നാൻസി ഗ്രേസ് റോമൻ
ഫ്ലോറിഡ: പ്രപഞ്ചത്തിന്റെ നിഗൂഢതകളുടെ ചുരുളഴിക്കാൻ ശേഷിയുള്ള അത്യാധുനിക ബഹിരാകാശ നിരീക്ഷണശാലയായ ‘നാൻസി ഗ്രേസ് റോമൻ’ സ്പേസ് ടെലിസ്കോപ്പ് നാസ വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ 7.26നാണ് സ്പേസ് എക്സിന്റെ ശക്തിയേറിയ ‘ഫാൽക്കൺ ഹെവി’ റോക്കറ്റിൽ ടെലിസ്കോപ്പ് കുതിച്ചുയർന്നത്.
ശാസ്ത്രലോകം ‘ഡിസ്കവറി മെഷീൻ’ എന്നു വിശേഷിപ്പിക്കുന്ന ഈ ടെലിസ്കോപ്പ് പ്രപഞ്ചത്തെക്കുറിച്ച് നിലവിലുള്ള കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രപഞ്ചത്തിലെ അതിസൂക്ഷ്മവും മങ്ങിയതുമായ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഈ പേടകം.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രപഞ്ചത്തിന്റെ വേഗമേറിയ വികാസത്തിനു കാരണമാകുന്ന ‘ഡാർക്ക് എനർജി’, പ്രപഞ്ചത്തിനു ഘടന നൽകുന്നതും എന്നാൽ അദൃശ്യമായി തുടരുന്നതുമായ ‘ഡാർക്ക് മാറ്റർ’ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകാൻ റോമൻ ടെലിസ്കോപ്പിന് സാധിക്കും.
ഇതിനു പുറമെ, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഗാലക്സികൾ, സൗരയൂഥത്തിനു പുറത്തുള്ള ബാഹ്യഗ്രഹങ്ങൾ, യാതൊരു നക്ഷത്രത്തെയും ചുറ്റാതെ ബഹിരാകാശത്തു സ്വതന്ത്രമായി സഞ്ചരിക്കുന്ന ‘റോഗ് പ്ലാനറ്റുകൾ’ എന്നിവയെയും കണ്ടെത്താൻ ഈ ടെലിസ്കോപ്പിനു സാധിക്കും.
ഹബ്ബിളിനേക്കാൾ നൂറു മടങ്ങ് ശേഷി
നാസയുടെ പ്രശസ്തമായ ഹബ്ബിൾ ടെലിസ്കോപ്പിനേക്കാൾ നൂറു മടങ്ങ് വിശാലമായ ദൃശ്യം ഒരേസമയം പകർത്താൻ ഇതിലെ ‘വൈഡ് ഫീൽഡ് ഇൻസ്ട്രുമെന്റിന്’ ശേഷിയുണ്ട്. ഹബ്ബിളിനേക്കാൾ ആയിരം മടങ്ങിലധികം വേഗത്തിൽ പ്രപഞ്ച സർവേ നടത്താൻ റോമന്‍ സാധിക്കുമെന്നതിനാൽ നിലവിലുള്ള ടെലിസ്കോപ്പുകൾക്ക് സാധ്യമാകാത്ത വേറിട്ട നിരീക്ഷണങ്ങൾക്ക് ഇത് വഴിയൊരുക്കും.
‘ഹബ്ബിളിന്റെ മാതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന, പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ ഡോ. നാൻസി ഗ്രേസ് റോമന്റെ ഓർമയ്ക്കായാണ് ഈ ടെലിസ്കോപ്പിന് പേരു നൽകിയിരിക്കുന്നത്. ഒരു ബസിന്റെ വലിപ്പമുള്ള ഈ ടെലിസ്കോപ്പിൽ ‘കൊറോണഗ്രാഫ്’ എന്ന സങ്കീർണമായ ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. റോമൻ ടെലിസ്കോപ്പ് പ്രപഞ്ചത്തിന്റെ ഒരു പുതിയ ഭൂപടംതന്നെ സമ്മാനിക്കുമെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെദ് ഐസക്മാൻ പറഞ്ഞത്.
ലക്ഷ്യം ‘ലഗ്രാഞ്ച് പോയിന്റ് 2’
ഭൂമിയിൽനിന്ന് ഏകദേശം 16 ലക്ഷം കിലോമീറ്റർ (ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലു മടങ്ങോളം) അകലെയുള്ള ‘ലഗ്രാഞ്ച് പോയിന്റ് 2’ (L2) ലേക്കാണ് ‘നാൻസി ഗ്രേസ് റോമൻ’ സഞ്ചരിക്കുന്നത്. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമായി നിൽക്കുന്ന ഈ ഭ്രമണപഥത്തിലെത്താൻ മൂന്നു മാസമെടുക്കും. ജെയിംസ് വെബ് ടെലിസ്കോപ്പും നിലവിൽ ഈ ഭ്രമണപഥത്തിലാണു പ്രവർത്തിക്കുന്നത്.
യാത്രയ്ക്കിടെ പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ‘കമ്മീഷനിംഗ് ’ ഘട്ടവും വാർത്താവിനിമയത്തിനുള്ള പ്രധാന ആന്റിന തുറക്കുന്നതും പൂർത്തിയാക്കും.
പഠനം ആരംഭിക്കുന്നതോടെ പ്രതിദിനം ഒരു ടെറാബൈറ്റ് ഡാറ്റയും ഉയർന്ന ഗുണനിലവാരമുള്ള ചിത്രങ്ങളും ടെലിസ്കോപ്പ് ഭൂമിയിലേക്ക് അയയ്ക്കും. 16 ലക്ഷം കിലോമീറ്റർ അകലെനിന്ന് ഒരേസമയം പത്തുലക്ഷം പാട്ടുകൾ ഭൂമിയിലേക്ക് സ്ട്രീം ചെയ്യുന്നതിന് തുല്യമായ വിവരശേഖരണമാണിതെന്ന് നാസ ശാസ്ത്രജ്ഞനായ ജെറമി പെർകിൻസ് വ്യക്തമാക്കി.
ഏകദേശം 430 കോടി ഡോളർ ( 35,000ത്തിലധികം കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി കഴിഞ്ഞ പത്തു വർഷത്തോളമായി വികസനഘട്ടത്തിലായിരുന്നു. 16 വർഷം മുമ്പ് ശാസ്ത്രലോകം വലിയ പ്രാധാന്യം നൽകി രൂപകല്പന ചെയ്ത ഈ ദൗത്യം വിജയകരമായി വിക്ഷേപിച്ചതോടെ പുതിയ പ്രപഞ്ചസത്യങ്ങൾ തെളിയുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഗവേഷകർ.
വിക്ഷേപണം:
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ് എക്സിന്റെ
"ഫാല്‍ക്കണ്‍ ഹെവി' റോക്കറ്റിലാണ്
ടെലിസ്കോപ്പ് വിക്ഷേപിച്ചത്.
പ്രധാന ലക്ഷ്യം:ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, പുതിയ ഗാലക്സികള്‍, ബാഹ്യഗ്രഹങ്ങള്‍, റോഗ് പ്ലാനറ്റുകള്‍ എന്നിവയുടെ പഠനം.
പ്രത്യേകതകള്‍: ഹബ്ബിള്‍ ടെലിസ്കോപ്പിനേക്കാള്‍ നൂറു മടങ്ങ് വിശാലമായ ദൃശ്യം പകര്‍ത്താന്‍ ശേഷി. ഭൂമിയില്‍നിന്ന് 16 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള 'ലഗ്രാഞ്ച് പോയിന്റ് 2' (L2) ലേക്കാണ് യാത്ര.
ചെലവ്: ഏകദേശം 430 കോടി ഡോളര്‍.
Tags : Deepika DeepikaNewspaper BreakingNews NASA’s Discovery Machine