാഷകനോട് കോടതി ചോദിച്ചു. സാവകാശം ലഭിച്ചിട്ടും ഉത്തരവ് വിവരം സെക്രട്ടറിയെ അറിയിക്കാത്തത് അഭിഭാഷകന്റെയും സര്ക്കാരിന്റെയും പിഴവാണെന്നും കോടതി പറഞ്ഞു.
ഇതോടെ എന്തിനാണ് ചില പ്രതികളെ സര്ക്കാര് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. തൊട്ടാല് പൊള്ളുമെന്ന് പേടിയുണ്ടെങ്കില് ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടര്ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ് എന്നായിരുന്നു കോടതിയുടെ വിമര്ശനങ്ങള്.
അതേസമയം, വെള്ളപ്പള്ളി നടേശന് അടക്കം അഞ്ചു പ്രതികള് 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പിന്നാക്ക വികസന കോര്പ്പറേഷന് മുന് എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്, മൈക്രോ ഫിനാന്സ് ചീഫ് കോര്ഡിനേറ്റര് കെ.കെ. മഹേശന്, എസ്എന്ഡിപി യൂണിയന് നേതാവ് ഡോ. എം.എന്. സോമന് എന്നിവര്ക്കെതിരെയാണ് കേസ്.
Kerala
കൊച്ചി: സംസ്ഥാനത്ത് പവര് കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല് ആയതിനാല് ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കല്ക്കരി ക്ഷാമത്തെ തുടര്ന്ന് ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന് സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില് സോളാര് എനര്ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു:
ഒന്നിലേറെ സമയങ്ങളില് വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല് പോര, കാരണം കൂടുതല് ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള് ആയിരം മെഗാവാള്ട്ടിന്റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള് ചാര്ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര് കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്പ്പെടുത്താന് നിര്ബന്ധിതരായിരിക്കുകയാണ്.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു. കല്ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്ക്കറ്റില് പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില് ഏര്പ്പെടണമെങ്കില് ടെന്ഡര് ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള് അതില് പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള് എടുക്കണം ഒരു കരാറില് ഏര്പ്പെടാന്.
പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല് ടൈം മാര്ക്കറ്റ് ഉണ്ട്. എന്നാല് അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില് തന്നെ ഉല്പാദനം കുറയുകയും ഡിമാന്ഡ് കൂടുകയും ചെയ്യുമ്പോള് സപ്ലൈ കുറയും. ഡിമാന്ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള് അതില് വില കൂടുതല് ഉണ്ടാകും.
സോളാര് എനര്ജി സൂക്ഷിക്കാന് ജില്ലകളില് പുതിയ പദ്ധതി:
നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില് വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന് കഴിയുള്ളൂ, പകല് ചെറിയ വക്ക് കിട്ടും. കാരണം പകല് സോളാര് ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര് രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്കീം ഇല്ല. ആ സ്കീം ആരംഭിക്കാന് വേണ്ടി പ്ലാന് ഇട്ടിട്ടുണ്ട്.
കാസര്ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര് ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള് നടന്നുവരികയാണ്. വേഗത്തില് പൂര്ത്തീകരിക്കാനുള്ള നിര്ദേശങ്ങള് നല്കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ബസ് പദ്ധതി:
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല് സമയത്ത് ഉല്പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന് സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
പുതിയ വൈദ്യുതി പദ്ധതി ഇല്ല:
നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 25% മാത്രമേ കേരളം നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില് അത് 86% ആണ്. ആന്ധ്രയില് 86% സ്വന്തമായിട്ട് ഉല്പാദിപ്പിക്കുമ്പോള് കേരളം 25% മാത്രമാണ് നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.
ജലവൈദ്യുതിയാണ് നമ്മള് പ്രധാനമായിട്ടും നമ്മള് ആശ്രയിക്കുന്ന മാര്ഗം. പുതിയ ജലവൈദ്യുതി പദ്ധതികള് തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള് വൈദ്യുതി ബോര്ഡ് ലിമിറ്റഡിന്റെ ചെയര്മാന് ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള് സംസാരിച്ചപ്പോള് അവര് ഇങ്ങോട്ട് ചോദിച്ചു നിങ്ങള്ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള് നമ്മുടെ കൂടംകുളം ഉള്പ്പെടെ ആണവനിലയം പദ്ധതികള് ഉണ്ട്. അവിടെ നിന്ന് നമ്മള് വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള് വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്ഘകാല കരാറുകള് ആശ്രയിക്കേണ്ടത്.
465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:
ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്, 25 വര്ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില് 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില് ഏര്പ്പെട്ടത്. ആ കരാര് അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.
ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള് നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില് നമ്മള് ഏര്പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര് കഴിഞ്ഞ സര്ക്കാര് കാലത്ത് അത് റദ്ദാക്കപ്പെട്ടത്.
അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്. കരാറില് നിന്ന് കേരളം ഔദ്യോഗികമായി പിന്വാങ്ങിയപ്പോള് വൈദ്യുതി വിതരണ കമ്പനിക്കാര് 4.29 രൂപയ്ക്ക് നമുക്ക് നല്കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്ക്കും മറ്റു ഏജന്സികള്ക്കും കൊടുത്തു തുടങ്ങി.
അവര് അതുകൊണ്ട് പിന്നോട്ടു പോകാന് വേണ്ടി നോക്കുകയാണ് അവര്ക്കെതിരെ തന്നെ നമ്മള് സുപ്രീം കോടതിയില് കേസ് ഫൈല് ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല് അഡ്വക്കേറ്റ് ജനറലിനെയും ഡല്ഹയില് ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്ഡിന്റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില് ആ കേസ് എടുക്കുന്നതിനു വേണ്ടി കബില് സിബിലിനെ തന്നെയാണ് കേരളത്തിന്റെ കേസ് ഏല്പ്പിച്ചിട്ടുള്ളത് വേഗത്തില് ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:
ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്ത്താന് കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള് പ്രവര്ത്തിച്ചു നിര്ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്ക്കും രോഗികള്ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്ണമായിട്ടും മനസിലാക്കുന്നു. ഞാന് സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്ത്തകന് തന്നെയാണ്. അതിന്റെ പ്രയാസങ്ങള് അറിയാം. നിരവധി ഫോണ് കോളുകള് വരുന്നുണ്ട്. വാട്സാപ്പ് മെസേജുകളും നിര്ദേശങ്ങളും വരുന്നുണ്ട്.
സ്വീകരിക്കാന് പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള് ഏറ്റവും വേഗത്തില് നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള് പ്രവര്ത്തിക്കാന് ഈ മേഖലയില് സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന് നമ്മള് തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന് വേണ്ടി തയാറാണ്.
Movies
ടെലിവിഷൻ ചാനലുകളിൽ പരിപാടിക്കിടെയുള്ള പരസ്യങ്ങൾക്കുണ്ടായിരുന്ന സമയപരിധി നീക്കംചെയ്തു. ഒരു പരിപാടിക്കിടെ മണിക്കൂറിൽ 12 മിനിറ്റ് മാത്രം പരസ്യമെന്ന പരിധിയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പിൻവലിച്ചത്.
വരിക്കാർ നൽകുന്ന പണത്തിനു മികച്ച സേവനം ഉറപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം പരസ്യങ്ങൾക്കുള്ള സമയത്തിൽ പരിധി വച്ചിരുന്നത്.
എങ്കിലും ടെലിവിഷൻ പ്രക്ഷേപണ മേഖലയിലെ ഗണ്യമായ മാറ്റങ്ങൾ, വർധിച്ച മത്സരം, ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ന്യായമായ മത്സരം സാധ്യമാക്കുന്നതിനും ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസും ലക്ഷ്യമിട്ടാണ് പരിധി നീക്കം ചെയ്തതെന്നു മന്ത്രാലയം അറിയിച്ചു.
National
ബംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
National
ജയ്പുർ: ലൗ ജിഹാദ് ഭീഷണിക്കെതിരേ കർമപദ്ധതി തയാറാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ.
നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്നതിനുള്ള നിയമനിർമാണം ഉൾപ്പടെയാണ് ആലോചനയിൽ. ആളുകളെ നിർബന്ധിപ്പിച്ച് താമസസ്ഥലം മാറ്റുന്നതിനെതിരേയും നിയമനിർമാണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പുർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നലെ സംഘടിപ്പിച്ച റോഡ്ഷോയ്ക്കിടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വികസനനേട്ടങ്ങളും പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. നാളെയാണ് ജയ്പുർ മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
National
ന്യൂഡല്ഹി: ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25-ാം വാര്ഷികത്തിന് ഒരുമാസത്തെ പരിപാടികളുമായി ബിജെപി.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര് 17 മുതല് ഒക്ടോബര് 17 വരെ നീണ്ടുനില്ക്കുന്ന സേവാ സങ്കല്പ് അഭിയാന് എന്ന ഒരുമാസത്തെ പരിപാടികള് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബീന് ഡല്ഹിയില് നടന്ന വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു.
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യം ഉയര്ത്തിപ്പിടിച്ച് മോദിയുടെ 25 വര്ഷത്തെ ജനസേവനം രാജ്യത്തെ ഓരോ പൗരനിലേക്കും എത്തിക്കണമെന്ന് ബിജെപി അണികളെ ലക്ഷ്യമാക്കി നിതിന് നബീന് ആഹ്വാനം ചെയ്തു.
സെപ്റ്റംബര് 17ന് രക്തദാന ക്യാമ്പുകളോടെയാണ് സേവാ സങ്കല്പ് അഭിയാന് പരിപാടികള് ആരംഭിക്കുന്നത്.
അന്ന് വൈകുന്നേരം ഏഴുമണിക്ക് രാജ്യത്തെ എല്ലാ കുടുംബങ്ങളും നരേന്ദ്ര മോദിയോടുള്ള നന്ദിസൂചകമായി വീടുകളില് ദീപങ്ങള് തെളിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന് കൂട്ടിച്ചേര്ത്തു.
Kerala
കൊച്ചി: തിരുവനന്തപുരം മെട്രോ റെയിലിനുവേണ്ടി ഭേദഗതി വരുത്തിയ കോംപ്രിഹൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.
ആദ്യ സിഎംപി പ്ലാനിൽ ചില ഭേദഗതികൾ വരുത്താൻ സർക്കാർ കെഎംആർഎലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തിയ സിഎംപിയാണ് ഇപ്പോൾ സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഇ.കെ. വിഭാഗം സമസ്തയുടെ മുഖപത്രത്തിലെ മുഖ്യമന്ത്രി മര്യാദയ്ക്കു സംസാരിക്കണം എന്ന തലക്കെട്ടിലുള്ള ലേഖനം കേരളത്തിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഏറ്റവും പുതിയ തെളിവാണെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്.
കേരളത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു. ഇ.കെ. വിഭാഗം സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം കേരളത്തിലെ രാഷ്ട്രീയത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ സമസ്തയിലൂടെ മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നേരിട്ടു ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ഒരു ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സർക്കാരിന്റെ മുഖ്യമന്ത്രിയോടാണ് മര്യാദയ്ക്ക് സംസാരിക്കണം എന്നു ഭരണ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയുടെ പിന്തുണയുള്ള മതസംഘടന പറയുന്നത്. ഇതു കേവലം ഒരു വിമർശനമല്ല, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ്.
ഭരണത്തിന്റെ നിയന്ത്രണം രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു മതമൗലികവാദ സംഘടനകളിലേക്കു മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം രാഷ്ട്രീയം ജനാധിപത്യത്തിനു മാത്രമല്ല, മതേതരത്വത്തിനും സാമൂഹിക സമരസതയ്ക്കും കേരളത്തിന്റെ ഭാവിക്കും വലിയ ഭീഷണിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
National
ന്യൂഡൽഹി: തോട്ടം മേഖലയിൽ കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്തി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കാൻ കേന്ദ്രസർക്കാർ.
നിലവിൽ തേയില, കാപ്പി, റബർ, ഏലം, പാം, ഒലിവ് എണ്ണ തുടങ്ങിയവയ്ക്ക് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം എഫ്ഡിഐ അനുമതിയുണ്ട്. ഇതല്ലാതെ തോട്ടം മേഖലയിലെ മറ്റു വാണിജ്യവിളകൾക്ക് നിലവിൽ വിദേശനിക്ഷേപത്തിന് അനുമതിയില്ല. വാഴ ഉൾപ്പടെയുള്ള വിളകളെ ഉൾപ്പെടുത്തി ഈ മേഖലയിലേക്ക് കൂടുതൽ ഇളവുകൾ വ്യാപിപ്പിക്കാനാണു സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി ബന്ധപ്പെട്ട പങ്കാളികളുമായി സർക്കാർ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
വാർഷിക ഉത്പാദനം 30 ദശലക്ഷം ടണ്ണിലധികമുള്ള ഇന്ത്യയാണു ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം. ആഗോള ഉത്പാദനത്തിന്റെ 26.45 ശതമാനവും ഇന്ത്യയിൽനിന്നാണെങ്കിലും ലോകവിപണിയിലെ കയറ്റുമതി വിഹിതം വെറും ഒരു ശതമാനം മാത്രമാണ്.
2024-25 സാമ്പത്തികവർഷത്തിൽ 37 കോടി ഡോളറിന്റെ വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. വരും വർഷങ്ങളിൽ ഇത് 100 കോടിയാക്കി ഉയർത്താനാണു ലക്ഷ്യമിടുന്നത്. ഇതിനായി എഫ്ഡിഐ ഉൾപ്പടെ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇറാൻ, ഇറാക്ക്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടത്തുന്നതെങ്കിലും അമേരിക്ക, റഷ്യ, ജർമനി, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങളുടെ വിപണികളും ലക്ഷ്യം വയ്ക്കുന്നുണ്ട്.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ വാഴപ്പഴം ഉത്പാദനത്തിന്റെ 67 ശതമാനവും സംഭാവനചെയ്യുന്നത്.
Kerala
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി വരുന്നതു വരെ ട്രാന്സ്ജെന്ഡറുടെ ശബരിമല ദര്ശനത്തിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട ഹര്ജിയില് മറുപടി നല്കാന് സമയം അനുവദിക്കണമെന്നു സര്ക്കാര് ഹൈക്കോടതിയില്.
സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി ഒക്ടോബര് ആദ്യവാരം വരാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല് ഈ ആവശ്യമുന്നയിച്ചത്. തുടര്ന്ന് സര്ക്കാരും തിരുവിതാംകൂര് ദേവസ്വം ബോര്ഡും അടക്കമുള്ള കക്ഷികള്ക്ക് എതിര് സത്യവാങ്മൂലം സമര്പ്പിക്കാന് കോടതി ഒക്ടോബര് 22 വരെ സമയം അനുവദിച്ചു.
വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി പമ്പയിലെത്തിയ തന്നെ തടഞ്ഞെന്നാരോപിച്ചു തമിഴ്നാട് സ്വദേശി 48കാരിയായ സത്യശ്രീ ശര്മിള റഹ്മത്തലി നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ആചാരപ്രകാരമുള്ള വ്രതമനുഷ്ഠിച്ച് ശബരിമല ദര്ശനം നടത്താന് അനുവദിക്കണമെന്നും ട്രാന്സ്ജെന്ഡര് വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ഇതിനു സൗകര്യമൊരുക്കാന് സര്ക്കാരിനു നിര്ദേശം നല്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
Leader Page
ജൂലൈ 27ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ ആക്ഷേപങ്ങളും പരാതികളും അറിയിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. ജനങ്ങളുടെ കിടപ്പാടങ്ങളും കൃഷിഭൂമികളും അന്തിമ വിജ്ഞാപനത്തിലൂടെ വനഭൂമിയുടെ ഭാഗമായി മാറുകയോ ഇഎസ്എയിൽ പെടുകയോ ചെയ്താൽ കർഷകരുടെ ഭൂമിയിൽ വനനിയമം ബാധകമാകുന്ന വിധത്തിൽ സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കിയെടുക്കുന്നതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ തിരുത്തലുകളും വിശദീകരണങ്ങളും ആക്ഷേപങ്ങളും 25നു മുമ്പ് പോസ്റ്റൽ ആയിട്ടോ മെയിൽ വഴിയോ സമർപ്പിക്കണം.
ഗുരുതര വീഴ്ചകളും വേണ്ട തിരുത്തലുകളും
ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സംസ്ഥാന സർക്കാർ നൽകിയ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലെ വനമായി, കരടിൽ രേഖപ്പെടുത്തിയിരിക്കുന്ന 9993.7 ചതുരശ്രകിലോമീറ്റർ (9107 വനവും 886.7 വനേതരവും) എന്ന വനവിസ്തൃതിയിലെ തെറ്റ് അടിയന്തരമായി തിരുത്തണം. വനംവകുപ്പിന്റെ ഔദ്യോഗിക രേഖ അനുസരിച്ച്, കേരളത്തിലെ ആകെ വനംവിസ്തൃതി 9107ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ഈ ആകെ വനവിസ്തൃതി ഇഎസ്എയിൽ ഉൾപ്പെട്ട 123 (ഇപ്പോൾ 131) വില്ലേജുകളിലെ വിസ്തൃതിയായി രേഖപ്പെടുത്തിയിരിക്കുന്നു. യഥാർഥത്തിൽ ഈ 123 വില്ലേജുകളിലെ വനവിസ്തൃതി 7595.67 ചതുരശ്രകിലോമീറ്റർ മാത്രമാണ്. ഈ അടിസ്ഥാനപരമായ തെറ്റ് അടിയന്തരമായി തിരുത്തി നൽകണമെന്നതാണ് കേരളത്തിലെ മലയോരജനതയുടെ പ്രധാന ആവശ്യം. ഉമ്മൻ കമ്മിറ്റിക്ക് പറ്റിയ ഈ തെറ്റ്, കേരളത്തിലെ വനം വകുപ്പും പരിസ്ഥിതി മന്ത്രാലയവും വ്യക്തമായി മനസിലാക്കിയിട്ടും സമ്മതിച്ചിട്ടും തിരുത്തപ്പെടുന്നില്ല. ഈ തെറ്റായ വന വിസ്തീർണത്തിന്റെ (9993.7 ചതുരശ്ര കിലോമീറ്റർ എന്ന തെറ്റ്) ചുവടുപിടിച്ച് വീണ്ടും കേരളം പുതിയ പുതിയ റിപ്പോർട്ടുകൾ ഉണ്ടാക്കി കേന്ദ്രത്തിന് അയച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്.
കേരളവും ഇഎസ്എയിലെ റവന്യു വില്ലേജുകളും
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ റവന്യു വില്ലേജ് ഇഎസ്എ പ്രഖ്യാപനത്തിൽ അടിസ്ഥാന ഘടകമായി പരിഗണിക്കാൻ പാടില്ല. മുഴുവൻ വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എപരിധിയിൽനിന്ന് ഒഴിവാക്കണം. റവന്യു വില്ലേജിന്റെ പേരിൽ ഇഎസ്എ അറിയപ്പെടരുത്. അഥവാ സൗകര്യത്തിനു വേണ്ടി റവന്യു വില്ലേജിന്റെ പേരിലാണ് ഇഎസ്എ അന്തിമ വിജ്ഞാപനത്തിൽ അറിയപ്പെടുന്നതെങ്കിൽ, ആ വില്ലേജിലെ റവന്യു ഭൂമിയിൽ ഇഎസ്എ നിയമങ്ങൾ ബാധകമല്ല, മറിച്ച് വനമേഖലയിലും സംരക്ഷിത മേഖലയിലും മാത്രമേ നിയമങ്ങൾ ബാധകമായിട്ടുള്ളൂ എന്ന് കൃത്യമായി അന്തിമ വിജ്ഞാപനത്തിൽ രേഖപ്പെടുത്തണം.
അന്തിമ വിജ്ഞാപനത്തിൽ പെടുത്തേണ്ട വനമേഖലയുടെയും സംരക്ഷിത മേഖലയുടെയും കൃത്യമായ ജിയോ കോർഡിനേറ്റ് മാപ്പ്, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി, അടിയന്തരമായി തയാറാക്കി സംസ്ഥാനം കേന്ദ്ര വനം-പരിസ്ഥിതിവകുപ്പിന് നൽകണം, ഒപ്പം പരാതികൾ അയയ്ക്കാൻ ഈ മാപ്പ് , ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കണം. 12 വർഷമായിട്ടും ഇഎസ്എ ഏരിയയുടെ കൃത്യമായ മാപ്പ് കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളുടെ മാപ്പുകളും അനുബന്ധ രേഖകളും കരടുവിജ്ഞാപനത്തിൽ ചേർക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിന്റേതില്ല . ഉത്തരവാദപ്പെട്ടവർ മറുപടി പറയണം.
ഇനിയും ലഭ്യമാക്കാത്ത റിപ്പോർട്ടിന്റെ നിഗൂഢത
ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അതിനെ ലാഘവബുദ്ധിയോടെ കാണുകയും കഴിഞ്ഞ സർക്കാരിന്റെ 98 വില്ലേജുകളും 8590 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ഏരിയയും എന്ന തെറ്റായ റിപ്പോർട്ട് ഇപ്പോഴത്തെ സർക്കാരിന്റെയും റിപ്പോർട്ട് ആക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയവും വനംവകുപ്പും തുറന്നു സമ്മതിക്കുന്ന ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ തെറ്റ് തിരുത്താൻ അല്ല കഴിഞ്ഞ സർക്കാരുകളെപ്പോലെ ഈ സർക്കാരും ശ്രമിക്കുന്നത്. പകരം ചില അവിശുദ്ധ കൂട്ടുകെട്ട് വഴി ,123 വില്ലേജുകളിലെ 7590 ചതുരശ്രകിലോമീറ്റർ യഥാർഥ ഫോറസ്റ്റ് വിസ്തീർണം എന്നത്, 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റര് എന്ന റിപ്പോർട്ട്തന്നെ അംഗീകരിച്ച് നൽകി ഈ വില്ലേജുകളിലെ ജനങ്ങളെ മാത്രം ബലിയാടാക്കാനുള്ള ശ്രമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലോകരാജ്യങ്ങൾ ഡി ലിസ്റ്റ് ചെയ്യുമ്പോൾ...
വേൾഡ് ഹെറിറ്റേജ് സൈറ്റ് പ്രഖ്യാപനം വഴി വന്ന ഇഎസ്എ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെ മനസിലാക്കി ജർമനി, യുകെ തുടങ്ങിയ പല രാജ്യങ്ങളും ലോക പൈതൃക പദവിയിൽനിന്നുതന്നെ തങ്ങളുടെ പ്രദേശങ്ങളെ ഡിലിസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് (ഉദാ: ഡ്രെസ്ഡൺ എൽബി വാലി ജർമനി, ലിവർപൂൾ മാരിടൈം മാർക്കന്റൈൽ സിറ്റി യുകെ) ഇവിടെ പശ്ചിമഘട്ടം സംരക്ഷിക്കാൻ എന്ന വ്യാജേന കേരളത്തിലെ പശ്ചിമഘട്ടത്തിൽ പെടുന്ന വനം ഉൾപ്പെടുന്ന 443 വില്ലേജുകളിൽനിന്ന് കേവലം 98 വില്ലേജുകളെ മാത്രം തെരഞ്ഞെടുത്ത്, അവിടത്തെ 25 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഇഎസ്എ യുടെ പേരിൽ ബലി കൊടുക്കുന്നത്.
കസ്തൂരി രംഗനും ഉമ്മൻ കമ്മിറ്റിയും ശിപാർശ ചെയ്ത 123 വില്ലേജുകളുടെ ആകെ വിസ്തൃതി 12,915.67 കിലോമീറ്റർ ആണ് എന്നോർക്കണം. അതിൽപെടുന്ന 9993.6 ചതുരശ്ര കിലോമീറ്ററും കരട് വിജ്ഞാപനം വഴി ഇഎസ്എയിൽ പെടുത്തിയിരിക്കുകയാണ്. ബാക്കി കേവലം 2923 കിലോമീറ്റർ ആണ് അതിൽനിന്ന് ഒഴിവ് നൽകിയിട്ടുള്ളത്. അവിടെയാണത്രേ ഈ 123 വില്ലേജുകളിലെ 25 ലക്ഷം ജനങ്ങളും വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്.
കരട് വിജ്ഞാപനത്തിലെ കരട്
ഒരുപക്ഷേ അതുകൊണ്ടാവാം ഉമ്മൻ കമ്മിറ്റിയെ വച്ച് നടത്തിയ ഫിസിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ഇഎസ്എ ഏരിയയും 2024 മുതൽ 123 വില്ലേജുകളിൽ വിഭജിക്കപ്പെട്ട എട്ടു വില്ലേജുകളുടെ എണ്ണം കൂട്ടിച്ചേർത്ത് 131 വില്ലേജുകൾ എന്ന ഇപ്പോഴത്തെ വില്ലേജുകളും കേന്ദ്ര സർക്കാർ 2026ലെ കരടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുബന്ധമായ മറ്റു വിശദീകരണങ്ങളോ, രേഖകളോ, മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെയ്തിരിക്കുന്നതുപോലെ, കേരളത്തിന്റെ കാര്യത്തിൽ, കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്താതെ പോയതും കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകളിലെ വൈരുധ്യം കാരണമാകാം. തെറ്റ് മനുഷ്യസഹജമാണ്. എന്നാൽ തെറ്റ് തിരുത്തുന്നതാണ് വിവേകം. സംസ്ഥാന സർക്കാർ ഈ വിവേകം കാട്ടുമെന്നു പ്രതീക്ഷിക്കാം.
Kerala
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷ മന്ത്രി ടി. സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽകും. 100 ടൺ സവാള എൻസിസിഎഫ് വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിന്റെ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തും. ബോധപൂർവം വില കൂട്ടാനായി ശ്രമം നടത്തിയാൽ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
നാസിക് ഉൾപ്പെടെയുള്ള മേഖലകളിൽ സവാള ഉത്പാദനം കുറഞ്ഞത് രാജ്യത്താകമാനം വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലംകോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
National
പനാജി: ശക്തമായ എതിർപ്പുയർന്നതോടെ ഗോവ സർക്കാർ നിർദിഷ്ട മതപരിവർത്തന നിരോധന ബിൽ മാറ്റിവച്ചു. നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബിൽ സഭയിൽ അവതരിപ്പിക്കാനിരുന്നതാണ്.
എന്നാൽ, സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഭരണപക്ഷത്തെ കത്തോലിക്കാ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബിൽ സഭയിൽ കൊണ്ടുവരേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.
നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും ഇത്തരം നിയമങ്ങൾ സംസ്ഥാനത്തെ സാമുദായിക സൗഹാർദത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ അംഗങ്ങൾ ഉൾപ്പടെ രംഗത്തു വന്നിരുന്നു.
ബലപ്രയോഗം അല്ലെങ്കിൽ വഞ്ചനയിലൂടെയുള്ള മതപരിവർത്തനത്തിനു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു കരട് ബിൽ.
അതേസമയം, സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സഭാ നേതൃത്വവും വിവിധ സംഘടനകളും ബിൽ താത്കാലികമായി മാറ്റിവയ്ക്കാതെ പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
ബിൽ നിലവിൽ പിൻവലിച്ചെങ്കിലും ഭാവിയിൽ ഇതു തിരുത്തലുകളോടെ വീണ്ടും അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
National
ന്യൂഡൽഹി: വിവിധ സർക്കാർ സ്ഥാപനങ്ങൾക്കെതിരേ കഴിഞ്ഞവർഷം 70,584 അഴിമതി പരാതികൾ ലഭിച്ചതായി കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) റിപ്പോർട്ട്. വിവിധ ബാങ്കുകൾക്കും റെയിൽവേയ്ക്കുമെതിരേയാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത്.
വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാർക്കു ലഭിച്ച ആകെ 70,584 പരാതികളിൽ 64,905 എണ്ണവും 2025 ഡിസംബർ 31ഓടെ അന്വേഷണം പൂർത്തിയാക്കി തീർപ്പാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാക്കിയുള്ള 5,679 പരാതികൾ അവസാനവട്ട നടപടിക്രമങ്ങളിലാണ്. എന്നാൽ 2,002 പരാതികൾ മൂന്നു മാസത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാർക്കാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ബാങ്കുകൾക്കെതിരേ ലഭിച്ച 9,933 പരാതികളിൽ 9,520 എണ്ണവും തീർപ്പാക്കി. രണ്ടാമതായി ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് റെയിൽവേയ്ക്കെതിരേയാണ്. 9,381 പരാതികളാണു ലഭിച്ചത്. ഇതിൽ 8,754 എണ്ണവും പരിഹരിച്ചിട്ടുണ്ട്.
ഭവന-നഗരകാര്യ മന്ത്രാലയം (6,531), ഡൽഹി ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (4,834) എന്നിവയാണ് കൂടുതൽ പരാതികൾ ലഭിച്ച മറ്റു പ്രധാന മേഖലകൾ.
ഇതിനുപുറമെ കൽക്കരി മേഖല (4,118), ധനകാര്യം (3,107), ഡൽഹി സർക്കാർ (2,804), പെട്രോളിയം മന്ത്രാലയം (2,722), ഡൽഹി പൊലീസ് (2,633) തുടങ്ങി തൊഴിൽ, പ്രതിരോധം, സ്റ്റീൽ, വകുപ്പുകൾക്കെതിരേയും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അഴിമതി കേസുകൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളുടെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകളാണ് ഇത്തരത്തിൽ നീട്ടിനൽകുന്നത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ലഹരിവസ്തുക്കൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ മൂന്ന് കോടതികൾ പ്രവർത്തനം ആരംഭിക്കുക.
ചേന്തിയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധ സംഭവങ്ങളിലും മുഖ്യമന്ത്രി വിശദീകരണം നൽകി. തന്നെ ആരും തടഞ്ഞിട്ടില്ലെങ്കിലും മോശമായ പെരുമാറ്റമാണ് അവിടെയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്നും, ചേന്തിയിലെ പരിപാടി നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നതായി പൊലിസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഒത്തുതീർപ്പ്. ചാൻസലറുടെയും സംസ്ഥാനസർക്കാരിന്റെയും പ്രതിനിധികൾ ഒപ്പുവച്ച ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിക്കു കൈമാറിയതോടെ വിസി നിയമനവുമായി ബന്ധപ്പെട്ടു ചാൻസലർകൂടിയായ ഗവർണർ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.
സുപ്രീംകോടതി സംഘടിപ്പിച്ച പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ 17നാണ് ചാൻസലറുടെയും സർക്കാരിന്റെയും പ്രതിനിധികൾ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചത്.
ചാൻസലർക്കുവേണ്ടി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയും സർക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമാണ് കരാറിൽ ഒപ്പുവച്ചത്.
സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥും തുടരുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സർവകലാശാല നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. കേസിൽ ഇരുവിഭാഗവും ഉന്നയിച്ച നിയമപരമായ വിഷയങ്ങളും വാദങ്ങളും ഭാവിയിൽ തുടരുമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
നേരത്തേ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംബറിൽ ഗവർണറും മുൻ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണു നിയമന തർക്കത്തിൽ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ചാൻസലർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു.
ഒത്തുതീർപ്പ് വ്യവസ്ഥകൾ ചാൻസലറും സർക്കാരും അംഗീകരിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനു സുപ്രീംകോടതിയിൽ സമാപനമായത്.
National
ന്യൂഡൽഹി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 27ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി.
അതേസമയം കേസ് മൂന്ന് വർഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ, സർക്കാർ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണ് വിജിലൻസ് കേസെടുത്തത്. 2021 നവംബറിൽ ഹൈക്കോടതി കേസ് റദ്ദാക്കി. 2023 ലാണ് ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
Kerala
കണ്ണൂർ: ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പയ്യന്നൂർ മാത്തിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനിമ ഇല്ലാതാക്കി ആർഎസ്എസിന് കീഴടങ്ങുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടകളാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ഉൾപ്പെടുത്തിയതും സ്വാതന്ത്ര്യദിന പരിപാടികളിൽ അത് നിർബന്ധമാക്കിയതും ഇതിന്റെ ഭാഗമാണ്.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നത് ആർഎസ്എസിന്റെ അജണ്ടയാണ്. മുമ്പ് ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നെങ്കിലും, സർക്കാർ മാറിയതോടെ ആ നിലപാടിൽ മാറ്റം വന്നു. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ തോന്നിയപോലെ ഇടപെടുകയാണെന്നും ഇതിനെതിരെ സർക്കാർ ശക്തമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ പയ്യന്നൂരിന്റെ ചരിത്രം പരാമർശിച്ച അദ്ദേഹം, മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നും, പാർട്ടിയുടെ എതിരാളികളുടെ കൈയിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ സർക്കാർ നിയമവശങ്ങളൊക്കെ പരിശോധിച്ച് പഠനം നടത്തും.
ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഈ സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചത്. നിലവിൽ ഈ വിഭാഗത്തിനു ദളിതരുടെ സംവരണവും കിട്ടുന്നില്ല, ക്രൈസ്തവരുടെ പ്രിവിലേജും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേരമ സാംബവ ഡെവലപ് മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു സിഎസ്ഡിഎസിനു കോളജ് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷം ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവർത്തനവും നടന്നില്ല. പക്ഷേ ഈ സർക്കാർ കോളജിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അതുവഴി ഉമ്മൻ ചാണ്ടിയോടും നീതി പുലർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം : സര്ക്കാര് സ്ഥാപനങ്ങള്ക്ക് വായ്പ എടുക്കുന്നതില് നിയന്ത്രണം ഏര്പ്പെടുത്തി ധന വകുപ്പ്. മുന് വായ്പകളുടെ ശരിയായ ഉപയോഗവും കണക്കും ലഭ്യമായതിനു ശേഷംമാത്രമേ പുതിയ വായ്പകള് എടുക്കുന്നതു പരിഗണിക്കൂ. കോര്പറേഷനുകള്, സ്വയംഭരണ സ്ഥാപനങ്ങള്, ഗ്രാൻഡ് ഇന് എയ്ഡ് സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള്, സര്ക്കാര് വായ്പകള് ലഭിച്ച മറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കാണ് സർക്കാർ നിയന്ത്രണം ബാധകം.
കഴിഞ്ഞ 17 ന് ധനകാര്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഇറക്കിയ സര്ക്കുലര് പ്രകാരം മുന് വായ്പകളുടെ ഉപയോഗത്തിന്റേയും തിരിച്ചടവിന്റേയും വിശദാംശങ്ങള്, യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റുകള്, ബില്ലുകള്, വൗച്ചറുകള് എന്നിവ അടിയന്തരമായി സമര്പ്പിക്കാന് നിര്ദേശം നല്കി.
പുതിയ വായ്പ അപേക്ഷ ഇതു പരിശോധിച്ച് ബോധ്യപ്പെട്ടാല് മാത്രമേ അനുവദിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. മുന്കാല വായ്പകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റുകള്, ബില്ലുകള്, വൗച്ചറുകള് എന്നിവ ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ചു ധന വകുപ്പിന് കൈമാറണം. ധന വകുപ്പ് വിശദമായി പരിശോധിച്ച് അംഗീകരിച്ചാല് മാത്രമേ പുതിയ വായ്പ എടുക്കാന് സര്ക്കാര് ഗ്യാരന്റി നല്കൂ.
ഇതുവരെ സര്ക്കാര് സ്ഥാപനങ്ങള് വായ്പ എടുക്കാന്, അതാതു വകുപ്പ് സെക്രട്ടറി വഴി, വകുപ്പ് മന്ത്രിക്കു ഫയൽ നല്കി , അതു മന്ത്രിസഭാ യോഗത്തില് വച്ചു പാസാക്കുകയും സര്ക്കാര് ഗ്യാരന്റി ലഭ്യമാക്കി വായ്പ എടുക്കുകയുമായിരുന്നു. എന്നാൽ പലപ്പോഴും ഈ തുക വിനിയോഗിക്കാതെ ബാങ്കുകളില് ഡിപ്പോസിറ്റ് ചെയ്യുകയും വായ്പയുടെ പലിശ അടയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റ് ധന വകുപ്പിന് കൈമാറാന് കാലതാമസമെടുത്തിരുന്നു. അതേ സമയം വ്യക്തമായ വൗച്ചറുകളോ ബില്ലുകളോ ധനവകുപ്പിന് കൈമാറുന്നുമില്ല. ഇതിനെ തുടര്ന്നാണ് ധന വകുപ്പ് വായ്പ എടുക്കുന്നതില് കടിഞ്ഞാണിടാന് തീരുമാനിച്ചത്.
ഒരു സ്ഥാപനം വായ്പയുടെ ഒരു ഭാഗം മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിൽ ബാക്കി തുക എന്തുകൊണ്ടാണ് ചെലവഴിക്കാത്തതെന്നു വിശദീകരിക്കണം. അനുവദനീയമായ ഉപയോഗ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് മുഴുവന് വായ്പ തുകയുടെയും ഉപയോഗ വിശദാംശങ്ങള് സമര്പ്പിക്കാന് സര്ക്കാര് സ്ഥാപനങ്ങള്ക്കു ധന വകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങള്ക്ക് അനുവദിച്ച വായ്പകള്, അവയുടെ വിനിയോഗം, തിരിച്ചടവ് എന്നിവ ട്രാക്ക് ചെയ്യുന്നതിനായി 2021 ഡിസംബറില് സര്ക്കാര് ലോണ് മോണിറ്ററിംഗ് ആന്ഡ് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. എന്നാല് അതു പരാജയപ്പെട്ടു. ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി വി.ഡി .സതീശന് നേരിട്ട് ഇടപെട്ടാണ് കര്ശന പരിശോധനയ്ക്കു തീരുമാനിച്ചത്.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.