ജി. പ്രിയങ്ക ഐഎഎസ്
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ താല്‍ക്കാലിക മാനേജിംഗ് ഡയറക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായ ജി പ്രിയങ്ക കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. മുന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഓഗസ്റ്റ് 30ന് ലോക്നാഥ് ബെഹ്റയുടെ ഔദ്യോഗിക കാലാവധി അവസാനിച്ചിരുന്നു. പുതിയ സ്ഥിരം എംഡിയെ സര്‍ക്കാര്‍ തീരുമാനിക്കുന്നതു വരെയാണ് ജി. പ്രിയങ്ക ചുമതലയില്‍ തുടരുക. 2021 ഓഗസ്റ്റിലാണ് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡിയായി ചുമതലയേറ്റത്. രണ്ടു തവണ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനും വാട്ടര്‍ മെട്രോ പദ്ധതിക്കായുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബെഹ്റയുടെ കാലാവധി നീട്ടി നല്‍കിയത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരുടെ പേരുകള്‍ ബെഹ്റയ്ക്ക് പകരമായി സര്‍ക്കാര്‍ പരഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
Tags : G Priyanka Interim MD Kochi Metro Ernakulam District Collector