സോഫി അഡെനോ
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സുപ്രധാന അറ്റകുറ്റപ്പണികൾക്കായി രണ്ടു വനിതാ ബഹിരാകാശ യാത്രികർ നാളെ പുറത്തിറങ്ങും. നാസയുടെ ബഹിരാകാശ യാത്രിക ജസീക്ക മെയർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോ എന്നിവരാണ് ചരിത്രപ്രധാനമായ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്.
‘യുഎസ് സ്പേസ്വാക്ക് 99’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം നാളെ വൈകുന്നേരം ആറോടെ ആരംഭിക്കുകയും ഏകദേശം ആറര മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും.
ബഹിരാകാശ പേടകങ്ങൾ നിലയവുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനു സഹായിക്കുന്ന പ്രധാന നാവിഗേഷൻ ഉപകരണം മാറ്റി സ്ഥാപിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, വിവരവിനിമയ സംവിധാനങ്ങൾക്കുള്ള കേബിളുകൾ സ്ഥാപിക്കൽ, അഡ്വാൻസ്ഡ് കാമറ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ അറ്റകുറ്റപ്പണികളും ഇരുവരും ചേർന്ന് പൂർത്തിയാക്കും. ബഹിരാകാശ നിലയത്തിന്റെ നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ടു നടത്തുന്ന 284-ാമത്തെ ബഹിരാകാശ നടത്തമാണിത്.
ചരിത്രനേട്ടത്തിലേക്ക് ജസീക്ക മെയർ
ജസീക്ക മെയറുടെ ഏഴാമത്തെയും സോഫി അഡെനോയുടെ മൂന്നാമത്തെയും ബഹിരാകാശ നടത്തമാണിത്. ഇതോടെ നാസയിലെ വനിതാ ബഹിരാകാശ യാത്രികരിൽ ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം നടത്തുന്നവരുടെ പട്ടികയിൽ പെഗ്ഗി വിറ്റ്സൺ (10), സുനിത വില്യംസ് (9) എന്നിവർക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്ത് ജസീക്ക മെയർ എത്തും.
തത്സമയ സംപ്രേഷണം
ഇന്ത്യൻ സമയം നാളെ വൈകുന്നേരം 4.30 മുതൽ നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (nasa.gov/live) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഇതിന്റെ തത്സമയ സംപ്രേഷണം കാണാം.
Tags : Deepika DeepikaNewspaper BreakingNews Maintenance work at the International Space