ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഒരു കേന്ദ്രത്തില്‍ ഒഴികെ നീറ്റ് പിജി പരീക്ഷ പൂര്‍ത്തിയായി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ (എന്‍ബിഇഎംഎസ്) കീഴിലുള്ള പരീക്ഷ തത്സമയ നിരീക്ഷണസംവിധാനങ്ങളും ശക്തമായ സുരക്ഷകളും ഒരുക്കിയായിരുന്നു നടത്തിയത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 339 നഗരങ്ങളിലായി 1,111 പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയത് 2,65,980 വിദ്യാര്‍ഥികളാണ്. പരീക്ഷയ്ക്ക് ആകെ അപേക്ഷിച്ചിരുന്നത് 2,73,096 വിദ്യാര്‍ഥികളായിരുന്നു.
പരീക്ഷാനടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനായി 2,527 ഫാക്കല്‍റ്റി അംഗങ്ങളെയായിരുന്നു നിയമിച്ചിരുന്നത്. കൂടാതെ, ഡീന്മാര്, ഡയറക്ടര്‍മാര്‍, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, സീനിയര്‍ പ്രഫസര്‍മാര്‍ എന്നിവരുള്‍പ്പെടെ 700ലധികം മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങളെ ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങളായും നിയോഗിച്ചിരുന്നു.
പരീക്ഷാകേന്ദ്രങ്ങളില്‍ ലൈവ് സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. സിസിടിവിയിലൂടെ ന്യൂഡല്‍ഹിയിലെ എന്‍ബിഇഎംഎസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍നിന്നു തത്സമയ നിരീക്ഷണവുമുണ്ടായിരുന്നു. തത്സമയ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി നിയോഗിച്ചിരുന്നത് എന്ബിഇഎംഎസില്നിന്നും പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ ടിസിഎസില്നിന്നുമുള്ള 190 ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയായിരുന്നു.
ജയ്പുരിൽ നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതിതടസം
ജയ്പുർ: നീറ്റ്-പിജി പരീക്ഷയ്ക്കിടെ ജയ്പുരിലെ രണ്ടു പരീക്ഷാകേന്ദ്രങ്ങളിലുണ്ടായ വൈദ്യുതിതടസം വൻ സംഘർഷത്തിനു വഴിതെളിച്ചു. സംഭവത്തിനു പിന്നാലെ തടസം നേരിട്ട വിദ്യാർഥികൾക്ക് സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തുമെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് അറിയിച്ചു.
ജയ്പുർ സീതാപുരിലുള്ള രണ്ടു പരീക്ഷാകേന്ദ്രങ്ങളിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഞായറാഴ്ച പരീക്ഷ തുടങ്ങിയതു മുതൽ കംപ്യൂട്ടറുകൾ അടിക്കടി ഓഫായതു പ്രശ്നങ്ങൾക്കു കാരണമായി. ഏഴു തവണ വരെയാണ് കംപ്യൂട്ടറുകൾ ഓഫായത്. പരീക്ഷകേന്ദ്രത്തിനുള്ളിൽ ഉണ്ടായ വൈദ്യുതി തടസമാണു സാങ്കേതിക പ്രശ്നത്തിനു കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NEET PG exam concludes