മത്സാഹ്.
ഭക്ഷണപ്രേമികൾ പറയും; വിഭവങ്ങൾ ഏറെ വേണ്ട, രുചിയുള്ള ഒരു ചമ്മന്തി മതി എന്ന്! അതേ, രുചിയാണു പ്രധാനം. നാട്ടുമ്പുറത്തെ കടകളിലെ നാടൻ ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടലുകളിലെ രാജ്യാന്തര രുചിക്കൂട്ടുകൾ വരെ നമ്മുടെ നാട്ടിൽ സുലഭമാണ്. വിവിധ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന പാചകപാഠങ്ങൾ നവമാധ്യമങ്ങളിലും സുലഭമാണ്.
എന്നാൽ, സാമ്രാജ്യങ്ങളുടെ പതനത്തിനും മനുഷ്യന്റെ പലായനങ്ങൾക്കും കുടിയേറ്റങ്ങൾക്കും ശേഷം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട, ഇന്നും ഭക്ഷണമേശകളിൽ എത്തുന്ന ചില പുരാതന വിഭവങ്ങളുണ്ട്. രുചികരവും അതിലേറെ ആരോഗ്യകരവുമായ വിഭവങ്ങൾ. ബൈബിളിൽ അക്കാലത്തെ ദൈനംദിന ഭക്ഷണങ്ങളെക്കുറിച്ചും വിരുന്നുകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആയിരക്കണക്കിനു വർഷങ്ങൾക്കിപ്പുറവും ലോകമെമ്പാടുമുള്ള അടുക്കളകളിൽ ജനപ്രിയമായി തുടരുന്ന എത്രയോ വിഭവങ്ങൾ. 14 ബൈബിൾ വിഭവങ്ങളുടെ ചരിത്രം മനസിലാക്കാം.
1
ചുവന്ന പരിപ്പുകറി (Red Lentil Stew)
ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ ഏസാവ് തന്റെ കടിഞ്ഞൂൽ പുത്രനെന്ന ജന്മാവകാശം അനുജനായ യാക്കോബിന് ഒരു പാത്രം ചുവന്ന പരിപ്പുകറിക്ക് (Red pottage) പകരമായി വിറ്റ കഥ പ്രശസ്തമാണ്. ഷോർബത്ത് അദാസ് (Shorbat Adas) എന്നറിയപ്പെടുന്ന അതിരുചികരമായ പരിപ്പുകറി മധ്യപൂർവേഷ്യൻ ജനങ്ങളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. ബൈബിൾ കാലഘട്ടത്തിൽ സാധാരണക്കാരുടെ പ്രധാന പ്രോട്ടീൻ സ്രോതസായിരുന്നു ഈ പരിപ്പുകറി. സവാള, വെളുത്തുള്ളി, ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് വേവിച്ചെടുക്കുന്ന വിഭവം, ഇക്കാലത്ത് നാരങ്ങാനീരും ജീരകവും ചേർത്തു കൂടുതൽ സ്വാദിഷ്ടമായി കഴിക്കുന്നു.

2
മത്സാഹ് (Unleavened Bread/Matzah)
ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ സമയത്ത് ഇസ്രേലികൾക്കു മാവ് പുളിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. അങ്ങനെയാണ് പരന്നതും മൊരിഞ്ഞതുമായ മത്സാഹ് എന്ന അപ്പം തയാറാക്കിയത്. ജൂതന്മാരുടെ പെസഹാ പെരുന്നാളിന്റെ അവിഭാജ്യഘടകമായ ഈ അപ്പം, ആയിരക്കണക്കിനു വർഷങ്ങളായി പാരമ്പര്യം ഒട്ടും ചോരാതെ തയാറാക്കുന്ന വിഭവമാണ്. പുളിപ്പില്ലാത്ത അപ്പം ലാളിത്യം, വിശുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു.
3
ചരോസെറ്റ് (Charoset)
ഈജിപ്തിൽ അടിമകളായിരുന്ന കാലത്ത് ഇസ്രേലികൾ കട്ടകൾ പണിയാൻ ഉപയോഗിച്ച കുഴമ്പിനെ സ്മരിച്ചുകൊണ്ടാണ് ഈ വിഭവം തയാറാക്കുന്നത്. ആപ്പിൾ (അല്ലെങ്കിൽ ഈന്തപ്പഴം/ഈന്തപ്പഴ സിറപ്പ്), നട്സ്, വീഞ്ഞ്, കറുവപ്പട്ട എന്നിവ ചേർത്തുണ്ടാക്കുന്ന മധുരക്കൂട്ടാണിത്. ഇക്കാലത്ത് ഡെസേർട്ടായും ഈ വിഭവം ഉപയോഗിക്കുന്നുണ്ട്.
4
വറുത്ത ആട്ടിറച്ചി (Roasted Lamb with Bitter Herbs)
ബൈബിൾ കാലത്തെ ആഘോഷങ്ങളിലും ബലികളിലും പെസഹാ വിരുന്നുകളിലും പ്രധാന വിഭവം ആട്ടിറച്ചിയായിരുന്നു. തീയിൽ ചുട്ടെടുത്ത ആട്ടിറച്ചി കൈപ്പുള്ള സസ്യങ്ങളോടൊപ്പം കഴിക്കാനായിരുന്നു നിർദേശം. ഇന്ന് മെഡിറ്ററേനിയൻ, മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ വറുത്ത ആട്ടിറച്ചി വിരുന്നുകളിലെ അവിഭാജ്യ ഘടകമാണ്. ഈജിപ്തിൽ അടിമകളായി കഴിഞ്ഞനാളുകളിൽ ഇസ്രേലികൾ അനുഭവിച്ച കഠിനമായ കഷ്ടപ്പാടുകളുടെയും കണ്ണീരിന്റെയും പ്രതീകമായാണ് കയ്പുള്ള ഇലകൾ ഈ വിരുന്നിൽ ഉപയോഗിക്കുന്നത്.

5
വറുത്ത ധാന്യങ്ങൾ (Parched Grain)
റൂത്തിന്റെ പുസ്തകത്തിൽ വയലിലെ കൊയ്ത്തുകാലത്ത് വറുത്ത ധാന്യങ്ങൾ കഴിക്കാൻ നൽകുന്നതായി പരാമർശമുണ്ട്. ബാർലി അല്ലെങ്കിൽ ഗോതന്പ് ആയിരുന്നു വറുത്തു കഴിച്ചിരുന്നത്. ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയ വിഭവം, ഇന്നത്തെ സൂപ്പർഫുഡുകളുടെയും പ്രോട്ടീൻ ബാറുകളുടെയും പുരാതന രൂപമായി കണക്കാക്കാം. ഫ്രീക്ക (Freekeh) എന്ന പേരിൽ ഈ വിഭവം ഇന്നും സുലഭമാണ്.
6
തേൻ കേക്കുകൾ (Ash-Baked Honey Cakes)
ബൈബിളിൽ മന്നയുടെ രുചിയെ തേൻ ചേർത്ത അടകൾ (wafers with honey) എന്നാണ് വിശേഷിപ്പിക്കുന്നത്. അക്കാലത്ത് മധുരത്തിനായി ഉപയോഗിച്ചിരുന്നത് കാട്ടുതേനായിരുന്നു. മാവ്, എണ്ണ, തേൻ എന്നിവ ചേർത്ത് കനലിൽ ചുട്ടെടുക്കുന്ന ഈ അടകളുടെ ആധുനിക രൂപങ്ങളാണ് മെഡിറ്ററേനിയൻ മധുരപലഹാരങ്ങളായ ബക്ലാവ (Baklava), ലൂക്കൗമാഡെസ് (Loukoumades) എന്നിവ. ക്രൈസ്തവ വിശ്വാസപ്രകാരം മന്ന സ്വർഗത്തിൽ നിന്നുള്ള ജീവന്റെ അപ്പമായ യേശുക്രിസ്തുവിന്റെയും വിശുദ്ധ കുർബാനയുടെയും പ്രതീകമായാണ്.
7
ഫവ ബീൻസ് (Fava Beans)
മധ്യപൂർവേഷ്യയിൽ പതിനായിരം വർഷത്തിലേറെയായി കൃഷി ചെയ്യുന്ന ഒന്നാണ് ഫവ ബീൻസ്. ദാവീദ് രാജാവിനു നൽകിയ ഭക്ഷണസാധനങ്ങളുടെ പട്ടികയിൽ ഇവയെക്കുറിച്ച് പരാമർശമുണ്ട്. ഫവ ബീൻസ് ഒലിവ് ഓയിലും ജീരകവും ചേർത്ത് വേവിച്ചെടുക്കുന്ന ഫുൾ മെഡാമെസ് (Ful Medames) ഇന്നും ഈജിപ്തിലെയും സമീപ രാജ്യങ്ങളിലെയും പ്രധാന പ്രഭാതഭക്ഷണമാണ്.
8
മുന്തിരിയിലയിൽ പൊതിഞ്ഞ വിഭവങ്ങൾ (Stuffed Grape Leaves)
ബൈബിൾ കാലഘട്ടത്തിൽ മുന്തിരിത്തോട്ടങ്ങൾ കാർഷിക മേഖലയുടെ പ്രധാനഭാഗമായിരുന്നു. പഴങ്ങൾ മാത്രമല്ല, മുന്തിരിയുടെ ഇലകളും അവർ പാചകത്തിന് ഉപയോഗിച്ചു. അരി, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ പച്ച ഇലകളിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുന്ന ദോൽമ (Dolma) ഇന്നും ഗ്രീസ് മുതൽ ഇറാഖ് വരെയുള്ള രാജ്യങ്ങളിലെ ജനപ്രിയ വിഭവങ്ങളിലൊന്നാണ്.

9
എസെക്കിയേൽ റൊട്ടി (Ezekiel Bread)
എസെക്കിയേൽ 4:9-ൽ വ്യക്തമായ ഒരു പാചകക്കുറിപ്പ് തന്നെയുണ്ട്: ഗോതമ്പ് , യവം/ബാർലി, പയർ, കടല/നിലക്കടല, ചാമ, തിന എന്നിവ ചേർത്ത് അപ്പമുണ്ടാക്കുക. ഉപരോധത്തിന്റെയും കഷ്ടപ്പാടിന്റെയും കാലത്ത് കഴിച്ചിരുന്ന ഈ അപ്പം, ഇന്ന് ഉയർന്ന പ്രോട്ടീനും പോഷകഗുണങ്ങളുമുള്ള മികച്ച ആരോഗ്യകരമായ ഭക്ഷണമായി ലോകമെമ്പാടും ഉപയോഗിക്കുന്നു.
10
തൈരും മോരും (Curds and Whey / Labneh)
അബ്രഹാം ദൈവദൂതന്മാരെ ഉപചരിക്കുമ്പോൾ തൈരും പാലും നൽകിയതായി കാണാം. ആട്/പശുവിന്റെ പാലിൽനിന്നു വെള്ളം വറ്റിച്ചെടുത്തു തയാറാക്കുന്ന കട്ടിയുള്ള തൈരാണ് ലബ്നെ (Labneh). ബാക്ടീരിയൽ അഴുകൽ വഴി കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന തൈര് ഒലിവ് ഓയിലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു കഴിക്കാം. ഇക്കാലത്തും ഇതു ജനപ്രിയ വിഭവങ്ങളിലൊന്നാണ്.
11
മാതളനാരങ്ങയും വേനൽക്കാല പഴങ്ങളും (Pomegranates and Summer Fruits)
ബൈബിളിലെ ഏഴ് പ്രധാന വിളകളിൽ ഒന്നാണ് മാതളനാരങ്ങ. ഇതിന്റെ ചിത്രം പുരോഹിതന്മാരുടെ വസ്ത്രങ്ങളിൽ പോലും ആലേഖനം ചെയ്തിരുന്നു. മാതളനാരങ്ങ പച്ചയ്ക്കു കഴിക്കുന്നതിനു പുറമെ, അതിന്റെ നീര് കുറുക്കി നിർമിക്കുന്ന പോംഗ്രനേറ്റ് മൊളാസസ് (Pomegranate Molasses) പുരാതന കാലം മുതൽ ഇന്നത്തെ ഷെഫുമാർ വരെ വിഭവങ്ങൾ രുചികരമാക്കാൻ ചേർക്കുന്നു.
12
ഉണക്കിയ അത്തിപ്പഴവും ഈന്തപ്പഴവും (Stewed Figs and Dates)
പാലും തേനും ഒഴുകുന്ന നാട് എന്നതിലെ തേൻ പ്രധാനമായും ഈന്തപ്പഴത്തിൽനിന്നെടുക്കുന്ന സിറപ്പിനെയാണ് സൂചിപ്പിക്കുന്നത്. അത്തിപ്പഴവും ഈന്തപ്പഴവും ഉണക്കി കട്ടകളാക്കി മാറ്റുന്നത് അക്കാലത്തെ ആട്ടിടയന്മാർക്കും പടയാളികൾക്കും യാത്രകളിൽ പെട്ടെന്ന് ഊർജം നൽകുന്ന ഭക്ഷണമായിരുന്നു. അത്തിപ്പഴം ഇക്കാലത്തും പ്രിയപ്പെട്ട ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ്. നമ്മുടെ നാട്ടിലും സുലഭമായി ലഭിക്കും. ഔഷധാവശ്യങ്ങൾക്കായും ഉണക്കിയ പഴങ്ങൾ ഉപയോഗിച്ചിരുന്നതായി ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്.

13.
ഒലിവ് ഓയിൽ
ബൈബിൾ ഭക്ഷണസംസ്കാരത്തിന്റെ ആധാരശിലയാണ് ഒലിവ്. വെളിച്ചത്തിനും മരുന്നിനും ഭക്ഷണത്തിനും ഒലിവ് ഓയിൽ ഉപയോഗിച്ചിരുന്നു. പച്ചക്കറികൾ വേവിക്കാനും അപ്പങ്ങൾ ഉണ്ടാക്കാനും ഒലിവ് ഓയിൽ ധാരാളമായി ഉപയോഗിക്കുന്നു. വേനൽക്കാലത്ത് ചർമ സംരക്ഷണത്തിനായും കേശാരോഗ്യത്തിനും ജനങ്ങൾ ഒലിവ് ഓയിൽ ഉപയോഗിച്ചിരുന്നു. ഇസ്രയേലിലെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഒലിവ് ഓയിൽ. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഒലിവ് ആട്ടി എണ്ണയെടുത്തിരുന്ന അതേ പരമ്പരാഗത രീതിയിലാണ് ഇന്നും എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഉത്പാദിപ്പിക്കുന്നത്.
14
ചുട്ടെടുക്കുന്ന ഇറച്ചി വിഭവങ്ങൾ (Slow-Roasted Meats)
ധൂർത്തനായ പുത്രന്റെ ഉപമയിൽ; മകൻ തിരിച്ചെത്തുമ്പോൾ, പിതാവ് കൊഴുത്ത കാളക്കുട്ടിയെ അറുത്ത് വിരുന്നൊരുക്കാൻ ആവശ്യപ്പെടുന്നുണ്ട്. വലിയ ആഘോഷങ്ങളിൽ മാംസം മണ്ണുകൊണ്ടുള്ള അടുപ്പുകളിലോ തീയോടടുപ്പിച്ചോ മെല്ലെ ചുട്ടെടുക്കുന്ന രീതി നിലനിന്നിരുന്നു. കൂട്ടം ചേർന്ന് ഭക്ഷണം കഴിക്കുന്ന ഈ സംസ്കാരം ഇന്നും മധ്യപൂർവേഷ്യൻ നാടുകളിൽ പാരമ്പര്യത്തനിമയോടെ നിലനിൽക്കുന്നു. പുരാതനകാലത്ത് മൃഗങ്ങളെ മുഴുവനോടെ, മെല്ലെ റോസ്റ്റ് ചെയ്താണ് അതിഥി സത്കാരത്തിൽ വിശിഷ്ടവിഭവമായി ഉപയോഗിച്ചിരുന്നത്. അബ്രഹാമിന്റെ അതിഥി സത്കാരത്തിലും സോളമൻ രാജാവിന്റെ രാജകീയ വിരുന്നുകളിലും ചുട്ടെടുക്കുന്ന ഇറച്ചി പ്രധാനവിഭവമായിരുന്നു.
Tags : InternationalNews BiblicalDishes RedLentilStew Matzah Charoset RoastedLambwithBitter Herbs AshBakedHoneyCakes SlowRoastedMeats OliveOil