സുപ്രീം കോടതി
ന്യൂഡൽഹി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 27ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി.
അതേസമയം കേസ് മൂന്ന് വർഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ, സർക്കാർ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണ് വിജിലൻസ് കേസെടുത്തത്. 2021 നവംബറിൽ ഹൈക്കോടതി കേസ് റദ്ദാക്കി. 2023 ലാണ് ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
Tags : Government Corruption JacobThomas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs