ഹൈക്കോടതി
കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച സംസ്ഥാന വഖഫ് ബോർഡിന്‍റെ നിലവിലെ ഘടന നിയമപരമല്ലെന്നും അതിനാൽ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം കൃത്യമായി നിർണയിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. ഇത് പരിഹരിക്കാനാണ് പുനഃസംഘടനയ്ക്ക് തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സർക്കാരും ബന്ധപ്പെട്ട മറ്റ് കക്ഷികളും മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് ഇനി നാലാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കേരള വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2025-ലെ നിയമഭേദഗതി അനുസരിച്ച് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
Tags : Government HighCourt WaqfBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines